
ദി ലേഡി ഓഫ് ദി ലെൻസ്ബറോ’ എന്ന വിളിപ്പേര് കേൾക്കുമ്പോൾ ഒരു പ്രശസ്ത വ്യക്തിയെയാണ് ഓർമ്മ വരികയെങ്കിൽ തെറ്റി. ഇത് പൂച്ചകളുടെ ലോകത്തെ ഒരു രാജകുമാരിയെക്കുറിച്ചാണ് – പേര് ലിലിബെറ്റ്. നമ്മൾ മനുഷ്യർക്ക് പോലും സങ്കൽപ്പിക്കാൻ കഴിയാത്തത്ര ആഡംബരപൂർണ്ണമായ ജീവിതമാണ് ഈ സൈബീരിയൻ പൂച്ചയുടേത്.
ലണ്ടനിലെ ഹൈഡ് പാർക്കിനടുത്തുള്ള പ്രശസ്തമായ പഞ്ചനക്ഷത്ര ആഢംബര ഹോട്ടലായ ‘ദി ലെൻസ്ബറോ’വാണ് ലിലിബെറ്റിന്റെ വാസസ്ഥലം. വളരെ ചെറിയ പ്രായത്തിൽ ഇംഗ്ലണ്ടിൽ വെച്ച് ഹോട്ടലുടമകൾ അവളെ തങ്ങളുടെ കൂടെ കൂട്ടിയതാണ്. ബക്കിങ്ഹാം കൊട്ടാരത്തോട് അടുത്താണ് ഹോട്ടൽ എന്നതിനാൽ, എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരായ ‘ലിലിബെറ്റ്’ തന്നെ അവർ ഈ പൂച്ചയ്ക്ക് നൽകി.
ഒരു രാജകുമാരിയെപ്പോലെയാണ് ലിലിബെറ്റിന്റെ ജീവിതം. ലോകത്തിലെ ഏറ്റവും വിലയേറിയ വിഭവങ്ങളിൽ ഒന്നായ കാവിയാർ ആണ് അവളുടെ പ്രധാന ഭക്ഷണം. കൂടാതെ, കഴുത്തിൽ സ്വർണ്ണ ചെയിനും അവൾ അണിയുന്നു. ലിലിബെറ്റിനെ പരിപാലിക്കാനായി എപ്പോഴും ഒരു പ്രത്യേക സംഘം തന്നെ ഹോട്ടലിൽ സജ്ജമാണ്.
ഹോട്ടലിലെ ഏത് സന്ദർശകർക്കൊപ്പവും എവിടെ വേണമെങ്കിലും ലിലിബെറ്റിന് കറങ്ങിനടക്കാം. എങ്കിലും, ചില അതിഥികളുടെ എതിർപ്പ് കാരണം ഭക്ഷണശാലയിൽ മാത്രം അവൾക്ക് പ്രവേശനമില്ല. ഹോട്ടലിന്റെ മറ്റ് ഭാഗങ്ങളിൽ ഈ പൂച്ച രാജകുമാരിയെ കാണാം.
ലിലിബെറ്റിന് ആരാധകർ ഏറെയാണ്. ഈ പ്രശസ്തയായ പൂച്ചയെ കാണാൻ വേണ്ടി മാത്രം ലെൻസ്ബറോ ഹോട്ടലിൽ എത്തുന്നവരുമുണ്ട്. പലരും അവൾക്കൊപ്പം ചിത്രങ്ങളും വീഡിയോകളും എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഈ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലാവാറുമുണ്ട്.











