വാവൂട്ടാ എന്ന വിളി കേട്ട് ചാടി എഴുന്നേറ്റു”; കൊല്ലം സുധിയെ ഓർത്ത് വികാരഭരിതയായി രേണു സുധി

അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ്. സുധിയുടെ വിയോഗത്തിന് ശേഷം അഭിനയരംഗത്തേക്കും ബിഗ് ബോസിലേക്കും രേണു എത്തിയതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഈ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്നതിനിടെ, തന്റെ ഭർത്താവിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ചുകൊണ്ട് രേണു രംഗത്തെത്തിയിരിക്കുകയാണ്.

യാത്രയ്ക്കിടെ ഉറങ്ങിപ്പോയപ്പോൾ സുധിച്ചേട്ടൻ വിളിച്ചുണർത്തുന്നതായി തനിക്ക് തോന്നിയെന്നാണ് രേണു ഒരു വീഡിയോയിലൂടെ പറയുന്നത്.

“ഞാൻ ബസിൽ യാത്ര ചെയ്യുകയായിരുന്നു. സമയം വെളുപ്പിനെ രണ്ടോ മൂന്നോ മണി ആയിക്കാണും. ഞാൻ നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്ന് ‘വാവൂട്ടാ’ എന്ന വിളി കേട്ട് ഞാൻ ചാടി എഴുന്നേറ്റു. ബസിന്റെ കർട്ടൻ മാറ്റി നോക്കിയപ്പോൾ കൃത്യമായി ചങ്ങനാശ്ശേരി എത്തിയിരുന്നു. ആ സംഭവം എനിക്ക് വല്ലാതെ ഫീൽ ആയി. ആ സമയം എന്നെ വിളിച്ചുണർത്തിയത് സുധിച്ചേട്ടൻ തന്നെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്,” രേണു പറഞ്ഞു.

ഈ സംഭവം വീട്ടിൽ ചെന്ന് എല്ലാവരോടും പറഞ്ഞതായും രേണു വെളിപ്പെടുത്തി. “ആത്മാവിൽ വിശ്വസിക്കുന്നവരും അല്ലാത്തവരും ഉണ്ടാവാം. പക്ഷേ, ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ ഞാൻ എഴുന്നേൽക്കാതെയാവുമ്പോൾ സുധിച്ചേട്ടൻ തന്നെയാണ് എന്നെ വിളിച്ചുണർത്തുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. സുധിച്ചേട്ടന് ഒരിക്കലും ഞങ്ങളെ വിട്ടുപോകാൻ കഴിയില്ല. നമ്മളിൽ ഭൂരിഭാഗം പേരും ആത്മാവിൽ വിശ്വസിക്കുന്നവരാണ്. അങ്ങനെയൊന്നും പോകില്ല. ഞാനും എന്റെ മക്കളും കുടുംബവും സന്തോഷിക്കുന്നത് കാണാനാണ് സുധിച്ചേട്ടന് ഇഷ്ടം,” രേണു വീഡിയോയിൽ കൂട്ടിച്ചേർത്തു.