
കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തിൽ, ആ കുടുംബവുമായുള്ള അരനൂറ്റാണ്ട് നീണ്ട ആത്മബന്ധം ഓർത്തെടുത്ത് അന്തരിച്ച സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ. മോഹൻലാൽ എന്ന നടൻ ജനിക്കുന്നതിനും മുൻപേ തുടങ്ങിയതാണ് പത്മരാജന്റെ കുടുംബവും ലാലിന്റെ കുടുംബവും തമ്മിലുള്ള സൗഹൃദമെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.
അരനൂറ്റാണ്ടിന്റെ സൗഹൃദം 1977-ൽ തിരുവനന്തപുരത്തെ ജഗതിയിലുള്ള ഒരു ബന്ധുവീട്ടിൽ വെച്ചാണ് പത്മരാജനും ഭാര്യ രാധാലക്ഷ്മിയും മോഹൻലാലിന്റെ മാതാപിതാക്കളെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ ലോ സെക്രട്ടറിയായിരുന്നു. ലാൽ അന്ന് സിനിമയിൽ എത്തിയിരുന്നില്ല. പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയും ശാന്തകുമാരിയും അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് ഗാഢമായ ഒരു ബന്ധമായി മാറുകയായിരുന്നു.
തൂവാനത്തുമ്പികളുടെ സെറ്റിലെ ആ നിമിഷം പത്മരാജൻ ചിത്രം ‘തൂവാനത്തുമ്പികളുടെ’ ഷൂട്ടിംഗ് സെറ്റിൽ ശാന്തകുമാരി എത്തിയ അപൂർവ്വ നിമിഷവും അനന്തപത്മനാഭൻ പങ്കുവെച്ചു. മകൻ വെള്ളിത്തിരയിൽ തിളങ്ങുന്നത് കാണുന്നതിന് പകരം, രാധാലക്ഷ്മിക്കൊപ്പം കോളേജ് വരാന്തയിലിരുന്ന് ‘ലാലുവിന്റെ വിവാഹക്കാര്യങ്ങൾ’ സംസാരിക്കാനായിരുന്നു അവർക്ക് താല്പര്യം. അത്രമേൽ ലാളിത്യമുള്ള ഒരു വ്യക്തിത്വമായിരുന്നു ശാന്തകുമാരിയുടേത്.
അവസാന കൂടിക്കാഴ്ച കഴിഞ്ഞ മെയ് മാസത്തിൽ ശാന്തകുമാരിയെ കണ്ടപ്പോഴുള്ള അനുഭവവും അനന്തപത്മനാഭൻ കുറിച്ചിട്ടുണ്ട്. അന്ന് തന്റെ കൈ പിടിച്ചു ഉമ്മ വെച്ചതും, പിരിഞ്ഞു പോകുമ്പോൾ സങ്കടത്തോടെ നോക്കി നിന്നതും കണ്ണുനിറയ്ക്കുന്ന ഓർമ്മയാണെന്ന് അദ്ദേഹം പറയുന്നു. “അഞ്ചു മാസം മുൻപ് കണ്ടതിനേക്കാൾ സന്തോഷവതിയായിരുന്നു അവർ അന്ന്. ഭജനുകൾ പാടുകയും തമാശകൾ പറയുകയും ചെയ്തു. മോഹൻലാലിന്റെ ഉള്ളിലെ ആ കുസൃതിയുടെ ഉറവിടം എവിടെയാണെന്ന് അന്ന് എനിക്ക് മനസ്സിലായി”– അനന്തപത്മനാഭൻ കുറിച്ചു.
ശാന്തകുമാരിയുടെ എൺപതാം പിറന്നാളിന് ക്ഷണിക്കപ്പെട്ട ഏറ്റവും അടുത്ത മൂന്ന് സുഹൃത്തുക്കളിൽ ഒരാൾ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയായിരുന്നു. ഈ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കേവലം സിനിമാ സൗഹൃദത്തിന് അപ്പുറം ആഴമുള്ളതായിരുന്നുവെന്ന് അനന്തപത്മനാഭന്റെ വാക്കുകൾ അടിവരയിടുന്നു.











