കേരളത്തിന് രണ്ട് അമൃത് ഭാരത് എക്സ്പ്രസുകൾ; ഹൈദരാബാദ്, ചെന്നൈ യാത്ര ഇനി വേഗത്തിൽ

കാത്തിരിപ്പിനൊടുവിൽ കേരളത്തിന് രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ റൂട്ടുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം–ഹൈദരാബാദ്, തിരുവനന്തപുരം–താംബരം (ചെന്നൈ) റൂട്ടുകളിലാണ് പുതിയ സർവീസുകൾ നടത്തുക. കേന്ദ്ര മന്ത്രി ജോർജ് കുര്യനാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം മുതൽ ഹൈദരാബാദിലേക്കും ചെന്നൈയിലെ താംബരത്തിലേക്കുമുള്ള അമൃത് ഭാരത് ട്രെയിനുകൾക്ക് അനുമതി നൽകിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ചുകൊണ്ട് ജോർജ് കുര്യൻ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. ഈ തീരുമാനത്തിലൂടെ കേരളത്തിലെ ജനങ്ങളുടെ ദീർഘദൂര യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗുരുവായൂർ റൂട്ടിൽ പാസഞ്ചർ ട്രെയിൻ അനുവദിച്ചതിന് പിന്നാലെയാണ് അമൃത് ഭാരത് സർവീസുകളും പ്രഖ്യാപിച്ചത്. മുമ്പ് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോഴും കേരളത്തിന് പുതുതായി ഒന്നുമില്ലെന്നത് വ്യാപക ചർച്ചയായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പട്ടികയിൽ കേരളത്തിന് രണ്ട് സർവീസുകൾ ഉൾപ്പെടുത്തിയത്. ട്രെയിൻ പ്രഖ്യാപന വിവരം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും റെയിൽവേ മന്ത്രി അറിയിച്ചു.

ജനങ്ങളുടെ യാത്രാസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎ സർക്കാരിനാണ് കഴിവുള്ളതെന്നും കേരളത്തിന് പുതിയ ട്രെയിനുകൾ അനുവദിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദിയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മുൻപ് കേരളത്തിന് മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ ലഭിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഹൈദരാബാദ്, താംബരം സർവീസുകൾക്ക് പുറമെ നാഗർകോവിൽ–മംഗളൂരു റൂട്ടും പരിഗണനയിലുണ്ടെന്നായിരുന്നു വിവരം. എന്നാൽ പുതിയ പട്ടികയിൽ ആ സർവീസ് ഉൾപ്പെട്ടിട്ടില്ല.

തിരുവനന്തപുരം–ഹൈദരാബാദ് അമൃത് ഭാരത്
ഐടി മേഖലയിലുള്‍പ്പെടെ ജോലി ചെയ്യുന്ന മലയാളികൾക്കും തീർഥാടന യാത്രക്കാർക്കും ഈ സർവീസ് ഏറെ പ്രയോജനപ്പെടും. നിലവിലുള്ള ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം–താംബരം അമൃത് ഭാരത്
ചെന്നൈ നഗരത്തിലേക്കും തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ഈ സർവീസ് ആശ്വാസമാകും. പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാൻ ഈ റൂട്ട് സഹായകമാകുമെന്നാണ് വിലയിരുത്തൽ.

വന്ദേ ഭാരത് ട്രെയിനുകൾക്ക് സമാനമായ വേഗതയും, സാധാരണ യാത്രക്കാർക്ക് കൈവശം വയ്ക്കാവുന്ന ടിക്കറ്റ് നിരക്കുമാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ പ്രധാന സവിശേഷത. പരമാവധി മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനുകളാണിവ.