പിണക്കങ്ങൾ പഴങ്കഥ; തൃഷയും നയൻതാരയും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലാകുന്നു

ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർ സ്റ്റാറുകളായ നയൻതാരയും തൃഷയും തമ്മിലുള്ള ശത്രുതയെക്കുറിച്ചുള്ള വാർത്തകൾ വർഷങ്ങളായി കോളിവുഡിൽ സജീവമായിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ദുബായിൽ ഒരു ആഡംബര നൗകയിൽ സൂര്യാസ്തമയം ആസ്വദിക്കുന്ന താരങ്ങളുടെ ചിത്രങ്ങളാണ് നയൻതാര തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.

രണ്ടുപേരും കറുത്ത വസ്ത്രമണിഞ്ഞ് ഏറെ സന്തോഷത്തോടെയിരിക്കുന്ന ചിത്രങ്ങൾ കണ്ട് ആദ്യം പലരും ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിർമ്മിതമായ ചിത്രങ്ങളാണെന്നാണ് കരുതിയത്. എന്നാൽ നയൻതാര തന്നെ ഔദ്യോഗികമായി ചിത്രം പങ്കുവെച്ചതോടെ ആരാധകർ ആവേശത്തിലായി. ‘തൃഷ ഇല്ലെങ്കിൽ നയൻതാര’ എന്ന സിനിമയുടെ പേര് പരാമർശിച്ചുകൊണ്ട്, ‘ഇപ്പോൾ തൃഷയും നയൻതാരയും ഒപ്പമുണ്ട്’ എന്നാണ് ആരാധകർ ചിത്രത്തിന് താഴെ കുറിക്കുന്നത്.

കരിയറിന്റെ തുടക്കകാലം മുതൽ ഇരുവരും തമ്മിൽ കടുത്ത മത്സരമുണ്ടായിരുന്നുവെന്നും പലപ്പോഴും പരസ്പരം സംസാരിക്കാറില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻപ് നൽകിയ അഭിമുഖങ്ങളിൽ നയൻതാര തന്നെ തങ്ങൾക്കിടയിൽ ചില പിണക്കങ്ങൾ ഉണ്ടായിരുന്നതായി സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പഴയ പിണക്കങ്ങളെല്ലാം മറന്ന് പ്രിയ താരങ്ങൾ ഒന്നിച്ചെത്തിയത് തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് വലിയൊരു സർപ്രൈസായി മാറി. നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഈ ചിത്രങ്ങൾ ലൈക്ക് ചെയ്യുകയും പങ്കുവെക്കുകയും ചെയ്തത്.