ഒരു പ്ളേറ്റ് ചോറിന് 318 രൂപ; കോഹ്ലിയുടെ റെസ്റ്റോറന്റിലെ മെനു കണ്ടോ..

ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോഹ്ലിയുടെ മുംബൈയിലെ ജുഹുവിലെ റെസ്റ്റോറന്‍റിലെ വില കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.

വണ്‍8′ കമ്മ്യൂണ്‍ എന്ന ഒരു റെസ്റ്റോറന്റ് ശൃംഖല ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെതാണ്. വർഷങ്ങൾക്ക് മുമ്പാണ് വൺ8 കമ്മ്യൂൺ റെസ്റ്റോറന്റ് ശൃംഖലയിലൂടെയാണ് കോഹ്ലി ഹോട്ടൽ ബിസിനസ് രംഗത്തേക്ക് കടന്നത്. അന്തരിച്ച ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ ബംഗ്ലാവും കോഹ്ലി റെസ്‌റ്റോറന്റാക്കി മാറ്റിയിരുന്നു.

2022ലാണ് ഔട്ട് ലറ്റ് തുറന്നത്. റെസ്‌റ്റോറന്റിന്റെ ഇന്റീരിയൽ വർക്കുകളും രൂപകൽപ്പനയുമെല്ലാം നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ റെസ്റ്റോറന്റിലെ ഭക്ഷണങ്ങളുടെ വിലയും പുറത്ത് വരികയാണ്.

മെനു പ്രകാരം ഒരു പാത്രം ആവിയില്‍ വേവിച്ച ചോറിനു 318 രൂപയാണ് വില, ഫ്രൈഡ് റൈസിന് 348 രൂപ വിലയുണ്ട്. തന്തൂരി റൊട്ടിക്കും ബേബി നാനിനും 118 രൂപ നല്‍കണം. ബേബി ചീസ് നാന്‍ 218 രൂപയാണ് വില. മധുരപലഹാരങ്ങളില്‍, മാസ്‌കാര്‍പോണ്‍ ചീസ് കേക്കിന്റെ വില 748 രൂപയാണ്. വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണത്തിന് പോലും 518 രൂപ മുതല്‍ 818 രൂപ വരെയാണ്.

ലഖ്നൗവി ദം ലാംബ് ബിരിയാണിക്ക് 978 രൂപ നല്‍കണം. സൂപ്പര്‍ ഫുഡ് സലാഡിന് 748 രൂപയാണ് വില. മലബാറി ചെമ്മീന്‍ കറിയും ഗോവന്‍ ചെമ്മീന്‍ കറിയും 1018 രൂപയാണ്. സൂപ്പുകള്‍ക്ക് 518 രൂപയും. ഗ്രില്‍ഡ് ഫിഷിന് 1018 രൂപ നല്‍കണം. ചിക്കന്‍ ചെട്ടിനാട് 878 രൂപയ്ക്ക് ലഭിക്കും. ഡെസേര്‍ട്ടുകളില്‍ ‘കിങ് കോലി’ എന്നു പേരുള്ള ഒരു ഇനമുണ്ട്. 818 രൂപയാണ് ഇതിന്റെ വില. മെനുവിലെ ഏറ്റവും വിലയേറിയ വിഭവം ലാംബ് ഷാങ്കിന്റെ വലിയ പ്ലേറ്റാണ്. 2,318 രൂപയാണ് ഇതിന്.