ആഭരണ പ്രേമികൾക്ക് നെഞ്ചിടിപ്പ്; സ്വർണവിലയിൽ വൻ തിരിച്ചുകയറ്റം

സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡുകൾ ഭേദിച്ച് വീണ്ടും കുതിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തോളം സ്വർണവിലയിൽ നേരിയ കുറവും ആശ്വാസകരമായ ഇടിവും രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ഇന്ന് വിപണി തുറന്നപ്പോൾ വിലയിൽ വൻ തിരിച്ചുകയറ്റമാണ് ഉണ്ടായത്. ഗ്രാമിന് 180 രൂപ വർധിച്ച് 13,835 രൂപയിലെത്തിയതോടെ, ഒരു പവൻ സ്വർണത്തിന്റെ വില കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 1.10 ലക്ഷം പിന്നിട്ട് 1,10,680 രൂപ എന്ന സർവ്വകാല ഉയരത്തിലെത്തി.

ഇറാൻ-ഇസ്രായേൽ സംഘർഷം ഉൾപ്പെടെയുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ആഗോള വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചതാണ് കേരളത്തിലും വില കുതിച്ചുയരാൻ കാരണമായത്. ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ തന്നെയുണ്ടായ ഈ വൻ വർധനവ്, വിവാഹ സീസണിലേക്ക് കടക്കുന്ന സാധാരണക്കാർക്കും ആഭരണ പ്രേമികൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. വരും ദിവസങ്ങളിലും രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വിലയിൽ മാറ്റമുണ്ടാകാനാണ് സാധ്യത.