പരബ്രഹ്മ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം.

കെ.എസ്.യു കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മ നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥി അഹമ്മദ് നജാദിന്റെ ദാരുണമായ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു (KSU) കരുനാഗപ്പള്ളി അസംബ്ലി കമ്മിറ്റി ആവശ്യപ്പെട്ടു.

കോളേജിലെ അധ്യാപകർ വിദ്യാർത്ഥികളോട് തുടർച്ചയായി നടത്തുന്ന കടുത്ത മാനസിക പീഡനമാണ് ഈ ദുരന്തത്തിലേക്ക് വഴിതെളിച്ചത്. പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഭീഷണിപ്പെടുത്തുകയും മാനസികമായി തകർച്ചയിലാക്കുകയും ചെയ്യുന്ന സമീപനമാണ് അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. മുൻപും ഇത്തരം അനുഭവങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്നും ഇത്തരം വിഷയാന്തരീക്ഷത്തിനെതിരെ അധികൃതരും സർക്കാരും മൗനം പാലിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും KSU ചൂണ്ടിക്കാട്ടി.

​സംഭവത്തിൽ പോലീസ് അടിയന്തരമായി കേസെടുത്ത് അന്വേഷണം വ്യാപിപ്പിക്കണം. മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തയാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ കരുനാഗപ്പള്ളി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് കെ.എസ്.യു കരുനാഗപ്പള്ളി അസംബ്ലി പ്രസിഡന്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.