
ടൈം ട്രാവൽ പ്രമേയമാക്കി റമീസ് രചനയും സംവിധാനവും നിർവഹിക്കുന്ന മലയാള ചിത്രം ‘ഒറിജിനൽ’ തിയറ്റർ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കാക്കനാട് രാജഗിരി കോളേജിൽ ആവേശകരമായി നടന്നു. പതിവ് ലോഞ്ച് ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി, താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം കോളേജ് വിദ്യാർഥികളും പങ്കുചേർന്നതോടെ പരിപാടി ശ്രദ്ധേയമായി. യുവപ്രേക്ഷകരിലേക്ക് സിനിമയെ നേരിട്ടെത്തിക്കാനുള്ള ഈ വേറിട്ട ശ്രമം ക്യാമ്പസിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
“നമ്മൾ സമയവുമായി കളിച്ചാൽ, സമയം തിരിച്ചും കളിക്കും” എന്ന ആശയമാണ് ചിത്രത്തിന്റെ ട്രെയിലറിന്റെ പ്രധാന ആകർഷണം. “If you mess with time, it tends to mess back” എന്ന സംഭാഷണത്തോടൊപ്പം ഉദ്വേഗം ജനിപ്പിക്കുന്ന മുഹൂർത്തങ്ങളും കൗതുകമുണർത്തുന്ന രംഗങ്ങളും ട്രെയിലറിൽ ഇടംപിടിച്ചിട്ടുണ്ട്. കഥയിൽ ഇനി എന്ത് സംഭവിക്കുമെന്ന ആകാംക്ഷ പ്രേക്ഷകരിൽ ഉണർത്തുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
യുവാവായ റിജിന്റെ സിനിമാമോഹവും അയാളുടെ ജീവിതത്തിൽ അരങ്ങേറുന്ന അസാധാരണ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും ഗാനങ്ങൾക്കും ലഭിച്ച ശ്രദ്ധയ്ക്കു പിന്നാലെ, ചിത്രത്തിന്റെ കഥയിലേക്കും പ്രമേയത്തിലേക്കും കൂടുതൽ വെളിച്ചം വീശുന്നതാണ് പുതിയ ട്രെയിലർ.
ശ്രീനാഥ് ഭാസിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
വ്യത്യസ്തമായ പ്രമേയവും ഫാന്റസിയും ത്രില്ലറും ഹാസ്യവും സമന്വയിപ്പിക്കുന്ന ‘ഒറിജിനൽ’ സിനിമാപ്രേമികൾക്കിടയിൽ പ്രതീക്ഷയുണർത്തുകയാണ്. ചിത്രം ഉടൻ തിയറ്ററുകളിലെത്തും.
സച്ചിൻ സുധാകരൻ, ഹരിഹരൻ എം. (സിങ്ക് സിനിമ) എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. റൊണെക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി.സി. സ്റ്റണ്ട്സ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു. ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത് ജിപിൻ ഗോപിയാണ്. ജാവേദ് ചെമ്പു ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്നു. ഡി.ഐ. നിർവഹിച്ചിരിക്കുന്നത് കളർ പ്ലാനറ്റാണ്.
സ്റ്റോറീസ് സോഷ്യൽ-ന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ചിത്രത്തിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോൻ ഡിസ്ട്രിബ്യൂഷൻ ഹെഡാണ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി. ‘ഒറിജിനൽ’ ഒക്ടോബർ 23ന് തിയറ്ററുകളിലെത്തും.












