പ്രായപൂർത്തിയായ ഈ ക്രിമിനലിനെ സംരക്ഷിക്കുന്നത് ആരാണ്?; നെടുമ്പാശ്ശേരി കാറപകടത്തിൽ രോഷവുമായി സംവിധായകൻ കെ.പി. വ്യാസൻ

കൊച്ചി നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ അമിതവേഗതയിലോടിച്ച മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷപ്രതികരണവുമായി സംവിധായകൻ കെ.പി. വ്യാസൻ. അപകടമുണ്ടാക്കിയ പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, പ്രായപൂർത്തിയായ ഈ ക്രിമിനലിനെതിരെ അടിയന്തരമായി കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെയാണ് സംവിധായകൻ തന്റെ പ്രതിഷേധം അറിയിച്ചത്.

അപകടത്തിനുശേഷവും പ്രതിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ഭാഗത്തുനിന്നുണ്ടായ ധാർഷ്ട്യവും നിരുത്തരവാദപരമായ പെരുമാറ്റവും സമൂഹത്തിൽ വലിയ ചർച്ചയായിരുന്നു. മദ്യലഹരിയിൽ വാഹനം ഓടിച്ച് നിരപരാധികളായ മൂന്ന് യുവാക്കളുടെ ജീവിയെടുത്ത സംഭവത്തിൽ ഒത്തുകളി സാധ്യതകളുണ്ടോ എന്ന സംശയവും സംവിധായകൻ പങ്കുവെക്കുന്നു. ഇത്തരം സംഭവങ്ങളിൽ ശക്തമായ മാതൃകാപരമായ ശിക്ഷ നൽകിയില്ലെങ്കിൽ റോഡുകളിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

പ്രതി സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസെടുക്കുകയും, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിനിടയിലാണ് സംവിധായകന്റെ ഈ ശക്തമായ പ്രതികരണം വന്നിരിക്കുന്നത്. സംഭവത്തിൽ നീതിപൂർവമായ അന്വേഷണം വേണമെന്നും പ്രതികൾക്ക് അർഹമായ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സിനിമാമേഖലയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.