‘പുരിക കൊടികള്‍ അനങ്ങാത്ത ബിലാലില്‍ നിന്നും പുരികവും കണ്ണും കവിളും തുടുക്കുന്ന മൈക്കിള്‍’

ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രം ഭീഷ്മ പര്‍വം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ബിഗ് ബിയിലെ ബിലാലില്‍ നിന്നും ഭീഷ്മ പര്‍വത്തിലെ മൈക്കിളിലേക്കെത്തുമ്പോഴുള്ള മമ്മൂട്ടിയുടെ മാറ്റത്തെക്കുറിച്ച് വിലയിരുത്തിയിരിക്കുകയാണ് ജ്യോതിഷ് എം.ജി. മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച ശൈലിയിലേക്ക് കഥാപാത്രത്തെ ക്ഷണിച്ച് വരുത്തി കരയുമ്പോള്‍ പോലും ഭംഗി പോകാതെ താരശോഭ നിലനിര്‍ത്തുന്ന താരമായി കഥാപാത്രത്തെ ഉപയോഗിക്കുന്ന നടന്‍ അല്ല മമ്മൂട്ടിയെന്ന് ജ്യോതിഷ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ബിഗ് ബിയിലെ ചോര കണ്ട് അറപ്പ് തീര്‍ന്ന ബിലാല്‍ അല്ല ഭീഷ്മ പര്‍വത്തിലെ മൈക്കിള്‍. പുരിക കൊടികള്‍ അനങ്ങാത്ത ബിലാലില്‍ നിന്നും പുരികവും കണ്ണും കവിളും തുടുക്കുന്ന മൈക്കിള്‍ എന്ന മനുഷ്യനെ നിര്‍മ്മിച്ചെടുക്കാന്‍ ഈ പ്രായത്തിലും ഒരു നടന്‍ നടത്തുന്ന പരിശ്രമം അഭിനയ കലയോടുള്ള അര്‍പ്പണം എന്നല്ലാതെ വിശദീകരിക്കാന്‍ വാക്കുകള്‍ ഇല്ല .

മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച ശൈലിയിലേക്ക് കഥാപാത്രത്തെ ക്ഷണിച്ച് വരുത്തി കരയുമ്പോള്‍ പോലും ഭംഗി പോകാതെ താരശോഭ നിലനിര്‍ത്തുന്ന താരമായി കഥാപാത്രത്തെ ഉപയോഗിക്കുന്ന നടന്‍ അല്ല മമ്മൂട്ടി .ഭീഷ്മപര്‍വ്വം എന്ന ചിത്രം കാണുമ്പോഴും കഥാപാത്രത്തോട് അദ്ദേഹം കാണിക്കുന്ന നീതി ഒരു നടനെന്ന നിലയില്‍ ആ കലയോടുള്ള അര്‍പ്പണമായി മാത്രമേ കാണാവൂ. അത് ചോര കണ്ട് അറപ്പ് തീര്‍ന്ന ബിലാലല്ല . സാഹചര്യങ്ങളാല്‍ കൊലകത്തിയെടുക്കേണ്ടി വന്ന ഒരു സാധാരണ മനുഷ്യന്‍. നില്‍പിലും നടപ്പിലും, മട്ടിലും,ഭാവത്തിലും കരുതലും, വാത്സല്യവും ഉള്ള മൈക്കിളിനെ മനസിലാക്കാന്‍ ‘താരഭാരം ‘ ഒട്ടും തടസമാകാത്ത നടന്‍ .

കഥയും കഥാപാത്രവും ആണ് പ്രേക്ഷകന് അനുഭവമാകേണ്ടത് എന്ന ബോധ്യമുള്ള നടന്‍മാര്‍ ചുരുക്കമാണ്. കഥാപാത്രത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രേക്ഷകരെ അനുഭവിപ്പിക്കലാണ് നടന്റെ ജോലി എന്ന് തിരിച്ചറിയുന്നവരും ചുരുക്കം. വ്യക്തിയുടെ സ്വാഭാവത്തെ മറച്ചു കൊണ്ട് കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ ആവിഷ്‌കരിക്കുക എന്നതാണ് അഭിനയ കലയുടെ അടിസ്ഥാനമെങ്കില്‍, ആ വഴിയ്ക്ക് സഞ്ചരിക്കുന്ന ചുരുക്കം നടന്‍മാരില്‍ ഒരാള് മമ്മൂട്ടി എന്ന നടന്‍ . താരമായി തുടരുമ്പോള്‍ തന്നെ കഥാപാത്ര ശൃഷ്ടിക്കായി അദ്ദേഹം നടത്തുന്ന സൂക്ഷ്മ സമീപനങ്ങള്‍ ഏതൊരു അഭിനയ വിദ്യാര്‍ത്ഥിയ്ക്കും അനുകരണീയമായി മനസിലാക്കാവുന്ന പാഠമാണ്. ‘സിദ്ധിയല്ല സാധനയാണ് കലയെ കൂടുതല്‍ കലാപരവും ശക്തവുമാക്കുന്നത് ‘ എന്ന തിരിച്ചറിവിന്റെ ഉത്തമ ഉദാഹരണം.

സംഭാഷണ ശൈലിയില്‍ പോലും കൊച്ചിയിലെ ഏതോ പ്രാദേശിക ചുവയുള്ള നാട്ട് ഭാഷ ഏറ്റവും അനായാസവും വിശ്വസനീയവുമായി അവതരിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു നടന്‍ നമുക്കില്ല. മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാണ് മൈക്കിള്‍ എന്നല്ല പറയാന്‍ ശ്രമിക്കുന്നത്, ഒരു തട്ട് പൊളിപ്പന്‍ സിനിമയില്‍ ….കഥാപാത്രത്തെ മറന്ന് നടന്റെ ഷോ ആക്കി മാറ്റാന്‍ ശ്രമിക്കാതെ ആ കലയോടുള്ള അര്‍പ്പണ ബോധത്തെ എഴുപതാം വയസിലും കാത്ത് സൂക്ഷിക്കുന്ന ഒരു കലാകാരനോടുള്ള ബഹുമാനവും, സ്‌നേഹവും അടയാളപ്പെടുത്താതെ പോകുന്നത് അനീതിയാകും എന്ന് കരുതുന്നു. അഭിനയത്തെ കലയായി കണ്ട നെടുമുടി വേണു KPAC ലളിത എന്നീ പ്രതിഭകളുടെ സാന്നിധ്യം ‘There is small roles only small actors ‘ എന്ന മഹത് വാക്യം അക്ഷരാര്‍ത്ഥത്തില്‍ ഈ സിനിമയില്‍ തെളിയിച്ച രണ്ട് മഹാ പ്രതിഭകളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.