പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത!! ആടുജീവിതം ബഹ്റൈനില്‍ റിലീസിന്, പ്രീ ബുക്കിംഗ് ആരംഭിച്ചു

ബോക്‌സോഫീസില്‍ മികച്ച പ്രതികരണം നേടുന്ന ആടുജീവിതത്തിന് ഗള്‍ഫില്‍ വിലക്കേര്‍പ്പെടുത്തിയത് പ്രവാസ ലോകത്തിന് വലിയ നിരാശയാണുണ്ടാക്കിയത്. മണലാരണ്യത്തിലെ നജീബിന്റെ കരളലിയിക്കുന്ന അതിജീവനമാണ് ചിത്രം പറയുന്നത്. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലാണ് ബ്ലെസി സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്. നജീബായുള്ള പൃഥ്വിയുടെ പരകാശപ്രവേശനത്തിന് അഭിനന്ദിക്കാന്‍ വാക്കുകള്‍ പോലും തികയുന്നില്ല.

അതേസമയം, പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.
ആടുജീവിതത്തിന് ബഹ്റൈനില്‍ പ്രദര്‍ശനാനുമതി നല്‍കിയിരിക്കുകയാണ്. ഏപ്രില്‍ മൂന്ന് മുതലാണ് സിനിമ ബഹ്റൈനില്‍ പ്രദര്‍ശിപ്പിക്കുക. ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമായിരുന്നു ചിത്രത്തിന് അനുമതിയുണ്ടായിരുന്നത്.

ആടുജീവിതം ബഹ്റൈനിലെ തിയേറ്ററുകളിലുമെത്തുന്നെന്ന വാര്‍ത്തയെ ആവേശത്തോടെയാണ് പ്രവാസ ലോകം സ്വീകരിക്കുന്നത്. ആടുജീവിതത്തിന്റെ ആദ്യ ഷോയ്ക്ക് എല്ലാ തിയേറ്ററുകളിലും പ്രീ ബുക്കിങ് ലഭിച്ചിട്ടുണ്ട്. വലിയ റെസ്‌പോണ്‍സാണ് ബുക്കിംഗിന് നേടുന്നത്.

മാത്രമല്ല ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ സെന്‍സറിങ് മാര്‍ച്ച് 31 ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിസിസി രാജ്യങ്ങള്‍ക്കും മലയാള സിനിമയുടെ കളക്ഷനില്‍ വലിയ പങ്കുണ്ട്. കൂടുതല്‍ ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം തുടങ്ങുന്നതോടെ സിനിമയുടെ കളക്ഷനിലും അത് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിയ്യേറ്ററിലെത്തി രണ്ട് ദിനം പിന്നിടുമ്പോഴേ ചിത്രം 30 കോടിയ്ക്ക് മുകളില്‍ നേടിക്കഴിഞ്ഞു.
കേരളത്തില്‍ നിന്ന് മാത്രമായി ഇന്നലെ സിനിമ 6.5 കോടി നേടികഴിഞ്ഞു. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. ജോര്‍ദാന്‍ മരുഭൂമിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.