ജയറാമിന്റെ ‘എബ്രഹാം ഓസ്‌ലറിൽ ‘ശബ്ദം മാത്രമല്ല ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ സാന്നിധ്യവും; കണ്ടെത്തി സോഷ്യല്‍ മീഡിയ

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘എബ്രഹാം ഓസ്‍ലറി’ന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മെഡിക്കൽ- ത്രില്ലർ ഴോണറിലാണ് ചിത്രമെത്തുന്നത്. എബ്രഹാം ഓസ്‌ലറിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.…

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘എബ്രഹാം ഓസ്‍ലറി’ന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മെഡിക്കൽ- ത്രില്ലർ ഴോണറിലാണ് ചിത്രമെത്തുന്നത്. എബ്രഹാം ഓസ്‌ലറിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മെഡിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഒട്ടേറെ സസ്‌പെന്‍സുകള്‍ ഒളിഞ്ഞു കിടപ്പുണ്ട്. അതിലൊന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യം. ഓസ്‌ലറില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തെ തന്നെ ആരാധകര്‍ അറിഞ്ഞ കാര്യമാണ്.  അതിന് പ്രതീക്ഷയേകുന്നത് കൂടിയാണ് ചിത്രത്തിന്റെ ട്രെയിലർ. ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് യാതൊരു സൂചനകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടില്ലെന്നാണ് എല്ലാവരും കരുതിയത്. കാരണം മറ്റു സിനിമകളുടെ പ്രൊമോഷനിടക്ക് ജയറാമിനോട് ഇക്കാര്യം ചോദിച്ചപ്പോൾ എല്ലാം സർപ്രൈസാണ് എന്ന തരത്തിലാണ് ജയറാം സംസാരിച്ചത്.  പക്ഷേ ശബ്ദം കൊണ്ട് ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ സാന്നിധ്യമുണ്ട്.  ട്രെയ്‌ലറിന്റെ അവസാന ഭാഗത്താണ് മമ്മൂട്ടിയുടെ ശബ്ദം കേള്‍ക്കുന്നത്. ട്രെയ്‌ലറിന്റെ അവസാനം ‘ഡെവിള്‍സ് ആള്‍ട്ടര്‍നേറ്റീവ്’ എന്ന ഡയലോഗ് പറയുന്നത് മമ്മൂട്ടിയാണ്. ശ്രദ്ധിച്ചു കേട്ടാല്‍ മാത്രമേ ഇത് മനസിലാകൂ. ട്രെയ്‌ലര്‍ ഇറങ്ങി ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടിയുടെ ശബ്ദം ആരാധകര്‍ തിരിച്ചറിഞ്ഞു.

അതേസമയം ശബ്ദം കൊണ്ട് മാത്രമല്ല മമ്മൂട്ടി ട്രെയ്‌ലറില്‍ ഉള്ളതെന്നാണ് ഇപ്പോള്‍ ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ശാരീരിക സാന്നിധ്യവും ട്രെയ്‌ലറില്‍ ഉണ്ടത്രേ..! ട്രെയ്‌ലറിനു ഇടയില്‍ മെഡിക്കല്‍ വസ്ത്രങ്ങള്‍ ധരിച്ച ഒരാളുടെ പുറകുവശം കാണിക്കുന്നുണ്ട്. ഇത് മമ്മൂട്ടിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ട്രെയ്‌ലറില്‍ തന്നെ ഒരാള്‍ സ്‌ട്രെക്ചറില്‍ പിടിച്ചു നില്‍ക്കുന്ന രംഗങ്ങളും കാണാം. ആ സമയത്തും അയാളുടെ മുഖം കാണിക്കുന്നില്ല. ഈ കഥാപാത്രം  മമ്മൂട്ടി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. നായകനായ ജയറാമിനെ സഹായിക്കാന്‍ എത്തുന്ന ഒരു ഡെവിളിഷ് ക്യാരക്ടറെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം.  അരമണിക്കൂറില്‍ ഏറെ ദൈര്‍ഘ്യമുള്ള അതിഥി വേഷമാണ് മമ്മൂട്ടിയുടേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ട്രെയ്‍ലര്‍ എത്തിയതോടെ ജയറാം- മമ്മൂട്ടി കോമ്പിനേഷന്‍ സ്ക്രീനില്‍ കാണാനുള്ള കാത്തിരിപ്പും പ്രേക്ഷകര്‍ക്കിടയില്‍ വര്‍ധിക്കുമെന്ന് ഉറപ്പാണ്.  ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ  ജയറാം നായകനായെത്തുമ്പോൾ, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാന സിനിമയായി അബ്രഹാം ഓസ്‍ലര്‍ മാറുമെന്നും പ്രേക്ഷകർ കണക്കുകൂട്ടുന്നുണ്ട്. മാനസികമായി തകര്‍ന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ജയറാം അഭിനയിക്കുന്നത്.

കുടുംബ സദസ്സുകളുടെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഈ കഥാപാത്രമായി എത്തുന്നത്. ഇത്തരമൊരു ക്രൈം ത്രില്ലർ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുന്നതും ഇതാദ്യമാണ്. ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു മരണത്തിൻ്റെ അന്വേഷണമാണ് ഡിസിപി അബ്രഹാം ഓസ്‍ലര്‍ നിർവ്വഹിക്കുന്നത്. ഏറെ നിർണ്ണായകമായ ചില വഴിത്തിരിവുകളും അപ്രതീക്ഷിതമായ ചില കഥാപാത്രങ്ങളുടെ കടന്നുവരവും പ്രേക്ഷകർക്ക് വലിയ കൗതുകം നൽകുന്നവയായിരിക്കും.അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് എബ്രഹാം ഓസ്‍ലര്‍. ത്രില്ലറുകള്‍ ഒരുക്കുന്നതിലുള്ള തന്‍റെ പ്രാവീണ്യം മിഥുന്‍ മാനുവല്‍ തോമസ് വീണ്ടും അടിവരയിടുന്ന ചിത്രമായിരിക്കും ഓസ്‍ലര്‍ എന്നാണ് ട്രെയ്‍ലര്‍ പറയുന്നത്.  അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഡോ. രൺധീർ കൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം, ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. നേരമ്പോക്ക് ബാനറില്‍ മിഥുന്‍ മാനുവലും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജനുവരി 11 നാണ് ഓസ്‌ലര്‍ റിലീസ് ചെയ്യുന്നത്..