മലയാളത്തില്‍ അറിയപ്പെടുന്ന ഒരു നടിയുടെ അസഹിഷ്ണുത, ഒരുപാട് ക്ഷമിച്ചുവെന്ന് സംവിധായകന്‍

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയും അച്ചു വിജയനും ചേര്‍ന്ന് നിര്‍മിച്ച ചിത്രം എഡിറ്റിങ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള അച്ചു വിജയന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ്…

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയും അച്ചു വിജയനും ചേര്‍ന്ന് നിര്‍മിച്ച ചിത്രം എഡിറ്റിങ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള അച്ചു വിജയന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍. ഒരു മിസ്റ്ററി സിനിമയ്ക്ക് ആവശ്യമായ ഒരുപാട് നിഗൂഢ ബിംബങ്ങള്‍ വിചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. അത് മുഴുവന്‍ തിരക്കഥാകൃത്ത് എഴുതിയത് തന്നെയാണ്. വെള്ള മുയല്‍ ആണ് തിരക്കഥയില്‍ ഉണ്ടായിരുന്നത്, ഒരു നിഗൂഢതയ്ക്ക് വേണ്ടിയാണു നീല മുയല്‍ ആക്കിയത് അങ്ങനെയുള്ള ചില കാര്യങ്ങള്‍ മാത്രമേ ഞാന്‍ മാറ്റിയിട്ടുള്ളൂ. സ്‌ക്രിപ്റ്റില്‍ ഉള്ള കാര്യങ്ങള്‍ എല്ലാം വളരെ റെലവെന്റ്‌റ് ആയിരുന്നുവെന്ന് അച്ചു പറയുന്നു.

വിചിത്രത്തിലെ അഞ്ചു മക്കളുടെ അമ്മയായി ആദ്യം തീരുമാനിച്ചത് മലയാളത്തില്‍ അറിയപ്പെടുന്ന മറ്റൊരു നടിയെ ആയിരുന്നു. അവരെ വച്ച് ഏഴ് ദിവസം ഷൂട്ടും ചെയ്തിരുന്നു. ഞാന്‍ ഒരു പുതുമുഖ സംവിധായകന്‍ ആണല്ലോ. അവരോട് ഒരു സീന്‍ പറഞ്ഞുകൊടുക്കുന്ന രീതി ഒരുപക്ഷേ എക്‌സ്പീരിയന്‍സ് ആയ ഒരാള്‍ പറഞ്ഞുകൊടുക്കുന്നത് പോലെ ആയിരിക്കില്ല. എന്റെ സിനിമയെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്, അത് മുഴുവന്‍ താരങ്ങളോട് പറഞ്ഞു മനസിലാക്കേണ്ടത് എന്റെ കടമയാണല്ലോ. പറഞ്ഞു കൊടുക്കുമ്പോള്‍ സഹകരിക്കാന്‍ മനസ്സില്ലാതെ ആ താരം പലപ്പോഴും എന്നോട് പറഞ്ഞത് ”നിങ്ങള്‍ പറയുന്നതുപോലെ ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല ഞാന്‍ വാങ്ങിയ അഡ്വാന്‍സ് തിരികെ തരാം നിങ്ങള്‍ വേറെ ആളെ നോക്കിക്കൊള്ളൂ” എന്നാണ്. ഞാന്‍ പിന്നെയും ക്ഷമിച്ച് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു, പക്ഷേ ദിവസം കഴിയുന്തോറും ആ താരത്തിന്റെ അസഹിഷ്ണുത കൂടി വന്നു. അവര്‍ അഡ്വാന്‍സ് തിരിച്ചു തന്നിട്ട് പോവുകയാണ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

ഒടുവില്‍ എന്റെ സിനിമയുടെ നന്മയ്ക്ക് വേണ്ടി എന്നാല്‍ നിങ്ങള്‍ പൊയ്‌ക്കൊള്ളൂ ഞാന്‍ വേറെ ആളെ നോക്കാം എന്ന് പറഞ്ഞു. ഇതെല്ലാം എല്ലാവരുടെയും മുന്നില്‍ വച്ചാണ് നടന്നത്. പിന്നെയാണ് ജോളി ചേച്ചി വരുന്നത്. ചേച്ചിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു പറയുന്നത് ഒരു മടിയുമില്ലാതെ ചേച്ചി ചെയ്തു. ആ അമ്മയുടെ റോള്‍ ചേച്ചി മനോഹരമാക്കി. ആ കഥാപാത്രം പാളിയാല്‍ സിനിമ തന്നെ കുളമാകും എന്ന സ്ഥിതിയായിരുന്നു. അമ്മ കഥാപാത്രവുമായി സമീപിച്ചപ്പോള്‍ പലര്‍ക്കും താല്പര്യമില്ലായിരുന്നു ചിലര്‍ക്ക് സമയമില്ലായിരുന്നു. പക്ഷേ ജോളി ചേച്ചിയെ കാസ്റ്റ് ചെയ്തത് പടത്തിനു ഗുണം ചെയ്തു എന്നാണ് എനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.