പ്രശസ്ത നടൻ അച്ചൻകുഞ്ഞ് ഓർമ്മയായിട്ട് 35 വർഷം !!

കോട്ടയത്തു് കച്ചേരിക്കടവു് എന്ന സ്ഥലത്തു് നെല്ലിശ്ശെരി കുടുംബത്തിലാണു് അച്ചൻകുഞ്ഞു് ജനിച്ചതു്. ചെറുപ്പം മുതലേ നല്ല അഭിനയവാസനയും കഴിവും പ്രകടിപ്പിച്ചിരുന്നു. ഒരു മുഴുവൻ സമയ കലാകാരനായി ജീവിക്കുവാനുള്ള ജീവിതസാഹചര്യമായിരുന്നില്ല അച്ചൻ‌കുഞ്ഞിന്റേതു്. തന്റെ കുടുംബസംരക്ഷണത്തിനുവേണ്ടി പകൽ മുഴുവനും…

കോട്ടയത്തു് കച്ചേരിക്കടവു് എന്ന സ്ഥലത്തു് നെല്ലിശ്ശെരി കുടുംബത്തിലാണു് അച്ചൻകുഞ്ഞു് ജനിച്ചതു്. ചെറുപ്പം മുതലേ നല്ല അഭിനയവാസനയും കഴിവും പ്രകടിപ്പിച്ചിരുന്നു. ഒരു മുഴുവൻ സമയ കലാകാരനായി ജീവിക്കുവാനുള്ള ജീവിതസാഹചര്യമായിരുന്നില്ല അച്ചൻ‌കുഞ്ഞിന്റേതു്. തന്റെ കുടുംബസംരക്ഷണത്തിനുവേണ്ടി പകൽ മുഴുവനും കോട്ടയം ബോട്ടുജെട്ടിയിലെ ഒരു ചുമട്ടുകാരനായും, രാത്രിയിൽ നാടക സ്റ്റേജുകളിൽ അരങ്ങുതകർക്കുന്ന അഭിനയം കാഴ്ചവെയ്ക്കുന്ന ഒരു നടനുമായിത്തീർന്നു അച്ചൻകുഞ്ഞു്. എന്തു കഷ്ടപ്പാടുകളും സഹിച്ചു് തന്നിലെ നടനെ വളർത്തിവലുതാക്കാനുള്ള കടുത്ത വാശിയും,ക്ഷമയും,സഹനശക്തിയും ഉണ്ടായിരുന്നു. ദിവസത്തിലെ കൂടുതൽ സമയവും സാധാരണക്കാരായ ആളുകളുടെകൂടെ ചെലവഴിച്ചിരുന്നതിനാൽ നാടകത്തിൽ തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ അടുത്തറിഞ്ഞു് അലിഞ്ഞുചേർന്നു് അഭിനയിക്കുവാനുള്ള അസാമാന്യ കഴിവുണ്ടായിരുന്നു ഈ കലാകാരനു്.

1953 -ൽ ‘വിധി’ എന്ന നാടകത്തിലാണു് അച്ചൻകുഞ്ഞു് ആദ്യമായി അഭിനയിച്ചതു്. തുടർന്നു് കെ പി എ സി,കേരളാ തീയേറ്റേഴ്സ്,ദേശാഭിമാനി, രാഗം തീയേറ്റേഴ്സ് എന്നീ നാടകസമിതികൾക്കുവേണ്ടി ഏതാണ്ടു് മുപ്പതു വർഷത്തോളം വിവിധങ്ങളായ കഥാപാത്രങ്ങളെ അരങ്ങിൽ അവതരിപ്പിച്ചു. ഇടിമുഴക്കം പൊലെയുള്ള ഗാംഭീര്യമേറിയ ശബ്ദവും, പരുക്കൻ മുഖഭാവവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കു് കൂടുതൽ മിഴിവേകി. നാടകങ്ങളിലെ ഉജ്ജ്വലപ്രകടനങ്ങൾ സിനിമയിലേക്കുള്ള വാതിൽ തുറന്നു. 1980 -ൽ പത്മരാജൻ എഴുതി ഭരതൻ സംവിധാനം ചെയ്ത ‘ലോറി’ യിലൂടെയാണു് അച്ചൻ‌കുഞ്ഞിന്റെ സിനിമയിലേക്കുള്ള മുഖ്യമായ രംഗപ്രവേശം. വേലൻ എന്ന ഒരു തെരുവുസർക്കസ്സുകാരന്റെ വേഷം അവതരിപ്പിച്ച ആ ചിത്രത്തിൽ‌ത്തന്നെ ഏറ്റവും നല്ലനടനുള്ള കേരള സംസ്ഥാന അവാർഡു് ലഭിച്ചു. വില്ലൻ കഥാപാത്രങ്ങളെയാണു് കൂടുതലും അവതരിപ്പിച്ചിട്ടുള്ളതു്. മുഖത്തു് സ്വതവേയുള്ള പരുക്കൻ ഭാവവും, തന്റെ കനത്ത ശബ്ദവും ക്രൂരകഥാപാത്രങ്ങളെ ഉജ്ജ്വലമാക്കുവാൻ കൂടുതൽ സഹായകമായി.

വൈകിയാണു് സിനിമാരംഗത്തു് എത്തിയതെങ്കിലും പറങ്കിമല, ഈ നാടു്, പടയോട്ടം,യാത്ര, ആട്ടക്കലാശം,കടമ്പ,പിന്നെയും പൂക്കുന്ന കാടു്, മീനമാസത്തിലെ സൂര്യൻ,അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്നു തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയത്തികവുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടാണു് അരങ്ങൊഴിഞ്ഞതു്. ഏതുതരത്തിലുള്ള കഥാപാത്രമാണു് കിട്ടുന്നതെങ്കിലും അതു സന്തോഷത്തോടുകൂടി സ്വീകരിച്ചു് തന്മയത്വത്തോടുകൂടി അവതരിപ്പിച്ചു് വിജയിപ്പിച്ചിരുന്നു. അച്ചൻ‌കുഞ്ഞിന്റെ ഭാര്യ, ഐരാറ്റുപാടം പുല്ലട കുടുംബാഗമായ അച്ചാമ്മയാണു്. ഈ ദമ്പതികൾക്കു് ഷാജൻ, ഇസാമ്മ എന്നീ രണ്ടു മക്കൾ. ജീവിതത്തിൽ കഠിനാദ്ധ്വാനവും കലയോടുള്ള ആത്മദാഹവും സമന്വയിപ്പിച്ചു് മുന്നേറിയ ഈ മികച്ച കലാകാരൻ 1987 ജനുവരി 16നു് തന്റെ അൻപത്തിആറാമത്തെ വയസ്സിൽ ഈ ലോകത്തോടു് യാത്രപറഞ്ഞു