മാലിക്കിലെ ഷിബുവിനെ  ചോദിച്ച് വാങ്ങിയത് ; വെളിപ്പെടുത്തി അപ്പാനി ശരത്ത്

അങ്കമാലി ഡയറീസ് എന്ന സിനിമയില്‍ അപ്പാനി രവി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി പ്രേക്ഷകരുടെ മനസിലേക്കും കയറിക്കൂടിയ നടനാണ് അപ്പാനി ശരത്ത്. നായകന്‍, പ്രതിനായകന്‍, സഹനടന്‍ തുടങ്ങി ഏത് റോളും തൻ്റെ…

അങ്കമാലി ഡയറീസ് എന്ന സിനിമയില്‍ അപ്പാനി രവി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി പ്രേക്ഷകരുടെ മനസിലേക്കും കയറിക്കൂടിയ നടനാണ് അപ്പാനി ശരത്ത്. നായകന്‍, പ്രതിനായകന്‍, സഹനടന്‍ തുടങ്ങി ഏത് റോളും തൻ്റെ അഭിനയ മികവ് കൊണ്ട് ശരത്ത് മനോഹരമാക്കും.തന്റെ സിനിമാ ജിവിതത്തില്‍ താന്‍ അവസരങ്ങള്‍ ചോദിച്ചു വാങ്ങുന്ന ആളാണെന്ന് തുറന്നു പറഞ്ഞ് നടന്‍ അപ്പാനി ശരത്ത്.സിനിമകള്‍ കുറഞ്ഞു വന്നപ്പോള്‍ അവസരം തേടി താന്‍ പലരെയും വിളിച്ചിരുന്നുവെന്നും അപ്പാനി ശരത് പറയുന്നു അവസരത്തിനായി വിളിക്കുമ്പോഴൊക്കെ സംവിധായകര്‍ പറഞ്ഞത് ഇഷ്ടക്കേട് കൊണ്ടല്ല, മറിച്ച്‌ എന്നെ വിളിച്ച്‌ അഭിനയിപ്പിക്കണെമെങ്കില്‍ ആ കഥാപാത്രം ആപ്റ്റായിരിക്കണം എന്നാണ് പറയാറുള്ളത് എന്നും അപ്പാനി ശരത് വെളിപ്പെടുത്തി.മാലിക്കിലെ ഷിബു എന്ന കഥാപാത്രം താന്‍ ചോദിച്ചു വാങ്ങിയതാണെന്നും താരം പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപ്പാനി ശരത്. ഞാന്‍ മഹേഷേട്ടനെ ഒരുപാട് തവണ ഫോണ്‍ വിളിച്ചു ചോദിച്ച കഥാപാത്രമാണ് മാലിക്കിലേത്. ഫഹദ് ഫാസിലും കുറച്ച്‌ ടീമുമായിട്ടുള്ള ഒരു പടമാണിത്, അതില്‍ വലിയ കഥാപാത്രങ്ങള്‍ ഒന്നുമില്ല എന്നുമാണ് ഞാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. ബീമാപള്ളി കഥകള്‍ കുറിച്ച്‌ എനിക്കറിയാം എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ അതുമായി റിലേറ്റഡ് ആണ്. കിട്ടിയാല്‍ എനിക്ക് ചെയ്യാന്‍ കഴിയും. എന്തെങ്കിലും ഒരു ക്യാരക്ടര്‍ എനിക്ക് തരുമോ എന്ന് ഞാന്‍ ചോദിച്ചു, ഇല്ലടാ അതിലൊരു സംഭവം ഉണ്ട് പക്ഷേ അത് സൗബിന്‍ ചെയ്യാന്‍ ഇരിക്കുകയാണ്, ആള്‍ നോയും പറഞ്ഞിട്ടില്ല ഓക്കേയും പറഞ്ഞിട്ടില്ല. പിന്നെ ഞാന്‍ വിളിച്ചിട്ട് ചോദിച്ചത് സൗബിന്‍ നോ പറഞ്ഞോ എന്നുള്ളതാണ്, അപ്പോള്‍ അദ്ദേഹം ചിരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു എന്റെ അടുത്തേക്ക് വാ എന്ന്. അങ്ങനെയാണ് ഷിബുവിലേക്ക് ഞാന്‍ എത്തുന്നത്. ഇപ്പോഴും ഞാന്‍ സിനിമകള്‍ തുടങ്ങാൻ പോകുന്നു എന്നറിയുമ്പോള്‍ സംവിധായകന്മാരെ വിളിക്കും അവസരം ചോദിക്കും. ശങ്കര്‍ രാമകൃഷ്ണന്‍ സാര്‍ വിളിച്ചപ്പോള്‍ സാറിനോട് ഞാന്‍ പറഞ്ഞു പടങ്ങളൊക്കെ കുറവാണ്, ഞാന്‍ ഭയങ്കര ബുദ്ധിമുട്ടിലാണ് എന്ന്, സാറിന്റെ വരുന്ന പടങ്ങളില്‍ ഒക്കെ എന്തെങ്കിലും ഒരു വേഷം തരണം, ഇല്ലെങ്കില്‍ ഞാന്‍ പഴയതു പോലെ മെന്റലി ഔട്ട് ആവുമെന്നും പറഞ്ഞു. എന്നും രാവിലെ സംവിധായകന്മാരെ വിളിക്കണമെന്നാണ് സാര്‍ എന്നോട് പറഞ്ഞത്. കുളിച്ച്‌ ഫ്രഷായി തിയേറ്റര്‍ വര്‍ക്ക് ഷോപ്പൊക്കെ കഴിഞ്ഞ് നീ എന്നും നാല് സംവിധായകന്മാരെ വിളിക്കണം.

വിളിക്കുമ്പോള്‍ അവര്‍ നിന്നെ തെറി ഒന്നും പറയില്ല.കാരണം നീ പ്രൂവ് ചെയ്ത് വന്ന ഒരാളാണ്. നിന്റെ അടുത്ത് അവര്‍ സംസാരിക്കും.ആ കമ്മ്യൂണിക്കേഷന്‍ നീ എപ്പോഴും കൊണ്ട് പോവണമെന്ന് അദ്ദേഹം പറഞ്ഞു. അത് ഞാനിപ്പോഴും ചെയ്‌ത്‌ പോകുന്നു. പുതുതായിട്ട് പടം തുടങ്ങുമ്പോള്‍ ഞാന്‍ സംവിധായകന്മാരെ വിളിക്കാറുണ്ട്. നേരിട്ട് കാണുമ്പോള്‍ ഞാന്‍ തമാശ രൂപേണ അവസരം ചോദിക്കാറുമുണ്ട്. ഞാന്‍ അവസരങ്ങള്‍ ചോദിച്ചു വാങ്ങിക്കുന്ന ആളാണ്. ഇനി വരാനിരിക്കുന്ന ജോഷി സാറുടെ പടത്തിലേക്കും അവസരം ചോദിച്ചാണ് താന്‍ എത്തിയത് എന്നും അപ്പാനി ശരത് പറഞ്ഞു. മുപ്പത്തിയൊന്നുകാരനായ ശരത്ത് 2017 മുതല്‍ സിനിമയിലുണ്ട്. ഇതുവരെ നാലോളം തമിഴ് സിനിമകളിലും ഒട്ടനവധി മലയാള സിനിമകളിലും അപ്പാനി ശരത്ത് അഭിനയിച്ചു. ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2 എന്നിവയാണ് അപ്പാനി ശരത്ത് അഭിനയിച്ച തമിഴ് സിനിമകള്‍. അങ്കമാലി ഡയറീസില്‍ അഭിനയിച്ച ശേഷം അപ്പാനി ശരത്തിന് പിന്നീട് ക്ഷണം വന്നത് വെളിപാടിന്റെ പുസ്തകത്തിലേക്കാണ്. സിനിമയില്‍ ചുവടുറപ്പിക്കാൻ തുടങ്ങിയപ്പോള്‍ മുതല്‍ പല തരത്തിലുള്ള പരിഹാസങ്ങളും തഴയപ്പെടലുകളും അപ്പാനി ശരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. കഴമ്പില്ലാത്ത നിരവധി ഗോസിപ്പുകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ള യുവ നടന്മാരില്‍ ഒരാളും അപ്പാനി ശരത്താണ്. കാരവനിലേക്ക് വസ്ത്രം മാറാൻ കയറുന്നത് ചിലര്‍ തടഞ്ഞതിന്റെ പേരില്‍ കരഞ്ഞു കൊണ്ട് പുറത്ത് നിന്ന് വസ്ത്രം മാറിയെന്നും എന്നാല്‍ അത് പിന്നീട് വാര്‍ത്തയായപ്പോള്‍ കുറ്റം തന്റെ മേല്‍‌ ആയിരുന്നു ചാര്‍ത്തിയിരുന്നതെന്നും അപ്പാനി ശരത്ത് പറഞ്ഞിട്ടുണ്ട്. നല്ല സിനിമകളില്‍ നിന്ന് മനപൂര്‍വം ഒഴിവാക്കിയ സാഹചര്യങ്ങളുമുണ്ടായി എന്നും. ഒരു തെറ്റും ചെയ്യാതെയാണ് ഇതൊക്കെ സംഭവിച്ചത്, ഞാന്‍ കാരണം ഒരു ഷൂട്ടിനോ ഒന്നും  പ്രശ്‌നം ഉണ്ടായിട്ടില്ല എന്നും മുൻപ് ഒരു അഭിമുഖത്തിൽ അപ്പാനി ശരത് തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളത്തിൽ അവസരം കുറഞ്ഞ സമയത്താണ് തമിഴ് സിനിമകളിൽ അപ്പാനി ശരത് അഭിനയിച്ചത്. താൻ നേരിട്ട അനുഭവങ്ങളും പരിഹാസങ്ങളും അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അപ്പാനി ശരത്.