ചെന്നൈയ്ക്ക് കൈത്താങ്ങായി ഹരീഷ് കല്യാണും!!! ഒരു ലക്ഷം രൂപ ദുരിതാശ്വാസത്തിന് കൈമാറി

ആഞ്ഞടിച്ച മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ജനജീവിതം തികച്ചും താറുമാറാക്കിയിരിക്കുകയാണ്. ചെന്നൈയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. ദുരിതത്തില്‍ നിന്ന് ചെന്നൈ മോചനം നേടി വരുന്നെയുള്ളൂ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി താരങ്ങളും എത്തിയിരിക്കുകയാണ്. നടന്‍ സൂര്യയും സഹോദരന്‍ കാര്‍ത്തിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം നല്‍കിയിരുന്നു.

ഇപ്പോഴിതാ യുവനടന്‍ ഹരീഷ് കല്യാണും സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയാണ് ഹരീഷ് ധനസഹായമായി പ്രഖ്യാപിച്ചത്. താരം തന്നെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കൈക്കോര്‍ത്തെന്ന് അറിയിച്ചത്.

മിഷോങ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തിലാണ ്കാര്‍ത്തിയും സൂര്യയും സഹായം പ്രഖ്യാപിച്ചത്. തങ്ങളുടെ ആരാധക സംഘടന വഴിയാണ് താരങ്ങള്‍ പണം നല്‍കിയത്. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പട്ട്, തിരുവള്ളൂര്‍ എന്നീ പ്രളയബാധിത ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് താരങ്ങളുടെ പണം വിനിയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.