ആ പേരിനായുള്ള വേട്ടയാടല്‍ നിര്‍ത്തണം..ആ സംവിധായകന്‍ ജിതിന്‍ ലാലല്ല!!! മാപ്പ് പറഞ്ഞ് റോബി വര്‍ഗീസ്

മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്‌ക്വാഡ്’ സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ച് തിയേറ്ററിലിരുന്ന് കുറ്റം പറഞ്ഞ സംവിധായകനെ കുറിച്ചുള്ള റോബി വര്‍ഗീസ് രാജിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. പത്മ തിയറ്ററിനുള്ളില്‍ സിനിമ കാണാന്‍ എത്തിയപ്പോഴാണ് ഒരു സംവിധായകന്‍ സിനിമയുടെ ക്ലൈമാക്‌സിനെ…

മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്‌ക്വാഡ്’ സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ച് തിയേറ്ററിലിരുന്ന് കുറ്റം പറഞ്ഞ സംവിധായകനെ കുറിച്ചുള്ള റോബി വര്‍ഗീസ് രാജിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. പത്മ തിയറ്ററിനുള്ളില്‍ സിനിമ കാണാന്‍ എത്തിയപ്പോഴാണ് ഒരു സംവിധായകന്‍ സിനിമയുടെ ക്ലൈമാക്‌സിനെ കുറ്റം പറയുന്നത് കേട്ടതെന്നായിരുന്നു റോബി പറഞ്ഞിരുന്നത്. വരാനിരിക്കുന്ന പ്രമുഖ നടന്റെ സിനിമയാണ് ഇയാള്‍ സംവിധാനം ചെയ്യുന്നതെന്നും റോബി സൂചനയായി പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ ഈ സംവിധായകന്റെ പേരു തേടിയുള്ള അന്വേഷണത്തിലായിരുന്നു ആരാധക ലോകം.

വിവാദമായതോടെ ടൊവിനോ ചിത്രമായ ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ സംവിധായകനായ ജിതിന്‍ ലാല്‍ ആണ് കൂടുതല്‍ സൈബര്‍ ആക്രണം നേരിട്ടിരുന്നത്. ഇപ്പോഴിതാ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകന്‍ റോബി വര്‍ഗീസ് രാജ്. ആ പേരിനായുള്ള വേട്ടയാടല്‍ എല്ലാവരും നിര്‍ത്തണം. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ജിതിന് ബുദ്ധിമുട്ടുകള്‍ നേരിട്ടതില്‍ മാപ്പ് ചോദിക്കുന്നുവെന്നും റോബി വര്‍ഗീസ് പറഞ്ഞു.

സിനിമയെ തകര്‍ക്കുന്നവര്‍ സിനിമ വ്യവസായത്തിനകത്ത് തന്നെയുണ്ടെന്നായിരുന്നു റോബിയുടെ വെളിപ്പെടുത്തല്‍. കണ്ണൂര്‍ സ്‌ക്വാഡ് റിലീസിനെത്തി രണ്ടാം ദിവസം പത്മ തിയേറ്ററില്‍ എത്തിയപ്പോള്‍ ഒരു സംവിധായകന്‍ അദ്ദേഹത്തിന്റെ സഹസംവിധായകര്‍ക്കൊപ്പം ഇരുന്ന് സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് ഉറക്കെ കുറ്റം പറയുന്നത് കേട്ടു എന്നായിരുന്നു റോബി വര്‍ഗീസ് പറഞ്ഞത്.

വരാനിരിക്കുന്ന ഒരു പ്രമുഖ താര ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് ഇയാള്‍ എന്നും റോബി പറഞ്ഞി. ഇതോടെ ജിതിന്‍ ആണെന്ന് നെറ്റിസണ്‍സ് ഉറപ്പിച്ചു, സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചു. റിലീസിനൊരുങ്ങിയിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ത്തിന്റെ സംവിധായകനാണ് ജിതിന്‍.

‘എന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം സംഭവങ്ങള്‍ എല്ലായിടങ്ങളിലും നടക്കുന്നതാണെന്ന് ഞാന്‍ മനസിലാക്കണമായിരുന്നു. മാത്രമല്ല ആ അഭിമുഖത്തില്‍ എന്റെ വികാരം നിയന്ത്രിക്കാനും സാധിക്കാതെ വന്നു. ഞാന്‍ പറഞ്ഞ ആളുകളുടെ പേരുകള്‍ തിരഞ്ഞു പോകുന്നവരോട് ഒരു അപേക്ഷയുണ്ട്. ദയവ് ചെയ്ത് ഇനി ഇതിന് പുറകെ പോകരുത്. നമുക്ക് മറ്റ് പ്രവൃത്തികളില്‍ ശ്രദ്ധ തിരിക്കാം.

ഈ കുറച്ച് മണിക്കൂറുകളില്‍ നിങ്ങള്‍ക്ക് സംഭവിച്ച ബുദ്ധിമുട്ടുകളില്‍ ജിതിന്‍ ലാലിനോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. കാരണം നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിനാണ് ഇത്രയധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. ജിതിന്‍ എന്റെ അടുത്ത സുഹൃത്താണ്. കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്ത ശേഷം എന്നെ ആദ്യം വിളിച്ച് അഭിനന്ദിക്കുന്ന ഒരാള്‍ കൂടിയാണ് ജിതിന്‍. ആ പേരിനായുള്ള വേട്ടയാടല്‍ നിര്‍ത്തൂ. ഇതൊരു അപേക്ഷയാണ്,’ എന്നാണ് റോബി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഒപ്പം സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന ഊഹാപോഹങ്ങള്‍ ഇതോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ജിതിനും റോബിയുടെ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.