‘അതിത്രയും വലിയ പ്രശ്‌നങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വഴിവെക്കുമെന്ന് ചിന്തിച്ചിരുന്നില്ല’ ഖേദപ്രകടനവുമായി ലാല്‍

പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളി ലോക്ഡൗണ്‍ കാലത്താണു കേരളത്തില്‍ സജീവമായത്. കേരളത്തിലെ ഇരുപതിലേറെ ആത്മഹത്യകള്‍ റമ്മി കളിയിലെ നഷ്ടം കാരണം ഉണ്ടായതാണെന്നാണു പൊലീസിന്റെ കണക്ക്. നടന്‍ ലാല്‍, ഗായകരായ റിമി ടോമി, വിജയ്…

പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളി ലോക്ഡൗണ്‍ കാലത്താണു കേരളത്തില്‍ സജീവമായത്. കേരളത്തിലെ ഇരുപതിലേറെ ആത്മഹത്യകള്‍ റമ്മി കളിയിലെ നഷ്ടം കാരണം ഉണ്ടായതാണെന്നാണു പൊലീസിന്റെ കണക്ക്. നടന്‍ ലാല്‍, ഗായകരായ റിമി ടോമി, വിജയ് ബാബു പോലെയുള്ളവര്‍ റമ്മിയുടെ പരസ്യങ്ങളില്‍ അഭിനയിച്ചത് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിക്കണമെന്നു കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ റമ്മിക്ക് അടിമപ്പെട്ട് നിരവധിയാളുകളുടെ ജീവിതമാണ് വഴിയാധാരമാകുന്നതെന്നും ഗണേഷ് പറഞ്ഞു.

ഇപ്പോഴിതാ ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദമുണ്ടെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ലാല്‍. കോവിഡിന്റെ കാലഘട്ടത്തില്‍ ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്ന സമയത്താണ് ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചതെന്നും അതിത്രയും വലിയ പ്രശ്‌നങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വഴിവെക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും ലാല്‍ പറഞ്ഞു.

നിയമപരമായി, സര്‍ക്കാരിന്റെ അനുമതിയോടു കൂടിയുള്ള ഒരു സംഭവമാണെന്ന് കേട്ടപ്പോള്‍ അങ്ങനെയൊരു പരസ്യം ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ ഒരു പരസ്യത്തിന്റെ ഭാഗമായതില്‍ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.