ഭാര്യയുടെ ആ തമാശ കാര്യമായി ; അക്കാര്യത്തിൽ വഴക്ക് കേൾക്കാൻ യോഗ്യൻ ഞാനും മോനും തന്നെ !

നിർമ്മാതാവ് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലുമെല്ലാം മലയ സിനിമ മേഖലയിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് വിജയ് ബാബു. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളാണ് വിജയ് ബാബുവിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. ആ ചിത്രങ്ങളുടെ എല്ലാം വിജയം തന്നെയാകാം തുടർന്നും സിനിമ പിടിയ്ക്കുവാൻ വിജയ് ബാബുവിനെ പ്രേരിപ്പിച്ചതും. ഫ്രൈഡേ ഫിലിംസ് വലിയ മുന്നേറ്റം തന്നെയാണ് മലയാള സിനിമാമേഖലയിൽ ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്നത്. കഴിഞ്ഞിടയ്ക്ക് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് നിർമ്മിച്ച ഹിറ്റ് ചലച്ചിത്രമായിരുന്നു ഹോം. കോവിഡ് ലോക്ക്ഡൗൺ കാലയളവിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും മികച്ച ഒരു ഫീൽ ഗുഡ് ചിത്രമായിരുന്നു ഹോം. ഇന്നിപ്പോൾ ഹോമിനെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും വിജയ് ബാബു പറയുന്ന കാര്യങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. “അച്ഛനു ചില സിനിമാ ബന്ധങ്ങളുണ്ടായിരുന്നു. അന്ന് ഞങ്ങൾക്ക് മൂകാംബിക എന്ന പേരില്‍ ഒരു ലോഡ്ജുണ്ട്. കൊല്ലത്ത് എത്തുമ്പോൾ മിക്ക സിനിമാക്കാരും താമസിച്ചിരുന്നത് അവിടെയാണ്. ഒരു സിനിമയിൽ സുകുമാരൻ ചേട്ടന്റെ കുട്ടിക്കാലം ഞാനാണ് അഭിനയിച്ചത്. ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയുമൊക്കെ ഒപ്പം അന്നു ഫോട്ടോ എടുത്തു. ആ ദിവസങ്ങൾ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു. സിനിമയുടെ മാന്ത്രികവലയത്തിലേക്ക് ഒന്നാം ക്ലാസുകാരൻ കയറി നിന്നെന്നു പറയാം. ഷൂട്ടു കഴിഞ്ഞ് എല്ലാവരും മടങ്ങി പോയെങ്കിലും എനിക്ക് ആ ദിവസങ്ങളിൽ നിന്നിറങ്ങിപ്പോരാൻ പറ്റിയില്ല. ഫോട്ടോകളെല്ലാം എടുത്തു നോക്കും. സിനിമയെക്കുറിച്ച് അഭിപ്രായമെഴുതി, വീട്ടിലേക്കു വരുന്ന നൂറുകണക്കിന് കത്തുകൾ പൊട്ടിച്ചു വായിക്കും. അഭിനയമോഹവുമായി ഒരുപാടു പേർ അയച്ച ഫോട്ടോകൾ എടുത്തു വയ്ക്കും. ഇതൊക്കെ ഹോബിയായി. സിനിമയോടുള്ള ആരാധനയായി. അങ്ങനെ ആയിരുന്നു സിനിമയിലേയ്ക്ക് എത്തിപ്പെട്ടതും. സ്മിത മൾട്ടി നാഷനൽ കമ്പനികളിൽ ജോലി ചെയ്ത ശേഷം ഇപ്പോൾ ഹോസ്പിറ്റൽ ബിസിനസിലേക്ക് തിരിഞ്ഞു. എത്ര തിരക്കുണ്ടെങ്കിലും സ്മിത അമിതമായി ഫോൺ ഉപയോഗിക്കില്ല. അപ്പോൾ ഏറ്റവും കൂടുതൽ ഫോൺ ഉപയോഗിയ്ക്കുന്ന കാര്യത്തിൽ ഞാനും മോനും വഴക്കു കേൾക്കാൻ യോഗ്യരാണല്ലോ. മൂന്നു വർഷം മുൻപാണ് ഹോമിന്റെ തിരക്കഥ കേൾക്കുന്നത്. സ്മിതയ്ക്കും ആ കഥ അറിയാം. ഞങ്ങൾ മൊബൈലുമായി ഇരുന്ന ഒരു ദിവസം സ്മിത പറഞ്ഞു, ‘‘ഹോം സിനിമ ഇറക്കാൻ ഇപ്പോഴാണ് നല്ല സമയം. ഈ വീട്ടിൽ തന്നെ നല്ല ഉദാഹരണങ്ങളുണ്ടല്ലോ.’ സ്മിത തമാശയായി പറഞ്ഞതാണെങ്കിലും അപ്പോഴാണ് ഹോമിനെക്കുറിച്ച് ഞാൻ പിന്നെയും ആലോചിക്കാൻ തുടങ്ങിയത്.” എന്നായിരുന്നു വിജയ് ബാബുവിന്റെ വാക്കുകൾ.