ദിലീപന് തിരിച്ചടി; നടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി, പ്രതീക്ഷിച്ച വിധിയെന്ന് ബാലചന്ദ്ര കുമാര്‍

നടിയെ കാറില്‍ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് വിധി. കേസില്‍ അന്വേഷണം ക്രെംബ്രാഞ്ചിന്…

നടിയെ കാറില്‍ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് വിധി. കേസില്‍ അന്വേഷണം ക്രെംബ്രാഞ്ചിന് തുടരാമെന്നും കോടതി വ്യക്തമാക്കി. കേസ് സി.ബി.ഐ.ക്ക് വിടണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. ഹര്‍ജി തള്ളിയത് നടന്‍ ദിലീപിനു കടുത്ത തിരിച്ചടിയാകും. നിലവില്‍ ഉപാധികളോടെ ജാമ്യത്തിലുള്ള ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിലേക്കുവരെ കാര്യങ്ങള്‍ നീണ്ടേക്കുമെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തല്‍.

അതേസമയം വിധി പ്രതീക്ഷിച്ചതാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ട്. തന്റെ തെളിവുകള്‍ കോടതി അംഗീകരിച്ചു. വിശ്വാസ്യത തിരിച്ചുകിട്ടാന്‍ വിധി സഹായിച്ചതായും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു നല്‍കിയ ഓഡിയോ ക്ലിപ്പുകളാണു കേസില്‍ നിര്‍ണായകമായത്. ഹൈക്കോടതി വിധി ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ക്രൈംബ്രാഞ്ച് എസ്പി പി.മോഹനചന്ദ്രന്‍ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്നും എസ്പി വ്യക്തമാക്കി.

വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ക്ക് വിശ്വാസ്യതയില്ലന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. അന്വേഷണം സിബിഐക്ക് കൈമാറുന്നതിനെയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

കേസ് റദ്ദാക്കിയില്ലെങ്കില്‍ സി.ബി.ഐ.ക്ക് വിടണമെന്ന ശക്തമായ വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. അതേസമയം കേസ് സി.ബി.ഐ.യ്ക്ക് വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അന്വേഷണസംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണു ദിലീപിനെ ഒന്നാം പ്രതിയാക്കി പുതിയ കേസെടുത്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണു മറ്റു പ്രതികള്‍.