അനീതിയും അങ്ങേയറ്റം ഞെട്ടിക്കുന്നതും!! നീതി വ്യവസ്ഥയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ പോരാട്ടം തുടരും-അതിജീവിത

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്. അതിനിടെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് അതിജീവിത. ഇത് അനീതിയും ഞെട്ടിക്കുന്നതുമാണെന്ന് അതിജീവിത പ്രതികരിച്ചു. താനെന്ന വ്യക്തിക്ക് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വകാര്യത…

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്. അതിനിടെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് അതിജീവിത. ഇത് അനീതിയും ഞെട്ടിക്കുന്നതുമാണെന്ന് അതിജീവിത പ്രതികരിച്ചു. താനെന്ന വ്യക്തിക്ക് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വകാര്യത എന്ന മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും അതിജീവിത സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കോടതിയില്‍ നിന്ന് ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരാണ്. സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്നാണ് വിശ്വസിക്കുന്നതെന്നും സാമൂഹിക മാധ്യമത്തിലെ കുറിപ്പില്‍ പറയുന്നു. കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്.

ഇത് അനീതിയും ഞെട്ടിക്കുന്നതും! എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണക്കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്‍െ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി. അത് അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നു!

പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഈ കോടതിയില്‍ എന്റെ സ്വകാര്യത നിലവില്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്.

എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ, നീതിക്കായുള്ള എന്റെ പോരാട്ടം ഇനിയും തുടരും. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുക തന്നെ ചെയ്യും. സത്യമേവ ജയതേ.’ എന്നാണ് അതിജീവിത സോഷ്യലിടത്ത് കുറിച്ചത്.