മക്കളെ വഴക്കു പറയാറുണ്ട് ; പക്ഷേ, അതൊരു ഫ്രണ്ട്ഷിപ്പല്ലന്ന് ജോമോൾ   

നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ജോമോള്‍. ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന താരം ഇന്ന് സിനിമകളില്‍ നിന്നും മാറി നില്‍ക്കുകയാണ്. എങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ജോമോള്‍.2002ല്‍ വിവാഹം…

നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ജോമോള്‍. ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന താരം ഇന്ന് സിനിമകളില്‍ നിന്നും മാറി നില്‍ക്കുകയാണ്. എങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ജോമോള്‍.2002ല്‍ വിവാഹം കഴിഞ്ഞതോടെ താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. വീട്ടുകാരുടെ എതിര്‍പ്പുകളെയും മതത്തിന്റെ അതിര്‍വരമ്പുകളെയും മറികടന്നുള്ള സംഭവബഹുലമായ ഒളിച്ചോട്ട കല്യാണമായിരുന്നു ജോമോളുടെത്.ചന്ദ്രശേഖര്‍ പിള്ളയാണ് ജോമോളുടെ ഭര്‍ത്താവ്. ഭർത്താവും രണ്ട് പെണ്‍മക്കളുമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ജോമോൾ. ആര്യ, ആര്‍ജ എന്നിങ്ങനെയാണ് മക്കളുടെ പേര്.രണ്ടുപേരും അമ്മയോളം വളര്‍ന്നു കഴിഞ്ഞു. മൂത്തയാള്‍ ഡിഗ്രിക്കും ഇളയയാള്‍ പത്തിലുമാണ് പഠിക്കുന്നത്. ഇപ്പോഴിതാ മക്കളെ കുറിച്ചും പാരന്റിംഗിനെ കുറിച്ചുമുള്ള ജോമോളുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മക്കളില്‍ നിന്നും താൻ പഠിച്ച കാര്യങ്ങളെ കുറിച്ചും ജോമോള്‍ വാചാലയാകുന്നുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ജോമോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അമ്മയെന്ന നിലയില്‍ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ഇതെല്ലാം ട്രയല്‍ റണ്ണല്ലേ എന്നായിരുന്നു ജോമോളുടെ മറുപടി. ട്രെയിനിങ് കിട്ടിയിട്ടല്ലല്ലോ അമ്മയാവുന്നത്. തെറ്റുപറ്റിയും തിരുത്തിയും ആണ് മുന്നോട്ടുപോകുന്നത്.പേരന്റിങ്ങിന് ഒരു മാതൃകയില്ല.നമ്മളും അവര്‍ക്കൊപ്പം വളരുകയാണെന്ന് ജോമോള്‍ പറയുന്നു. മക്കളോട് ഫ്രണ്ട്ലിയായ അമ്മയാണ്.പക്ഷേ, അതൊരു ഫ്രണ്ട്ഷിപ്പല്ല. ഞങ്ങള്‍ മക്കളോട് കൂട്ടുകാരെപ്പോലെയാണ് എന്നൊക്കെ എല്ലാവരും പറയും. അങ്ങനെയല്ല. ഞാന്‍ അമ്മയാണ്, അതാണ് എന്റെ സ്ഥാനം.

കൂട്ടുകാര്‍ എപ്പോഴും കൂട്ടുകാരാണ്. കൂട്ടുകാരോട് പറയുന്നതെല്ലാം അവര്‍ എന്നോട് പറയണമെന്നില്ല. പക്ഷേ, തിരിച്ച്‌ എന്നോട് പറയുന്നതെല്ലാം അവര്‍ക്ക് സുഹൃത്തുക്കളോട് പറയാം, പറയാതിരിക്കാം, ജോമോള്‍ പറഞ്ഞു. മക്കളെ വഴക്കു പറയാറുണ്ട്. വഴക്കു പറഞ്ഞാല്‍ മാക്സിമം അരമണിക്കൂറിനുള്ളില്‍ ഞങ്ങള്‍ വീണ്ടും പഴയപോലെ സംസാരിക്കും. ദേഷ്യവും സങ്കടവുമെല്ലാം മറക്കുമെന്നും ജോമോള്‍ വ്യക്തമാക്കി. പ്രണയത്തെപ്പറ്റി മക്കള്‍ക്ക് എന്താണ് പറഞ്ഞു കൊടുക്കാനുള്ളത് എന്ന് ചോദിച്ചപ്പോള്‍, ജീവിതത്തില്‍ ഓരോ സമയത്തും പ്രാധാന്യം കൊടുക്കേണ്ട ഓരോ കാര്യങ്ങളുണ്ട്. ഇപ്പോള്‍ പഠിക്കുക എന്നതാണെന്ന് ജോമോള്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു പേടിയുണ്ടെന്നും നടി പറഞ്ഞു. ആ പെണ്‍കുട്ടികളുടെ മാതാപിതാക്കളും മക്കള്‍ക്ക് അങ്ങനെ സംഭവിക്കുമെന്ന് കരുതിയവരല്ല. നമുക്ക് പെണ്‍കുട്ടികളെ പൂട്ടിയിട്ട് വളര്‍ത്താനാവില്ല. അതുകൊണ്ട് ആ പേടി മനസ്സില്‍ തന്നെ വയ്ക്കുന്നു. പഴയകാലം എത്ര സുരക്ഷിതമായിരുന്നു എന്ന് തോന്നും ഇതൊക്കെ കാണുമ്പോള്‍. എല്ലാവരുടെയും കണ്ണും കരുതലുമുണ്ടായിരുന്നു അന്നത്തെ കുട്ടികള്‍ക്ക്., ജോമോള്‍ പറഞ്ഞു. മക്കളില്‍ നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ചും ജോമോള്‍ സംസാരിച്ചു. ചില സാഹചര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യാന്‍, അങ്ങനെയല്ലമ്മാ ഇങ്ങനെ ചെയ്യാം, അമ്മയ്ക്കത് പറ്റും എന്ന് ആത്മവിശ്വാസം നല്‍കാന്‍, ഞാന്‍ പറയുന്നത് ഒരു മുന്‍വിധികളുമില്ലാതെ കേട്ടിരിക്കാന്‍ അതിന് പരിഹാരം കാണാന്‍ എല്ലാം ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഞാന്‍ നന്നായി ഒരുങ്ങി ഭംഗിയായി നടക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാരണം ഇവരാണ്. ഡ്രെസ്സിങ്ങില്‍ മക്കള്‍ക്കുള്ള കോണ്‍ഫിഡന്‍സ് ഒരിക്കലും തനിക്കില്ലെന്നും ജോമോള്‍ അഭിമുഖത്തില്‍ പറഞ്ഞു. വളരെ കുറച്ചു കാലം മാത്രമാണ് ജോമോള്‍ സിനിമയില്‍ സജീവമായി തുടര്‍ന്നത്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തില്‍ കുട്ടി ഉണ്ണിയാര്‍ച്ചയെ അവതരിപ്പിച്ചാണ് ജോമോള്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് കുട്ടിമണിയായും ജാനകിക്കുട്ടിയായും നിറത്തിലെ വര്‍ഷയുമൊക്കെയായി മലയാള സിനിമയിലും ഒപ്പം തന്നെ പ്രേക്ഷകരുടെ മനസിലും സ്ഥാനം ഉറപ്പിക്കുകയായിരുന്നു ജോമോള്‍.