‘മേക്കപ്പ് മുറിയിൽ പൂട്ടിയിട്ടു, ഒറ്റയ്ക്കായിപ്പോയതോടെ ഞാൻ പൊട്ടിക്കരഞ്ഞു പോയി’; ദുരനുഭവം തുറന്ന് പറഞ്ഞ് കൃഷ്ണ

യേ ഹേ മുഹബത്തേൻ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ നടിയാണ് കൃഷ്ണ മുഖർജി. ശുഭ് ശകുന്റെ സെറ്റിൽ വച്ച് തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. നിർമ്മാതാവും നിർമ്മാണ കമ്പനിയും കഴിഞ്ഞ കുറേ നാളുകളായി തന്നെ വേട്ടയാടുകയാണെന്ന് നടി പറയുന്നു.

‘മനസ് തുറക്കാനുള്ള ധൈര്യം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. പക്ഷെ ഇനി ഒതുക്കി വെക്കേണ്ടതില്ലെന്ന് ഇന്ന് ഞാൻ തീരുമാനിച്ചു. കഴിഞ്ഞ ഒന്നര വർഷമായി കഠിനമായ പ്രതിസന്ധികളിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. എനിക്ക് വിഷാദവും ആൻസൈറ്റിയും അനുഭവിക്കേണ്ടി വന്നു. ഒറ്റയ്ക്കായിപ്പോയതോടെ ഞാൻ പൊട്ടിക്കരഞ്ഞു പോയി. ശുഭ് ശകുൻ ആരംഭിക്കുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു അത്. ഞാനത് ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല, പക്ഷെ മറ്റുള്ളവരുടെ വാക്ക് കേട്ട് തയാറായതാണ്. നിർമ്മാണ കമ്പനിയും നിർമ്മാതാവ് കുന്ദൻ സിംഗും എന്നെ പലവട്ടം അപമാനിച്ചു – കൃഷ്ണ മുഖർജി പറഞ്ഞു.

‘ഒരിക്കൽ അവർ എന്നെ മേക്കപ്പ് മുറിയിൽ പൂട്ടിയിട്ടു. എനിക്ക് സുഖമില്ലായിരുന്നു. അതിനാൽ ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞതിനായിരുന്നു. അവർ എനിക്ക് പ്രതിഫലം നൽകുന്നതുമുണ്ടായിരുന്നില്ല. വസ്ത്രം മാറുമ്പോൾ അവർ വാതിൽ പൊളിഞ്ഞു പോകുന്ന തരത്തിൽ ഇടിച്ച്‌ ശബ്ദമുണ്ടാക്കുകയായിരുന്നു. അഞ്ച് മാസം അവർ എനിക്ക് പ്രതിഫലം തന്നില്ല. അത് വലിയൊരു തുക തന്നെയായിരുന്നു. നിർമ്മാതാവ് പലവട്ടം ഭീഷണിപ്പെടുത്തി. അതോടെ താൻ ഭയന്നു പോയി. പലരോടും സഹായം ചോദിച്ചുവെങ്കിലും ആരും സഹായിക്കാൻ തയാറായില്ല. അവർ അപായപ്പെടുത്തുമോ എന്ന പേടി കാരണം ഇതൊന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് എന്റെ വീട്ടുകാർ പറയാറുണ്ട്. പക്ഷെ ഞാനെന്തിന് ഭയക്കണം? ഇത് എന്റെ അവകാശമാണ്. എനിക്ക് നീതി വേണം’- കൃഷ്ണ കൂട്ടിച്ചേർത്തു.