പ്രൊമോഷന് വരില്ല ;ക്ഷേത്രത്തിൽ പോകും,നയൻതാരയ്ക്കെതിരെ വിമര്‍ശനവുമായി ചെയ്യാറു ബാലു 

പ്രഗല്‍ഭരായ ഒട്ടനവധി നടിമാര്‍ വന്നെങ്കിലും കരിയറിന്റെ ഒരു ഘട്ടത്തില്‍ മാര്‍ക്കറ്റ് മൂല്യം പോവുന്നതാണ് തെന്നിന്ത്യൻ സിനിമാ രംഗത്തെ മിക്ക നായിക നടിമാര്‍ക്കും നേരിടേണ്ടി വന്ന സാഹചര്യം.സിനിമാ ലോകത്തെ ഇന്നലെകള്‍ പരിശോധിച്ചാല്‍ അഭിനയ മികവുള്ള നിരവധി നടിമാര്‍ പ്രശംസ നേടിയിട്ടുണ്ട്.പ്രത്യേകിച്ചും എണ്‍പതുകളും തൊണ്ണൂറുകളും നായിക നടിമാരുടെ സുവര്‍ണകാലമായാണ് അറിയപ്പെടുന്നത്.എന്നാല്‍ അക്കാലത്ത് വന്ന മിക്ക നായികമാരും ഇന്ന് അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി.അതേസമയം നായകൻമാര്‍ സൂപ്പര്‍സ്റ്റാറുകളായി തുടരുകയും ചെയ്തു.എന്നാല്‍ തമിഴകത്ത് ഈ രീതിക്ക് ആദ്യമായി മാറ്റം കൊണ്ട് വരാൻ കഴിഞ്ഞ നടിയാണ് നയൻതാര. ഇരുപത് വര്‍ഷമായി നടി അഭിനയ രംഗത്ത് തുടരുന്നു. അതും മുൻനിര നായിക നടിയായി. നയൻതാരയെ പോലെ കരിയര്‍ ഗ്രാഫില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാൻ കഴിഞ്ഞ നടിമാര്‍ ബോളിവുഡില്‍ പോലും അപൂര്‍വമാണ്. ലേഡി സൂപ്പര്‍ സ്റ്റാറെന്ന ഖ്യാതിയുള്ള നയൻതാരയ്ക്കെതിരെ തമിഴകത്ത് നിന്നും കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വിമര്‍ശനം ഉയരുന്നുണ്ട്. ജവാൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലോ പ്രൊമോഷൻ പരിപാടികളിലോ നയൻതാര എത്താത്തതാണ് വിമര്‍ശനത്തിന് കാരണം. ജവാനില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നവര്‍ വരെ അഭിമുഖങ്ങളില്‍ പങ്കെടുത്ത് സിനിമയെക്കുറിച്ച്‌ സംസാരിക്കുന്നുണ്ട്. എന്നാല്‍ നോ പ്രൊമോഷൻ എന്ന പോളിസിയില്‍ മാറ്റം വരുത്താൻ നയൻതാര തയ്യാറായില്ല. സിനിമയുടെ ഓഡിയോ ലോഞ്ചിന് ഷാരൂഖ് ഖാൻ എത്തിയെങ്കിലും നായികയായ നയൻതാരയെ കണ്ടില്ല. ഇപ്പോഴിതാ നയൻതാരയ്ക്കെതിരെ തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാറു ബാലു ഉന്നയിച്ച വിമര്‍ശനമാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഷാരൂഖ് ഖാൻ  ഉള്‍പ്പെടെ ജവാനിലെ ടീമിനൊപ്പം നയൻതാര തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തിരുപ്പതിയില്‍ പോയ നയൻതാര സിനിമയുടെ പ്രൊമോഷന് വരേണ്ടതല്ലേ എന്ന് ചെയ്യാറു ബാലു ചോദിക്കുന്നു.

ക്ഷേത്രത്തില്‍ ജവാൻ ടീമിനൊപ്പം പോകും എന്നാല്‍ പ്രൊമോഷന് വരില്ലെന്ന് പറയുന്നത് ശരിയല്ല. പ്രൊമോഷന് വരില്ലെന്ന് എന്തിനാണിത്ര നിര്‍ബന്ധം പിടിക്കുന്നതെന്നും ചെയ്യാറു ബാലു ചോദിച്ചു. സിനിമയുടെ പ്രൊമോഷൻ പരിപാടികളില്‍ പങ്കെടുക്കില്ലെന്നത് നയൻതാര ഏറെനാളായി തുടരുന്ന പോളിസിയാണ്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ പ്രൊമോഷന് വേണ്ടി സമയം ചെലവഴിക്കുന്നത് നടിക്കിഷ്ടമല്ല. തുടരെയുള്ള പ്രൊമോഷൻ പരിപാടികള്‍ ബുദ്ധിമുട്ടാണെന്ന് പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രൊമോഷന് വരില്ലെന്ന് തീര്‍ത്ത് പറയാനും ഇക്കാര്യത്തില്‍ കരാര്‍ വെക്കാനും കഴിഞ്ഞത് നയൻതാരയ്ക്കാണ്. നടൻ അജിത്തും താനഭിനയിക്കുന്ന സിനിമയുടെ പ്രൊമോഷനുകള്‍ക്ക് എത്താറില്ല. താരമൂല്യം പരിഗണിച്ച്‌ നയൻസിന്റെയും അജിത്തിന്റെയും നിബന്ധനയ്ക്ക് നിര്‍മാതാക്കള്‍ക്ക് വഴങ്ങാറാണ് പതിവ്. അതേസമയം സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേഴ്സ് കണക്‌ട് എന്ന സിനിമ നിര്‍‌മ്മിച്ചപ്പോള്‍ ഇതിന്റെ പ്രൊമോഷന് നയൻതാര എത്തി. ഇതാണ് നടിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടിയത്. നടിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ റെക്കോഡ് കളക്ഷനുമായി ബോക്സ് ഓഫീസില്‍ മുന്നേറുകയാണ്. 550 കോടി രൂപയിലേറെ ഇതിനകം സിനിമ കളക്‌ട് ചെയ്തു. അറ്റ്ലി കുമാർ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതി, പ്രിയാമണി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ജവാന് ശേഷം ഇരൈവൻ എന്ന ചിത്രമാണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ളത്. ജയം രവിയാണ് ചിത്രത്തിലെ നായകൻ. മലയാളത്തില്‍ താരത്തിന്റെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഗോള്‍ഡ് ആണ് നയൻതാര നായികയായെത്തിയ അവസാനത്തെ മലയാള സിനിമ. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.