നിന്നെ ഓര്‍ക്കാതെ ഒരു ദിവസവും കടന്നു പോകുന്നില്ല ; സുജാതയുടെ വൈകാരികമായ കുറിപ്പ് 

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് രാധിക തിലക്. എന്നെന്നും മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്തു വയ്ക്കുന്ന ഒരുപിടി മനോഹര ഗാനങ്ങള്‍ ആലപിച്ച്‌ അകാലത്തില്‍ രാധിക തിലക് ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞെങ്കിലും ആ മുഖവും…

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് രാധിക തിലക്. എന്നെന്നും മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്തു വയ്ക്കുന്ന ഒരുപിടി മനോഹര ഗാനങ്ങള്‍ ആലപിച്ച്‌ അകാലത്തില്‍ രാധിക തിലക് ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞെങ്കിലും ആ മുഖവും ആ സ്വരവും സംഗീതപ്രേമികളുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്. ഇന്നലെ രാധികയുടെ ഓർമ ദിവസമായിരുന്നു. രണ്ടായിരത്തി പതിനഞ്ച്  സെപ്തംബര്‍ ഇരുപതിനായിരുന്നു രാധിക മരിക്കുന്നത്. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കവെയായിരുന്നു മരണം. പാതിവഴിയില്‍ നിലച്ചു പോയ ഒരു പാട്ടുപോലെ എന്നാണ് രാധികയുടെ ജീവിതത്തെ പ്രിയപ്പെട്ടവര്‍ വിശേഷിപ്പിക്കാറുള്ളത്. പിന്നണി ഗായിക സുജാത മോഹൻ, ജി വേണുഗോപാല്‍ എന്നിവരുടെ അടുത്ത ബന്ധു കൂടിയായിരുന്നു രാധിക. രാധികയുടെ അമ്മയുടെ ചേച്ചിയുടെ മകളായിരുന്നു സുജാത. സുജാതയുടെ അനിയത്തി എന്ന പേരിലാണ് രാധിക തിലക് മലയാളത്തില്‍ അറിയപ്പെട്ടിരുന്നതും. തന്റെ റോള്‍ മോഡല്‍ സുജാത ചേച്ചിയാണെന്ന് രാധിക പല തവണ പറഞ്ഞിട്ടുണ്ട്. വളരെ അടുത്ത ആത്മ ബന്ധമായിരുന്നു ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. രാധികയുടെ ഓരോ ഓര്‍മ ദിനത്തിലും തന്റെ പ്രിയപ്പെട്ട അനിയത്തിയുടെ ഓര്‍മ്മകള്‍ പങ്കു വച്ചുകൊണ്ട് സുജാത എത്താറുണ്ട്. അതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സുജാത പങ്കുവച്ച പുതിയ പോസ്റ്റും വൈറലാവുകയാണ്. എന്റെ കുഞ്ഞനിയത്തി, നിന്നെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ ഇല്ലാതെ എന്റെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല’ എന്ന് സുജാത പറയുന്നു. രാധികയ്ക്ക് ഒപ്പമുള്ള പഴയ ചിത്രം പങ്കുവച്ചു കൊണ്ടാണ് സുജാതയുടെ കുറിപ്പ്. രാധിക മലയാള സിനിമ സംഗീത ലോകത്തിന്റെ വലിയൊരു നഷ്ടം തന്നെയാണ് എന്നാണ് ചിത്രത്തിന് താഴെ ആരാധകരും കുറിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തിലാണ് രാധിക തിലക് ജനിച്ചത്. കോളേജില്‍ പഠിക്കുമ്പോള്‍ യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിക്കൊണ്ടായിരുന്നു സംഗീത വേദികളിലേക്ക്  രാധിക ചുവടു വച്ചത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് രാധിക സിനിമാ സംഗീത ലോകത്തേക്ക് എത്തുന്നത്. ആയിരത്തി തൊള്ളായിരത്തി എൺപത്തിയൊൻപതിൽ പുറത്തിറങ്ങിയ സംഘഗാനം എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തി. ദൂരദര്‍ശനിലെ ലളിത ഗാനങ്ങളിലൂടെയാണ് രാധിക തിലക് എന്ന ഗായിക ടെലിവിഷൻ പ്രേക്ഷകര്‍ക്കു സുപരിചതയാകുന്നത്. ഗുരു എന്ന ചിത്രത്തിലെ ദേവസംഗീതം നീയല്ലേ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ, നന്ദനത്തിലെ മനസില്‍ മിഥുനമഴ, ഒറ്റയാള്‍ പട്ടാളത്തിലെ മായാമഞ്ചലില്‍, ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെ ഉള്ളുടുക്കും കൊട്ടി എന്നിങ്ങനെ രാധിക തിലകിന്റെ ശബ്ദ മാധുരിയില്‍ പിറന്ന പാട്ടുകള്‍ ഏറെയാണ്. ഇതേസമയം തന്നെ  നിരവധി സ്റ്റേജ് ഷോകളില്‍ തിളങ്ങുവാനും രാധികയ്ക്ക് കഴിഞ്ഞു. യേശുദാസ്, ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ സാന്നിദ്ധ്യമായിരുന്നു. യേശുദാസ്, എംജി ശ്രീകുമാര്‍, ജി വേണു ഗോപാല്‍ എന്നിവര്‍ക്കൊപ്പം ഇരുപാട് ഗാനങ്ങള്‍ ആലപിക്കാൻ രാധികയ്ക്ക് സാധിച്ചു. സിനിമകള്‍ക്ക് പുറമെ ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലുമെല്ലാം സജീവമായിരുന്നു രാധിക. വിവാഹശേഷം ദുബായില്‍ ആയിരിക്കെ കുറച്ചു കാലം ടെലിവിഷൻ അവതാരകയായും പ്രവര്‍ത്തിച്ചു. മലയാളത്തില്‍ എണ്‍പതോളം സിനിമകള്‍കള്‍ക്കു വേണ്ടി രാധിക ഗാനങ്ങള്‍ ആലപിച്ചു. എങ്കിലും അര്‍ഹിച്ചതു പോലെയുള്ള അംഗീകാരങ്ങള്‍ ഈ ഗായികയെ തേടിയെത്തിയില്ല എന്ന് നിസ്സംശയം പറയാം. പലപ്പോഴും സിനിമയ്ക്ക് വേണ്ടി പാടിയിരുന്നെങ്കിലും അവയൊന്നും പുറത്തു വന്നില്ല. രാധികയുടെ ഗാനങ്ങളില്‍ പലതും കാസറ്റുകളില്‍ ഒതുങ്ങി പോയി.