‘പ്രതിസന്ധികൾ നേരിടുമ്പോൾ സമൂഹം കുറ്റപ്പെടുത്തുന്നത് സ്ത്രീകളെ’; സമൂഹത്തിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചു വാങ്ങണമെന്ന് ഉർവ്വശി

പ്രവർത്തനമേഖലകളിൽ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകൾ സമൂഹത്തിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടതെന്ന് നടി ഉർവശി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിത…

പ്രവർത്തനമേഖലകളിൽ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകൾ സമൂഹത്തിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടതെന്ന് നടി ഉർവശി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉർവശി. സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നുവരേണ്ടതുണ്ട്.

തുല്യതയ്ക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തുപിടിച്ച് മുന്നേറുകയാണ് വേണ്ടത്. വ്യക്തിജീവിതത്തിലും കലാജീവിതത്തിലും പ്രതിസന്ധികൾ നേരിടുമ്പോൾ സ്ത്രീകളെയാണ് പൊതുവെ സമൂഹം കുറ്റപ്പെടുത്താറുള്ളത്. നായികാ പ്രാധാന്യമുള്ള സിനിമകൾ എന്റെ തിരഞ്ഞെടുപ്പായിരുന്നില്ല. ഗുരുക്കളെപ്പോലുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും എനിക്ക് തന്നവയാണ് ഉൾക്കരുത്തുള്ള കഥാപാത്രങ്ങൾ. സംവിധാനത്തിൽ മാത്രമല്ല ,സാങ്കേതിക മേഖലകളിലും സ്ത്രീകൾ മുന്നോട്ടു വരണം.

മലയാളത്തിലും തെലുങ്കിലും നിരവധി സിനിമകൾ സംവിധാനം ചെയ്ത വിജയനിർമ്മലയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതിൽ തനിക്ക് അക്കാലത്ത് വലിയ വിഷമം തോന്നിയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായി ‘ദ ഗ്രീൻ ബോർഡർ’ പ്രദർശിപ്പിച്ചു. ഫെബ്രുവരി 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 31 സിനിമകൾ പ്രദർശിപ്പിക്കും. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, സംഗീതപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.

2022ലെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ദേവി വർമ്മയെ ചടങ്ങിൽ ആദരിച്ചു. “സമം” പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ സുജ സൂസൻ ജോർജ്, മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ദേശീയ അവാർഡ് ജേതാവായ അതിഥി കൃഷ്ണ ദാസ്,”കിസ്സ് വാഗൺ” എന്ന ചിത്രത്തിന് റോട്ടർഡാം ചലച്ചിത്ര മേളയിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടിയ മിഥുൻ മുരളി, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം സോഹൻ സിനുലാൽ, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവർ സംസാരിച്ചു.