മധുവിന് സംഭവിച്ചത് സിനിമയാകുന്നു..!! ‘ആദിവാസി’ ട്രെയിലര്‍ പുറത്ത്!!

വിശപ്പിന്റെ പേരില്‍ ഒരാളെ തല്ലിക്കൊന്നപ്പോള്‍ ഈ ലോകത്തിന് മുന്നില്‍ തന്നെ കേരളക്കര തലകുനിച്ച് നിന്ന് പോയി. ഇന്നിതാ ആ സംഭവം സിനിമയാകുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം…

വിശപ്പിന്റെ പേരില്‍ ഒരാളെ തല്ലിക്കൊന്നപ്പോള്‍ ഈ ലോകത്തിന് മുന്നില്‍ തന്നെ കേരളക്കര തലകുനിച്ച് നിന്ന് പോയി. ഇന്നിതാ ആ സംഭവം സിനിമയാകുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ കേസ് ഇപ്പോഴും നടന്നകൊണ്ടിരിക്കെയാണ് സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ട്രെയിലറും പുറത്ത് വന്നിരിക്കുകയാണ്.

ആദിവാസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്താണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ മറ്റ് ആദിവാസി കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവം. ഇതൊരു സിനിമയാകുമ്പോള്‍ കഥ ഏത് രീതിയിലായിരിക്കും വരിക എന്ന ചോദ്യത്തിലാണ് പ്രേക്ഷകര്‍. പ്രതികളെ ശിക്ഷിക്കാത്തതില്‍ മധുവിന്റെ കുടുംബം ഇപ്പോഴും പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തിലാണ് ഈ സിനിമയുടെ വിശേഷങ്ങളും പുറത്ത് വരുന്നത്.

വിജീഷ് മണിയാണ് ആദിവാസിയുടെ സംവിധായകന്‍. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)’ എന്ന സിനിമയ്ക്കു ശേഷം അതേ ടീം ഒരുമിക്കുന്ന ചിത്രമാണിത്. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ: സോഹന്‍ റോയ് ആണ് നിര്‍മ്മാണം. വിശപ്പും വര്‍ണ്ണ വിവേചനവും പരിസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവുമൊക്കെ പ്രതിപാദ്യ വിഷയങ്ങളാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്.