എമര്‍ജന്‍സി കണ്ടാല്‍ ആരും എന്നെ പ്രധാനമന്ത്രിയാക്കില്ല-കങ്കണ റണാവത്

ബോളിവുഡിലെ ആരാധകരേറെയുള്ള താരമാണ് നടി കങ്കണ റണാവത്. സാമൂഹിക വിഷയങ്ങളിലെല്ലാം നിലപാടുകള്‍ തുറന്നുപറയാറുണ്ട് കങ്കണ. താരത്തിന്റെ പല നിലപാടുകള്‍ക്കും രൂക്ഷമായ വിമര്‍ശനം നേരിടാറുണ്ട്. നിരന്തരം സൈബര്‍ അറ്റാക്കിനും താരം ഇരയാകാറുണ്ട്. ബിജെപിയെ പിന്തുണയ്ക്കുന്ന താരത്തിന്റെ…

ബോളിവുഡിലെ ആരാധകരേറെയുള്ള താരമാണ് നടി കങ്കണ റണാവത്. സാമൂഹിക വിഷയങ്ങളിലെല്ലാം നിലപാടുകള്‍ തുറന്നുപറയാറുണ്ട് കങ്കണ. താരത്തിന്റെ പല നിലപാടുകള്‍ക്കും രൂക്ഷമായ വിമര്‍ശനം നേരിടാറുണ്ട്. നിരന്തരം സൈബര്‍ അറ്റാക്കിനും താരം ഇരയാകാറുണ്ട്. ബിജെപിയെ പിന്തുണയ്ക്കുന്ന താരത്തിന്റെ പരാമര്‍ശങ്ങളെല്ലാം അത്തരത്തിലാണ് പ്രേക്ഷകര്‍ എടുക്കാറുള്ളത്. താരം ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും കങ്കണ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ, ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കി മറുപടിയാണ് ശ്രദ്ധേയമാകുന്നത്. നടിയുടെ പുതിയ ചിത്രം ‘റസാക്കര്‍: സൈലന്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദ്’ന്റെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് താരത്തിന്റെ പ്രതികരണം.

‘എന്റെ പുതിയ ചിത്രം എമര്‍ജന്‍സി കണ്ടു കഴിഞ്ഞാല്‍ ആരും എന്നെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കില്ല’ എന്ന് താരം പറഞ്ഞു. കങ്കണ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തില്‍ ഇന്ദിരാഗാന്ധിയായിട്ടാണ് കങ്കണ എത്തുന്നത്. 1975 മുതല്‍ 77 വരെ ഇന്ത്യയില്‍ പ്രഖ്യാപിച്ച എമര്‍ജന്‍സി കാലഘട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ വര്‍ഷം നവംബര്‍ 24ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ഇന്ദിരാ ഗാന്ധിയുടെ ലുക്കിലുള്ള താരത്തിന്റെ മേക്കോവര്‍ എല്ലാം വൈറലായിരുന്നു. ശ്രേയസ് താപ്ഡെയാണ് ചിത്രത്തില്‍ അടല്‍ ബിഹാരി ബാജ്പേയി ആയി വേഷമിടുന്നത്. മലയാളി താരം വിശാഖ് നായര്‍ ചിത്രത്തില്‍ സഞ്ജീവ് ഗാന്ധിയായി എത്തുന്നുണ്ട്. അനുപം ഖേര്‍, അശോക് ഛബ്ര, മഹിമ ചൗധരി, മിലിന്ദ് സോമന്‍, സതീഷ് കൗശിക്, ലാറി ന്യൂയോര്‍ക്കര്‍ എന്നിവരൊക്കെ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.