വ്രതം കൃത്യമാണെങ്കില്‍ ഭക്തി യഥാര്‍ഥമാണെങ്കില്‍ വേദനിക്കില്ല!! അഗ്‌നിക്കാവടിയാടി കാര്‍ത്തിക് സൂര്യ

ജീവിതത്തിലെ പല ആഗ്രഹങ്ങളും സഫലമാക്കാന്‍ വഴിപാടുകള്‍ നേരാറുണ്ട് പലരും. നന്ദി സൂചകമായി നേര്‍ച്ചകളും നടത്താറുണ്ട്. ഇപ്പോഴിതാ ജീവിതത്തില്‍ ആദ്യമായി അഗ്‌നിക്കാവടി എടുത്ത വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അവതാരകന്‍ കാര്‍ത്തിക് സൂര്യ. കാവടിയുടെ വ്രതത്തിനെ കുറിച്ചെല്ലാം കാര്‍ത്തിക്…

ജീവിതത്തിലെ പല ആഗ്രഹങ്ങളും സഫലമാക്കാന്‍ വഴിപാടുകള്‍ നേരാറുണ്ട് പലരും. നന്ദി സൂചകമായി നേര്‍ച്ചകളും നടത്താറുണ്ട്. ഇപ്പോഴിതാ ജീവിതത്തില്‍ ആദ്യമായി അഗ്‌നിക്കാവടി എടുത്ത വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അവതാരകന്‍ കാര്‍ത്തിക് സൂര്യ. കാവടിയുടെ വ്രതത്തിനെ കുറിച്ചെല്ലാം കാര്‍ത്തിക് പങ്കുവയ്ക്കുന്നുണ്ട്.

അയ്യപ്പന് കറുപ്പാണെങ്കില്‍ മുരുകന് കാവിയാണ്. താന്‍ ജീവിതത്തില്‍ ആദ്യമായി ഒരു അഗ്‌നിക്കാവടി എടുക്കാന്‍ പോവുകയാണ്. ആദ്യമായി പതിനാറു വയസ്സിലാണ് കാവടി എടുക്കുന്നത്. ഇപ്പോള്‍ ഈ കാവടി എടുക്കാന്‍ കാരണമുണ്ട്. മലേഷ്യയില്‍ മുരുകന്‍ കോവിലില്‍ ചെന്നപ്പോഴാണ് തനിക്ക് വേല്‍ കുത്തി അഗ്നിക്കാവടി എടുക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായത്. തെക്കന്‍ കേരളത്തിലെ സുബ്രഹ്‌മണ്യക്ഷേത്രങ്ങളില്‍ ഉത്സവത്തിന്റെ ഭാഗമായിട്ടാണ് അഗ്‌നിക്കാവടി എടുക്കാറുള്ളതെന്നും കാര്‍ത്തിക് പറയുന്നു.

മലേഷ്യയില്‍ വലിയ മലയിലൂടെ 272 പടി കയറി വേണം മുരുകന്‍ കോവിലില്‍ എത്താന്‍. അവിടെ എത്തിയപ്പോള്‍ മനസ് ഭയങ്കര കൂളായി. വേല്‍ കുത്തി അഗ്നിക്കാവടി എടുക്കണമെന്ന ആഗ്രഹം അന്ന് മനസില് കയറി. കാവടി എടുക്കുമ്പോള്‍ മനസ്സ് നിറഞ്ഞ് കവടി എടുത്ത് ആഴിയില്‍ തന്നെ ഇറങ്ങാം എന്ന് തീരുമാനിച്ചു. കഠിനമാണ് കാവടിയുടെ വ്രതം.

എല്ലാ ദിവസവും രാവിലെ നിര്‍മാല്യം കണ്ടു തൊഴണം. അഞ്ചുമണിയ്ക്ക് ദര്‍ശനം നടത്താന്‍ രാവിലെ നാലുമണിക്കെങ്കിലും എഴുന്നേറ്റ് പോകണം. വ്രതമെടുക്കുന്ന 21 ദിവസവും കാലില്‍ ചെരുപ്പിടാന്‍ പാടില്ല. എല്ലാ ദിവസവും രാത്രി ദീപാരാധനയും തൊഴണം. ഭക്ഷണം മുഴുവന്‍ ദിവസവും സസ്യഭക്ഷണം മാത്രം.
വ്രതത്തിനിടെ രണ്ട് ഇവന്റുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. വ്രതത്തിന്റെ സമയത്ത് ആള്‍ക്കൂട്ടത്തിന് ഇടയില്‍ പോകാന്‍ പാടില്ലായിരുന്നു, അതുകൊണ്ടാണെന്നും കാര്‍ത്തിക് പറയുന്നു.

എന്തിനാണ് ഇത്രയും വേദന എടുത്ത് ഇത് ചെയ്യുന്നതെന്ന് ചോദിക്കുന്നവരോട്, കാവടി എടുക്കുമ്പോള്‍ നമ്മള്‍ വേദന അറിയില്ല. അമ്പലത്തില്‍ ചെന്ന് കണ്ണടച്ചു നിന്ന് തൊഴുമ്പോള്‍ ചെണ്ടമേളം കേള്‍ക്കുന്നതിനിടയില്‍ വേദന അറിയില്ലെന്ന് താരം പറയുന്നു. ഞാന്‍ കണ്ണടച്ച് നില്‍ക്കുമ്പോള്‍ കവിളില്‍ കിറു കിറു എന്ന ശബ്ദം കേട്ടു. കണ്ണ് തുറന്നപ്പോള്‍ കാവടി കുത്തി നില്‍ക്കുകയായിരുന്നു താന്‍ എന്നും കാര്‍ത്തിക് പറയുന്നു.

കാത് കുത്തിയപ്പോള്‍ പോലും ഞാന്‍ കരഞ്ഞിരുന്നു, പക്ഷേ നമ്മുടെ വ്രതം കൃത്യമാണെങ്കില്‍ നമ്മുടെ ഭക്തി യഥാര്‍ഥമാണെങ്കില്‍ കാവടിയ്ക്ക് കുത്തുമ്പോള്‍ വേദനിക്കില്ല. ദൈവത്തിന്റെ അനുഗ്രഹം ഉള്ളവര്‍ക്ക് മാത്രമേ കാവടി എടുക്കാന്‍ പറ്റുകയൂള്ളൂ.

രണ്ട് പ്ലാവില്‍ കാപ്പ് കെട്ടി അതിന്റെ അനുവാദം ചോദിച്ചിട്ട് അത് മുറിച്ച് കത്തിച്ച് കനല്‍ ഉണ്ടാക്കി ആ കനലില്‍ ആണ് നടക്കുക. പണ്ട് താന്‍ കാവടി എടുത്തപ്പോള്‍ 21 ദിവസത്തെ വ്രതം എടുത്തു. അന്ന് എത്ര ദീപാരാധന കണ്ടിട്ടും എത്ര തൊഴുതിട്ടും അനുഗ്രഹം കിട്ടുന്നില്ല. അന്ന് ഞങ്ങളുടെ ഒരു സുഹൃത്ത് ഗിരി അണ്ണനാണ് എന്നെ ഒരുപാട് അമ്പലങ്ങളില്‍ കൊണ്ടുനടന്ന് തൊഴുവിച്ചിട്ടുണ്ട്. എന്നിട്ടൊന്നും അനുഗ്രഹം കിട്ടിയിട്ടില്ല. അപ്പോഴാണ് അറിഞ്ഞത് താന്‍ കുടുംബ ക്ഷേത്രത്തില്‍ നിന്നും അനുവാദം വാങ്ങിയിട്ടില്ല എന്നത്.

അങ്ങനെ അവിടെ ചെന്ന് തൊഴുത് അനുവാദം വാങ്ങി. കാപ്പ് കെട്ടുന്നതിന്റെ അന്നാണ് തനിക്ക് അനുഗ്രഹം കിട്ടിയത്. കാപ്പ് എന്ന് പറഞ്ഞാല്‍ ഒരു ചെറിയ നൂലാണ് കാവടി എടുക്കുന്നതിന് മുന്നേ നമ്മുടെ കയ്യില്‍ കെട്ടും. അത് കിട്ടിക്കഴിഞ്ഞാല്‍ വ്രതം കുറച്ചുകൂടി കടുക്കും. നമ്മള്‍ വളരെ ശ്രദ്ധിച്ചു മാത്രമേ പിന്നെ നടക്കാന്‍ പാടുള്ളൂ, എന്നും കാര്‍ത്തിക് സൂര്യ പറഞ്ഞു.