അശ്വതി ടീച്ചറെ മറന്നോ?….!! ഇനി ഇവള്‍ വിനുവിന്റെ സ്വന്തം മീര…

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനുപാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിയ്ക്കുന്ന ചിത്രമാണ് അജഗജാന്തരം. ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും ഒരുകൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അവിടെ നടക്കുന്ന സംഭവങ്ങളുമാണ്…

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനുപാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിയ്ക്കുന്ന ചിത്രമാണ് അജഗജാന്തരം. ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും ഒരുകൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ്. വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിലെ നായികയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ ചിത്രത്തിന് ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായി നടി ശ്രീരഞ്ജിനി അജഗജാന്തരത്തില്‍ എത്തുകയാണ്. തണ്ണീര്‍മത്തനില്‍ അശ്വതി ടീച്ചര്‍ ആയി എത്തിയ ശ്രീരഞ്ജിനി ടിനു പാപ്പച്ചന്‍ ചിത്രം ‘അജഗജാന്തര’ത്തില്‍ മീര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ എഴുത്തുകാരന്‍ കൂടിയായ വിനീത് വിശ്വം അവതരിപ്പിക്കുന്ന വിനു എന്ന കഥാപാത്രത്തിന്റെ പ്രണയിനിയാണ് മീര.
ചെമ്പന്‍ വിനോദ്, സാബുമോന്‍, അര്‍ജുന്‍ അശോക്, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ബീറ്റോ ഡേവിസ്, സിനോജ് വര്‍ഗീസ്, ലുക്ക്മാന്‍, രാജേഷ് ശര്‍മ, ടിറ്റോ വില്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ജേക്സ് ബിജോയ് സംഗീതവും നിര്‍വ്വഹിച്ചത്. ആന്റണി വര്‍ഗീസ് നായകനാകുന്ന അജഗജാന്തരം ഒരു ഗംഭീര ആക്ഷന്‍ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം ഡിസംബര്‍ 23ന് തിയേറ്ററുകളിലെത്തും.