ബിഗ് ബോസ് കിരീടവുമായി അഖില്‍ നേരെ പോയത് ജോജു ജോര്‍ജ്ജിനെ കാണാന്‍!!

ബിഗ് ബോസ് സീസണ്‍ 5 വിജയിയായിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ബിഗ് ബോസ് കിരീടവുമായി അഖില്‍ നേരെ എത്തിയത് സുഹൃത്തും നടനുമായ ജോജു ജോര്‍ജുവിന്റെ അടുത്തേക്കാണ്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അഖില്‍ ആദ്യം പോയത് ജോജുവിനെ…

ബിഗ് ബോസ് സീസണ്‍ 5 വിജയിയായിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍.
ബിഗ് ബോസ് കിരീടവുമായി അഖില്‍ നേരെ എത്തിയത് സുഹൃത്തും നടനുമായ ജോജു ജോര്‍ജുവിന്റെ അടുത്തേക്കാണ്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അഖില്‍ ആദ്യം പോയത് ജോജുവിനെ കാണാനാണ്.

അഖില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ഒരു താത്വിക അവലോകന’ത്തില്‍ നായകന്‍ ജോജു ആയിരുന്നു. പുതിയ ചിത്രത്തിനെ കുറിച്ച് സംസാരിക്കാനാണ് ജോജുവിന്റെ അടുത്തെത്തിയത്. ജോജു അഞ്ചാം തീയതി യുകെയിലേക്ക് പോകും അതുകൊണ്ടാണ് വേഗം തന്നെ കൂടിക്കാഴ്ച നടത്തിയതെന്നും അഖില്‍ പറയുന്നു.

ജോജു ജോര്‍ജ് തനിക്ക് ഗുരു തുല്യനാണ്. ഒരുപാട് കടപ്പാടുകള്‍ ഉണ്ടെന്നും അഖില്‍ പറയുന്നു. ഞാന്‍ കണ്ടതൊന്നുമല്ല സിനിമ എന്ന് മനസ്സിലാക്കി തന്ന ആളാണ് ജോജു ചേട്ടന്‍. നിങ്ങള്‍ ചിന്തിക്കുന്നതിനു അപ്പുറത്താണ് ആ മനുഷ്യന്റെ ഉള്ളിലെ സിനിമ. സിനിമയെക്കുറിച്ചുള്ള കാര്യങ്ങളില്‍ അപാര അറിവാണെന്നും അഖില്‍ പറയുന്നു.

നീ നന്നായി പഠിച്ച് സിനിമ ചെയ്യണം എന്നാണ് ജോജു പറയാറുള്ളത്. അന്നും ഇന്നും ഞാന്‍ എന്ന മനുഷ്യനെയാണ് ഈ നല്ല മനുഷ്യന്‍ സ്‌നേഹിക്കുന്നത്. പുള്ളിയുടെ ഒരു റിഫ്‌ലക്ഷന്‍ ആണ് താന്‍ എന്ന് ജോജു ചേട്ടന്‍ പറയാറുണ്ട്. അദ്ദേഹത്തിന്റെ ഒരു പഴയകാലം പോലെയാണ് ഞാന്‍ എന്നാണ് പറയാറുള്ളതെന്നും അഖില്‍ പറയുന്നു.

അഖിലിന്റെ പെരുമാറ്റമാണ് അഖിലിനോട് തന്നെ അടുപ്പിച്ചതെന്നു ജോജു ജോര്‍ജ് പറയുന്നു. സാഗര്‍, ജുനൈസ് എന്നിവരെ നേരില്‍ കണ്ടു സംസാരിച്ചിരുന്നെന്നും അടുത്ത പടത്തില്‍ സാഗറും ജുനൈസും അഖിലും ഉണ്ടെന്നും ജോജു ജോര്‍ജ് വ്യക്തമാക്കി.

അഖില്‍ മാരാര്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്. പക്ഷേ അടിസ്ഥാനപരമായി നല്ലൊരു മനുഷ്യനാണ്. അതറിയാവുന്നതുകൊണ്ടാണ് ഞങ്ങള്‍ തമ്മില്‍ അടുത്തത്. അഖിലിന്റെ കളിയും വിജയവും ഒക്കെ എനിക്ക് ഒരുപാടു ഇഷ്ടമായെന്നും ജോജു പറയുന്നു.

മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ അടിപൊളി ആണ്. അവന്റ കുടുംബത്തോടും സഹജീവികളോടുമൊക്കെ പെരുമാറുന്നത് കണ്ടാല്‍ അറിയാം. അതിനു കിട്ടിയ റിസള്‍ട്ടാണ് വിജയം. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നത് ബിഗ് ബോസില്‍ അഖില്‍, ഷിജു അടക്കമുള്ളവര്‍ ഒരുപാട് രസിപ്പിച്ചിട്ടുണ്ടെന്നാണ്. ഇവന്റെ ഡയലോഗ് ഒക്കെ പിള്ളേര് മാസ്സ് ആയി പറയുന്നുണ്ട്. അതൊക്കെ ഭയങ്കര കഴിവല്ലേ. ഇതൊരു കരിയര്‍ ആയി അഖില്‍ മാറ്റണം എന്നാണ് എന്റെ അഭിപ്രായം.

ഞങ്ങള്‍ കുറെ നാളുകളായി പല പ്രോജക്ടുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അഖില്‍ ഒരു നല്ല നടന്‍ ആണ്, അഭിനയിക്കാന്‍ കഴിയുന്ന കലാകാരനാണ്. ഞാന്‍ സാഗറിനെയും ജുനൈസിനെയും കണ്ടിരുന്നു. അവരും അഖിലും എന്റെ അടുത്തൊരു സിനിമയിലുണ്ട്. ഇവന്‍ ബിഗ് ബോസില്‍ ഓരോരുത്തരെ എടുത്തിട്ട് ഇടിക്കുന്ന കാണുമ്പോ എനിക്ക് പേടി ആകും, ദൈവമേ ഇവന്‍ ആളെ കൊന്നിട്ടാണോ വരാന്‍ പോകുന്നത് എന്ന് ചിന്തിക്കും. അവന്‍ വെറുതെ പറയാറില്ല ഇടിക്കുമെന്നു പറഞ്ഞാല്‍ ഇടിക്കും. അതാണ് ഞങ്ങള്‍ തമ്മിലുള്ള ഒരു കണക്ഷനെന്നും ജോജു പറയുന്നു.