‘ ആ വിഡ്ഢികൾ എന്റെ ജീവിതം നശിപ്പിച്ചു’; തീയറ്റർ ഉടമകൾക്കെതിരെ അൽഫോൺസ് പുത്രൻ

മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്‌തിട്ടുള്ളൂ എങ്കിലും ജനപ്രിയനാണ് അൽഫോൺസ് പുത്രൻ. നേരം, പ്രേമം തുടങ്ങിയ ന്യൂജെൻ സിനിമകളിലൂടെ യുവാക്കളുടെ ഇഷ്‌ടസംവിധായകനായി അൽഫോൺസ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറിയിരുന്നു. എന്നാൽ അടുത്തിടെയാണ് താരം തന്റെ ആരോഗ്യപ്രശ്‌നങ്ങൾ തുറന്നുപറഞ്ഞത്. ഇത് ആരാധകരിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.എന്നാൽ തന്റെ ആരോഗ്യം നശിക്കാൻ കാരണം തിയേറ്റർ ഉടമകളാണെന്ന് ആരോപിച്ച് താരം രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ഇൻസ്‌റ്റഗ്രാമിൽ പ്രമുഖ തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ്, നടൻ ബോബി സിംഹ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ അൽഫോൺസ് പങ്കുവച്ചിരുന്നു. ഇതിന്റെ താഴെ വന്ന കമന്റിന് മറുപടിയായാണ് സംവിധായകൻ തിയേറ്റർ ഉടമകൾക്ക് എതിരെ ആഞ്ഞടിച്ചത്.

ഇനി ഫീച്ചർ ഫിലിംസ് ചെയ്യുന്നില്ലേ എന്ന ചോദ്യത്തിനായിരുന്നു അൽഫോൺസിന്റെ മറുപടി. “തിയേറ്ററിൽ വേണോ വേണ്ടയോ എന്ന് മാത്രം താൻ  തീരുമാനിച്ചിട്ടില്ല. തിയേറ്റർ ഓപ്പൺ ചെയ്‌തു റിവ്യൂ ഇടാൻ സഹായം ചെയ്‌തു കൊടുത്തത് തിയേറ്റർ ഉടമകൾ തന്നെയല്ലേ ? അവർക്ക് വേണ്ടി താനെന്തിനാ  കഷ്‌ടപ്പെടുന്നേ എന്നാണ് അൽഫോൻസ് പുത്രൻ ചോദിക്കുന്നത് . ഏതെങ്കിലും ഒരു തിയേറ്ററുകാരൻ തന്റെ  സിനിമ പ്രൊമോട്ട് ചെയ്‌തോ ? അവർ പറയുന്ന ഡേറ്റ് ആയിരുന്നു ഓണത്തിന്റെ സമയം , തീയറ്ററുടമകൾ  പറയുന്ന ഡേറ്റിൽ വേണം റിലീസ് ചെയ്യാൻ. ഒരു എഴുത്തുകാരൻ ഇവരേക്കാൾ ആയിരം മടങ്ങ് വലുതാണ് എന്നും  അൽഫോൺസ് പ്രതികരിച്ചു.നിങ്ങൾ എന്നെ ഒരു സംവിധായകനായി കാണുന്നുവെന്നത് ശരി. ഒരു മുറിയിലിരുന്ന് ഈ സിനിമയിലെ സാങ്കേതിക പ്രവർത്തകർക്ക് എല്ലാം ജോലി ചെയ്യാൻ, ഒരു സിനിമയായി തീർക്കാൻ ഒരു ചെറിയ എഴുത്തുകാരൻ എഴുതുകയാണ്. എന്നാൽ മാത്രമേ സിനിമ പ്രദർശിപ്പിക്കാൻ കഴിയുകയുള്ളൂ.

എന്റെ കണ്ണീരിന് എനിക്ക് പ്രതിഫലം കിട്ടണം, തിയേറ്റർ ഉടമകൾ നശിക്കാൻ അനുവദിച്ച എല്ലാ എഴുത്തുകാർക്കും നഷ്‌ടപരിഹാരം കിട്ടണം.” അൽഫോൺസ് പറയുന്നു. ‘എങ്കിലേ എന്റെ കണ്ണീർ എന്നിൽ നിന്ന് പോകൂ, എന്റെ മാത്രമല്ല മറ്റ് എഴുത്തുകാരുടെയും. എന്നാൽ മാത്രമേ അൽഫോൺസ് പുത്രൻ ആലോചിക്കൂ എന്നും പറയുന്നുണ്ട് സംവിധായകൻ. താനൊരു സൂപ്പർ മാനല്ല ചാടിയെഴുന്നേറ്റ് സിനിമകൾ ചെയ്യാൻ എന്നും  തനിക്ക് ആരോഗ്യ പ്രശ്‍നങ്ങളുണ്ട്, ഈ വിഡ്ഢികൾ ഉണ്ടാക്കിയ നഷ്‌ടങ്ങൾ കാരണമാണ് അത് പരിഹരിക്കപ്പെടാതെ പോവുന്നത്’ അൽഫോൺസ് തിയേറ്റർ ഉടമകൾക്ക് എതിരെ ആഞ്ഞടിച്ചു. ഇതിനിടെ തന്റെ അസുഖത്തെ കുറിച്ച് ചോദിച്ച കമന്റിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. നിങ്ങള്‍ക്ക് എന്തോ ഓട്ടിസം പോലെ വന്നു എന്ന് കേട്ടു. എല്ലാം നിര്‍ത്തുന്നു എന്നൊക്കെ പറഞ്ഞു. ഇപ്പോ എങ്ങനെയാണ് ആരോഗ്യം?” എന്ന കമന്റിനാണ് അല്‍ഫോണ്‍സ് പുത്രന്‍ മറുപടി നല്‍കിയത്. ”ഞാന്‍ പെട്ടിക്കടയില്‍ നിന്നും കഴിഞ്ഞ മാസം വാങ്ങിച്ചപ്പോ കിട്ടിയതല്ല. അതു കണ്ടുപിടിച്ചത് ഇപ്പോഴാണ്. കൂടവെ പുറന്തത്, പടയപ്പ സ്‌റ്റൈല്‍ മാതിരി” എന്നാണ് സംവിധായകന്റെ മറുപടി. അതേസമയം തന്റെ പുതിയ സിനിമക്കായി  സംവിധാന സഹായികളെ  തേടിക്കൊണ്ടുള്ള ഒരു പോസ്റ്റും അൽഫോൻസ് പുത്രൻ പങ്കു വെച്ചിട്ടുണ്ട്. 10  സംവിധാന സഹായികളെയാണ് അൽഫോൻസ് പുത്രന് തേടുന്നത്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ബാധിച്ചതിനാല്‍  സിനിമ, തിയറ്റർ കരിയർ ഉപേക്ഷിക്കുന്നുവെന്ന പോസ്റ്റ് അടുത്തിടെ അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 30ന് പങ്കുവച്ച കുറിപ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംവിധായകന്‍ ഡിലീറ്റ് ചെയ്തിരുന്നു.  തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്ന് സ്വയം കണ്ടെത്തിയെന്നും അതിനാലാണ് ആർക്കും ബാധ്യതയാവാതെ ഒഴിഞ്ഞുമാറുന്നതെന്ന് അൽഫോൺസ് പറഞ്ഞിരുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ തലച്ചോറിലെ ചില വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ്