വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരം!! മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരം. കഴിഞ്ഞ 24 മണിക്കൂറായി ആരോഗ്യനില മെച്ചപ്പെടാതെ തുടരുകയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ചികിത്സയുടെ ഭാഗമായി 14 ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടതായി വരുമെന്നും ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിജയകാന്ത്. ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറായി അവസ്ഥ തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്. ശ്വാസകോശ ബുദ്ധിമുട്ടുകള്‍ക്കായി ചികിത്സാ സഹായം ആവശ്യമാണ്. 14 ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടതായി വരും. താരത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

കുറച്ചുവര്‍ഷങ്ങളായി വിജയകാന്തിനെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. താരത്തെ അപ്രതീക്ഷിതമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. കടുത്ത പനിയും ചുമയും ബാധിച്ചതോടെയാണ് ആരോഗ്യം മോശമായത്.

വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് ഡിഎംഡികെ തള്ളിയിരുന്നു. പതിവ് പരിശോധനകള്‍ക്കാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍ തിരിച്ചെത്തുമെന്നുമാണ് ഡിഎംഡികെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.