അമിതാഭ് ബച്ചന്‍ രജനികാന്തിനൊപ്പം മുംബൈയിൽ ;  ഇതിഹാസങ്ങള്‍ വീണ്ടും ഒന്നിക്കുന്നു 

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സൂ പ്പർഹിറ്റ് ചിത്രമായ ജയിലറിലേതുപോലെ തന്നെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍,…

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സൂ പ്പർഹിറ്റ് ചിത്രമായ ജയിലറിലേതുപോലെ തന്നെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകർഷണീയത. തലൈവര്‍ 170 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചനും ചിത്രീകരണ സംഘത്തിനൊപ്പം ജോയിന്‍ ചെയ്തിരിക്കുകയാണ്. രജിനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ചുള്ള ഷെഡ്യൂള്‍ മുംബൈയിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെയാണ് ബച്ചൻ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തെയും തിരുനെല്‍വേലിയിലെയും ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെറിയ ഇടവേളയ്ക്കു ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനഃരാരംഭിച്ചത്. അമിതാഭ്  ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രജനികാന്ത് തന്നെയാണ് ഈ പുന:സമാഗമത്തിന്‍റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. “33 വര്‍ഷത്തിന് ശേഷം ഞാന്‍ വീണ്ടും എന്‍റെ മാര്‍ഗദര്‍ശിക്കൊപ്പം, അമിതാഭ് ബച്ചന്‍ എന്ന പ്രതിഭാസത്തിനൊപ്പം അഭിനയിക്കുന്നു. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന, ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ തലൈവര്‍ 170 എന്ന ചിത്രത്തില്‍. ആഹ്ളാദം കൊണ്ട് എന്‍റെ ഹൃദയം പ്രകമ്പനം കൊള്ളുന്നു എന്നാണ് അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രജനികാന്ത് എക്സില്‍ കുറിച്ചത്. മുൻപ് അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങി പല ചിത്രങ്ങളിലും രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ഹം എന്ന ചിത്രമാണ് അക്കൂട്ടത്തിലെ ബിഗസ്റ്റ് ഹിറ്റ്. മുകുള്‍ എസ് അനന്ദിന്‍റെ സംവിധാനത്തില്‍ 1991 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. ആക്ഷന്‍ ക്രൈം വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഗോവിന്ദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോളിവുഡില്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായിരുന്നു ഹം നേടിയത്.

16.8 കോടിയാണ് ചിത്രം നേടിയ ലൈഫ് ടൈം കളക്ഷന്‍. അതേസമയം അതേസമയം ഫഹദ് ഫാസിലും റാണ ദഗുബാട്ടി, രജനികാന്തിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന രജനികാന്ത് ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷ ഉയർത്തിയിരിക്കുന്ന ചിത്രമാണ് തലൈവർ 170. ഒരു റിട്ട. പോലീസ് ഓഫീസറുടെ വേഷത്തിലാണ് രജനീകാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അതേസമയം ചിത്രത്തിന്റെ ഈ മാസം ആദ്യവാരം  പത്തുദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് രജനീകാന്തും മറ്റു താരങ്ങളും എത്തിയിരുന്നു. ‘വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം നടന്നത്. ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിച്ചത്. നല്ല സന്ദേശം ഉൾക്കൊള്ളുന്ന ബി​ഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് ചെന്നൈയിൽ നിന്ന് പുറപ്പെടുംമുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. സൂര്യ നായകനായെത്തിയ  ‘ജയ്ഭീം’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് തലൈവര്‍ 170യുടെ  സംവിധായകന്‍. തമിഴിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ  സുബാസ്കരൻ ആണ് ‘തലൈവര്‍ 170 നിർമ്മിക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചുള്ള പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സൂചനയുണ്ട് ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ഫാസിൽ ആണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.