എനിക്കും അമ്മയ്ക്കും ഓണത്തിന് അതിഥികൾ ആരും ഉണ്ടാവാറില്ല, ഒത്തിരി കറികളോ, പായസമോ ഓണത്തിനുണ്ടാക്കാറില്ല

ഓണം മലയാളികൾക്ക് ഓർമകളുടേത് കൂടിയാണ്, എന്നാൽ അത്ര ഭംഗിയുള്ള ഓണം ഓർമ്മകൾ എനിക്കില്ല,അത്തം മുതൽ പത്ത് ദിവസവും പൂക്കളം ഇടും. അതിരാവിലെ എഴുന്നേറ്റ് തുമ്പയും, കോഴിപ്പൂവും, അരിപ്പൂവും, കൊങ്ങിണിയും, പിച്ചിയും തേടിയിറങ്ങും, വട്ടയില കുമ്പിളിൽ…

ഓണം മലയാളികൾക്ക് ഓർമകളുടേത് കൂടിയാണ്, എന്നാൽ അത്ര ഭംഗിയുള്ള ഓണം ഓർമ്മകൾ എനിക്കില്ല,അത്തം മുതൽ പത്ത് ദിവസവും പൂക്കളം ഇടും. അതിരാവിലെ എഴുന്നേറ്റ് തുമ്പയും, കോഴിപ്പൂവും, അരിപ്പൂവും, കൊങ്ങിണിയും, പിച്ചിയും തേടിയിറങ്ങും, വട്ടയില കുമ്പിളിൽ പൂക്കൾ ശേഖരിച്ച് തിരികെ എത്തും, ആർഭാഡങ്ങൾ ഇല്ലാത്ത പൂക്കളമൊരുക്കും, പിന്നെ ഒരുങ്ങി സ്കൂളിൽ പോകും, കൂട്ടുകാരുടെ ഓണ വിശേഷങ്ങൾ, പൂക്കളത്തിന്റെ ഭംഗി, ഓണകൊടികൾ, വിരുന്നുകാർ അങ്ങനെ അങ്ങനെ എനിക്ക് കിട്ടാത്ത ഓണ സമൃതിയിൽ ഞാൻ കേൾവികാരിയാകും, എനിക്കും അമ്മയ്ക്കും ഓണത്തിന് അതിഥികൾ ആരും ഉണ്ടാവാറില്ല, ഒത്തിരി കറികളോ, പായസമോ ഓണത്തിനുണ്ടാക്കാറില്ല. ഊണ് കഴിഞ്ഞ് അമ്മാവന്റെ വീട്ടിൽ പോകും അവിടെന്നാണ് പായസം കഴിക്കാറ്, പിന്നെ ഞങൾ കുട്ടികൾ എല്ലാവരും കൂടി എന്തെങ്കിലോ കളികളോ, വിശേഷം പറച്ചിലോ ആകും… എനിക്ക് അമ്മാവന്റെ വീട്ടിലെ ഓണമാണ് ഇഷ്ട്ടം.

അവിടെ കളികളും ചിരികളും നിറഞ്ഞ ഓണമായിരുന്നു, രാത്രിയിൽ ഒരുമിച്ചിരുന്ന് സദ്യ കഴിക്കും, ചാണകം മെഴുകിയ തറയിൽ എല്ലാവരും ഒരുമിച്ചുറങ്ങും, എനിക്ക് ഓണകാലങ്ങൾ ഇഷ്ട്ടമായിരുന്നു, പക്ഷെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങൾ ആരും ഒരുമിച്ച് കൂടാറില്ല, എന്റെയും അമ്മാവന്റെ മൂത്ത മകളുടെയും കല്യാണം കഴിഞ്ഞു, അമ്മയുടെ അനിയത്തിയുടെ മക്കളുടെയും കല്യാണം കഴിഞ്ഞു… തമ്മിൽ കാണുന്നത് തന്നെ വല്ലപ്പോഴും ആണ്, എത്ര സമൃദ്ധമായ ഓണം ആഘോഷിച്ചാലും എനിക്ക് കുരിക്കൻ പാറയിലെ അമ്മാവന്റെ വീട്ടിലെ ഓണം കൊതിയോടെ ആണ് ഓർക്കുവാൻ കഴിയുന്നത്, ചതയതിന്റെ അന്ന് അമ്മായി വെച്ച ഗോതമ്പ് പായസം നല്ലപോലെ തടിച്ച് കട്ട ആയിരിക്കും, വൈകിട്ട് ചായക്ക് കട്ട പായസം മുറിച്ച്, ശർക്കരവരണ്ടിയും കായവറുത്തതും കൂട്ടി കഴിക്കും.

അരിപൊടി കൊണ്ടുണ്ടാക്കിയ അടയാണ് മറ്റൊരു പ്രധാന ഭക്ഷണം, ഇന്നെലെ സമൃദ്ധമായ ഓണസദ്യ കഴിച്ചിട്ടും എനിക്ക്, എന്റെ കുട്ടികാലത്തെ ഓണ സദ്യ ഉണ്ണാൻ കൊതി തോന്നുകയായിരുന്നു… എത്ര ഓണകൊടികൾ കിട്ടിയിട്ടും, ഓണത്തിന്റെ തലേന്ന് അമ്മയോടോപ്പം പോയി എടുക്കുന്ന വിലകുറഞ്ഞ ഓണാക്കോടിയുടെ പകിട്ട് എന്റെ ഓർമയിൽ നിലനിൽക്കുന്നു.