‘നല്ലൊരു കഥ പ്ലാൻ ചെയ്ത് സെറ്റാക്കി, പറഞ്ഞപ്പോൾ എല്ലാവർക്കും കണ്ണീര് വന്നു’; ബി​ഗ് ബോസിലെ പട്ടാളക്കഥയെ കുറിച്ച് അനിയൻ മിഥുൻ

ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ സീസണിലെ താരമായിരുന്ന അനിയൻ മിഥുന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിൽ വച്ച്…

ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ സീസണിലെ താരമായിരുന്ന അനിയൻ മിഥുന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിൽ വച്ച് തന്റെ പ്രണയിനിയായ പട്ടാളക്കാരി യുദ്ധത്തിൽ മരിച്ചതിനെ പറ്റിയൊക്കെ താരം പറഞ്ഞത് വലിയ വിവാദമായിരുന്നു. ആ കഥ നുണക്കഥയാണെന്നും പിന്നാലെ താരത്തിന് തന്നെ സമ്മതിക്കേണ്ടിയും വന്നിരുന്നു.

എന്നാൽ, ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇതിലൊരു വിശദീകരണം അനിയൻ മിഥുൻ നൽകിയിരുന്നില്ല. എന്നാൽ, ഇപ്പോൾ താരം എല്ലാ കാര്യത്തിലും മറുപടി നൽകിയിരിക്കുകയാണ്. ബിഗ് ബോസിൽ പറഞ്ഞ പ്രണയകഥ പുറത്ത് നിന്നും പ്ലാൻ ചെയ്തിട്ട് പോയി പറഞ്ഞതാണെന്നാണ് അനിയൻ തുറന്ന് പറയുന്നത്. ‘സനയുടെ കാര്യം പറഞ്ഞത് പ്ലാൻ ചെയ്തിട്ടാണ്. ബിഗ് ബോസിൽ പോകുമ്പോൾ എല്ലാവരും ഇതുപോലെ തയ്യാറായിരിക്കും. ഞാൻ ഡാൻസറോ അഭിനേതാവോ ഒന്നുമല്ല. എനിക്കാകെ അറിയുന്നത് ഫൈറ്റാണ്. അതുകൊണ്ട് അവിടെ ഒരു കാര്യവുമില്ല. പിന്നെ എനിക്കവിടെ പിടിച്ച് നിൽക്കാൻ എന്തെങ്കിലും ഒരു കാര്യം വേണം.

ഓഡിഷൻ സമയത്തൊന്നും ഇത് പറഞ്ഞിട്ടില്ല. എന്റെ ലൈഫ് സ്റ്റോറി പറയുന്ന നേരത്ത് ഒരു ലവ് സ്റ്റോറിയായി ഇത് പറയാമെന്ന് കരുതി എന്റെ മനസിൽ ഇങ്ങനൊന്ന് പഠിച്ച് വെച്ചിരുന്നു. എനിക്ക് ആർമ്മിയും കാര്യങ്ങളും ഇഷ്ടമുള്ളത് കൊണ്ട് അതുവെച്ച് തന്നെ പറഞ്ഞു. കമാൻഡോയെ തന്നെ നായികയായി വെച്ചു. അതിനെ പറ്റി എനിക്കും വലിയ ധാരണ ഇല്ലായിരുന്നു. നല്ലൊരു കഥ പ്ലാൻ ചെയ്ത് സെറ്റാക്കി. ബിഗ് ബോസ് തുടങ്ങിയതിന് ശേഷം മൂന്നോ നാലോ തവണ ഞാനീ കഥ പറഞ്ഞു. ഈ കഥ വർക്കൗട്ടാവുമോ എന്നറിയാൻ ഞാനാദ്യം ഷിജു ചേട്ടനോടാണ് ഈ കഥ പറഞ്ഞത്. അദ്ദേഹത്തിന്റെ കണ്ണ് വരെ നനഞ്ഞു. ഇതോടെ വർക്കൗട്ടായെന്ന് മനസിലായി. അതിന് ശേഷം അഖിലിനോട് പറഞ്ഞു.

ഈ കഥ എനിക്ക് തരുമോ, ഞാനിത് സിനിമയാക്കിക്കൊള്ളാമെന്ന് അഖിലേട്ടൻ എന്നോട് പറഞ്ഞു. കഥ തരികയാണെങ്കിൽ ബിഗ് ബോസിൽ നിന്നും ഇറങ്ങി പോകാമെന്ന് വരെ പുള്ളി എന്നോട് പറഞ്ഞു. അത്രയും എന്റെ കഥ വർക്കായി.സത്യത്തിൽ ആ കഥ എന്റെ ഗെയിം സ്ട്രാറ്റജിയുടെ ഭാഗമായിരുന്നു. ഇത് മാത്രമാണ് എനിക്ക് തുറുപ്പ് ചീട്ടായിട്ട് എന്റെ കൈയ്യിലുണ്ടായിരുന്നുള്ളു – അനിയൻ മിഥുൻ പറഞ്ഞു.