ആടുജീവിതത്തിനോട് എനിക്ക് അസൂയയുണ്ട്!!! ബ്ലെസി സര്‍, നിങ്ങള്‍ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് – അനുപംഖേര്‍

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസിയൊരുക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലാണ് ബ്ലെസി സ്‌ക്രീനിലെത്തിക്കുന്നത്. മലയാള സിനിമാ ചരിത്രത്തില്‍ ഇത്രയും നീണ്ട നാള്‍ ഷൂട്ടിംഗ് ചെയ്ത മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല. അത്രമേല്‍ കാത്തിരിപ്പിലാണ് ആരാധകലോകം.…

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസിയൊരുക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലാണ് ബ്ലെസി സ്‌ക്രീനിലെത്തിക്കുന്നത്. മലയാള സിനിമാ ചരിത്രത്തില്‍ ഇത്രയും നീണ്ട നാള്‍ ഷൂട്ടിംഗ് ചെയ്ത മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല. അത്രമേല്‍ കാത്തിരിപ്പിലാണ് ആരാധകലോകം. ചിത്രത്തിലെ നജീബാകാന്‍ വലിയ മേക്കോവറാണ് പൃഥ്വി നടത്തിയത്.

കടുത്ത ഡയറ്റില്‍ തന്നെയായിരുന്നു താരം. ഇത്രമേല്‍ കഥാപാത്രമാകാന്‍ എഫെര്‍ട്ട് എടുത്ത മറ്റൊരു താരവുമില്ല. ശരീരഭാരം പകുതിയോളം കുറച്ചതും മെലിഞ്ഞ രൂപത്തിലേക്കെത്തിയതും ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2024 ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തും.

സഹാറ മരുഭൂമിയിലെ ഒരു ആട് ഫാമില്‍ കുടുങ്ങിപ്പോയ മലയാളിയായ കുടിയേറ്റ തൊഴിലാളിയുടെ ദുരിത ജീവിതമാണ് ചിത്രം പറയുന്നത്. തടവിലെ നരക യാതനയില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ് എന്ന് മനസിലാക്കി അവിടെ അതിജീവിക്കുന്ന വ്യക്തിയാണ് നായകന്‍ നജീബ്. 2018 ല്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ്. ജോര്‍ദാനിലെയും അള്‍ജീരിയയിലുമായിരുന്നു ഷൂട്ടിംഗ്. കോവിഡ് ബുദ്ധിമുട്ടുകള്‍ക്കിടയിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനുപം ഖേര്‍. ബ്ലെസിയുടെ എക്കാലത്തെയും മികച്ച ക്ലാസികായ പ്രണയം സിനിമയില്‍ അനുപം ഖേര്‍ ശ്രദ്ധേയമായി വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ചാണ് അനുപം ഖേറിന്റെ ആശംസ.

പ്രിയ ബ്ലെസി സര്‍! മലയാളം ക്ലാസിക് ചിത്രമായ പ്രണയത്തില്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തനിക്കുള്ള ബഹുമതിയാണ്. ഇപ്പോള്‍ നിങ്ങളുടെ വരാനിരിക്കുന്ന ചിത്രം ആടുജീവിതത്തിന്റെ ടീസര്‍ കണ്ടു, നിങ്ങള്‍ ശരിക്കും നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്! ഞാന്‍ ഈ പ്രോജക്റ്റിന്റെ ഭാഗമല്ലാത്തതില്‍ എനിക്ക് അല്‍പ്പം അസൂയയുണ്ട്. നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും അഭിനന്ദനങ്ങള്‍! എന്നാണ് അനുപം ഖേര്‍ പങ്കുവച്ചത്.