‘അലോസരമായ ചോദ്യങ്ങള്‍ അഭിമുഖങ്ങളില്‍ നിന്ന് നേരിടുന്നുണ്ട്’ തുറന്നു പറച്ചിലുമായി അപര്‍ണ

ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയുടെ ഇനി ഉത്തരം എന്ന ചിത്രം ഒക്ടോബര്‍ ഏഴിന് റിലീസാകാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിന്റെ പ്രമോഷനിടെ അപര്‍ണ പറഞ്ഞ വാക്കുകളാണ്…

ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയുടെ ഇനി ഉത്തരം എന്ന ചിത്രം ഒക്ടോബര്‍ ഏഴിന് റിലീസാകാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിന്റെ പ്രമോഷനിടെ അപര്‍ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ചില അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ തന്നെ അലോസരപ്പെടുത്താറുണ്ടെന്ന് നടി തുറന്നു പറഞ്ഞു. സിനിമയെ പറ്റി ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനുള്ള സമയത്ത് അനാവിശ്യമായ പേഴ്‌സണല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും ഒട്ടും പ്രസക്തിയില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്നതും മോശമായി തോന്നിയിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു. സിനിമ മേഖലയിലെ വേതനത്തെ കുറിച്ച് അപര്‍ണ ഒരിക്കല്‍ പറഞ്ഞത് ചില ട്രോളുകള്‍ക്കിടയാക്കിയിരുന്നു. ഇതിനെ കുറിച്ചും താരം പ്രതികരിച്ചു. ന്യായമായ വേതനം ലഭിക്കണം എന്ന് പറയുന്നത് തെറ്റായി കാണേണ്ട ആവശ്യം ഇല്ല. ഇന്റര്‍വ്യൂവര്‍ ചോദിച്ചിട്ടാണ് ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞതെന്ന് നടി പറഞ്ഞു.

‘ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് താന്‍ തന്റെ ചിന്തകള്‍ പറയുന്നത്. അങ്ങനെയാണ് ഇതു തുടങ്ങുന്നത്. എനിക്കത് പറയുന്നതില്‍ പ്രശ്‌നമോ വിഷമമോ തോന്നിയിട്ടില്ല ഇതുവരെ. പക്ഷേ, ചിലരിലേക്ക് എത്തുന്ന രീതി തെറ്റാണ് വളരെ. അതുകൊണ്ടാണ് ഞാന്‍ പറയുന്നതു പോലുമല്ലാതെ വേറെയെന്തെങ്കിലും എന്റെയടുത്ത് തിരിച്ചു പറയുന്നത്. ഞാന്‍ ന്യായം എന്ന വാക്കാണ് ഉപയോഗിച്ചത്. എന്നാല്‍ പലയിടത്തും അത് തുല്യം എന്ന വാക്കായിട്ട് തെറ്റിദ്ധരിക്കപ്പെട്ടു. ഞാനും നയന്‍താര മാമും സിനിമ ചെയ്യുമ്പോള്‍ എനിക്കൊരിക്കലും മാമിന്റെ സാലറി വേണമെന്ന് പറയാന്‍ പറ്റില്ല.

അവരുടെ എക്‌സ്പീരിയന്‍സും അവരു കൊണ്ടു വന്ന മാര്‍ക്കറ്റ് വാല്യുവും വേറെ തന്നെയാണ്. ഇതു തെറ്റിദ്ധരിച്ചിട്ട് കുറേ പേര് അങ്ങനെ പറഞ്ഞു. നമ്മള് ചെയ്യുന്ന ജോലിക്ക് നമുക്ക് ന്യായമായിട്ടുള്ള ശമ്പളം കിട്ടണം. സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ഏത് ഡിപാര്‍ട്‌മെന്റിലാണെങ്കിലും വേണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളെന്ന നിലയില്‍ തനിക്ക് തന്റേതായ ഉത്തരവാദിത്വമുണ്ട്. അതിനാലാണ് അങ്ങനെ പറഞ്ഞതെന്നും അപര്‍ണ പറയുന്നു.

ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ഇനി ഉത്തരത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹൃദയത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം പകരും.

എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-H20 സ്‌പെല്‍, എഡിറ്റിംഗ് ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം അരുണ്‍ മോഹനന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.