ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും!! അപര്‍ണ നായരുടെ ആത്മഹത്യയില്‍ സഞ്ജിതിനെതിരെ എഫ്‌ഐആര്‍

അപര്‍ണ നായരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സീരിയല്‍ സിനിമാലോകം. ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളില്‍ അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള…

അപര്‍ണ നായരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സീരിയല്‍ സിനിമാലോകം. ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളില്‍ അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നു.

നടിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമാണ് താരം ജീവനൊടുക്കിയത് എന്നാണ് എഫ്‌ഐആര്‍. അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രശ്‌നങ്ങളെ കുറിച്ച് സഹോദരിയോട് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.

സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു അപര്‍ണ. എപ്പോഴും ചിരിക്കുന്ന മുഖവുമായി വീഡിയോ ചെയ്യുന്ന താരം അവസാനമായി പങ്കുവച്ചത് വിഷാദം നിറയ്ക്കുന്ന പോസ്റ്റായിരുന്നു.

നിരവധി സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അപര്‍ണ സോഷ്യല്‍ മീഡിയിലും സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വീഡിയോ പങ്കുവയ്ക്കാറുണ്ടായിരുന്ന അപര്‍ണ അവസാനം പങ്കുവെച്ചത് വിഷാദം പങ്കുവയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു.

ഭര്‍ത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപര്‍ണയുടെ താമസം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യവിവാഹത്തിലെ മകളും ഇവര്‍ക്കൊപ്പമാണ്. നാല് വര്‍ഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഇതില്‍ മൂന്ന് വയസ്സുള്ള മകളുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി താരം രാജി വച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അപര്‍ണയും ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് സഹോദരിയുടെ മൊഴി.

പല പ്രാവശ്യം ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കളെ വിളിച്ച് അപര്‍ണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരവും അമ്മയെ വിളിച്ച് വിഷമങ്ങള്‍ പറഞ്ഞ ശേഷമാണ് തൂങ്ങിമരിച്ചത്. താന്‍ പോകുന്നു എന്നാണ് അവസാനമായി അമ്മയോട് പറഞ്ഞത്.