പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് ഇങ്ങനെയാണ് പെരുമാറുന്നത് എന്നു പറയാന്‍ ശ്രമിച്ചിട്ടേയില്ല; ജോ&ജോ സംവിധായകന്‍

മാസ് പടങ്ങളും ത്രില്ലറുകളും ഈ കോവിഡ് കാലഘട്ടത്തില്‍ തിയേറ്ററുകളില്‍ നിറഞ്ഞപ്പോള്‍ ലോക്ഡൗണിനിടെ വീടുകളില്‍ ചുരുങ്ങിപ്പോയ കൗമാരക്കാരെ കുറിച്ച് പറയാന്‍ അധികമാരുമുണ്ടായില്ല. ഇപ്പോഴിതാ അത്തരത്തിലൊരു സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അരുണ്‍ ഡി. ജോസ് എന്ന സംവിധായകന്‍ കൗമാരത്തിന്റെ…

മാസ് പടങ്ങളും ത്രില്ലറുകളും ഈ കോവിഡ് കാലഘട്ടത്തില്‍ തിയേറ്ററുകളില്‍ നിറഞ്ഞപ്പോള്‍ ലോക്ഡൗണിനിടെ വീടുകളില്‍ ചുരുങ്ങിപ്പോയ കൗമാരക്കാരെ കുറിച്ച് പറയാന്‍ അധികമാരുമുണ്ടായില്ല. ഇപ്പോഴിതാ അത്തരത്തിലൊരു സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അരുണ്‍ ഡി. ജോസ് എന്ന സംവിധായകന്‍ കൗമാരത്തിന്റെ നിറക്കാഴ്ചകളുമായി ജോ ആന്‍ഡ് ജോ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നിഖില വിമല്‍, മാത്യു, നസ്ലിന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ അരുണ്‍.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസു തുറന്നത്.
സമത്വത്തിനു വേണ്ടി വാദിക്കുന്ന പെണ്‍കുട്ടികള്‍ ആരെയും വകവയ്ക്കാത്തവരാണ് എന്നാണോയെന്നുള്ള ചോദ്യത്തിന് ഇതൊരു കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്നാണ് അരുണ്‍ പ്രതികരിച്ചത്. ‘അച്ഛനോടും അമ്മയോടും വളരെ സ്വാതന്ത്ര്യത്തോടെ ഇടപഴകുന്ന കുട്ടികളുണ്ട്. ഞാന്‍ ചിലപ്പോഴൊക്കെ എന്റെ അമ്മയെ പേരു വിളിക്കാറുണ്ട്. അത് സ്‌നേഹക്കൂടുതല്‍ കൊണ്ടാണ്. സിനിമയില്‍ കാണിക്കുന്നത് ലോക്ഡൗണില്‍ വീട്ടില്‍ പെട്ടുപോയ കുട്ടികളുടെ മാനസികാവസ്ഥ കൂടിയാണ്. അവര്‍ കൂട്ടുകാരോടൊപ്പം കോളജില്‍ പോയി പഠിക്കേണ്ട സമയത്ത് വീട്ടില്‍ അടച്ചിരിക്കേണ്ടി വരികയാണ്. അപ്പോള്‍ അവര്‍ നേരിടുന്ന നിരാശയും അമര്‍ഷവുമൊക്കെയുണ്ട്.

അതു തീര്‍ക്കുന്നത് അവര്‍ക്ക് ഏറെ വേണ്ടപ്പെട്ടവരോട് ദേഷ്യപ്പെട്ടിട്ടാകും. തനിക്കു നഷ്ടപ്പെടുന്ന ജീവിതത്തെക്കുറിച്ചുള്ള നിരാശ മനസ്സില്‍ അടക്കിപ്പിടിച്ചിരിക്കുമ്പോള്‍ അച്ഛനും അമ്മയും ഉപദേശങ്ങളുമായി വരികയാണ്. അപ്പോള്‍ ജോമോള്‍ അറിയാതെ ഉള്ളിലെ അമര്‍ഷം പുറത്തു ചാടുകയാണ്. ജോമോള്‍ തന്റെ നിരാശ പ്രകടമാക്കുന്നതാണ് സിനിമയില്‍ കാണിക്കുന്നത്. അല്ലാതെ സ്ത്രീസമത്വത്തിനു വേണ്ടി വാദിക്കുന്ന പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് ഇങ്ങനെയാണ് പെരുമാറുന്നത് എന്നു ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടേയില്ല. ജോമോള്‍ വീടിനു പുറത്തിറങ്ങുന്നില്ല, നമ്മുടെ വീട്ടിലായാലും നമുക്ക് അടുപ്പമുള്ളവരോടല്ലേ നമ്മള്‍ ചൂടാവാറുള്ളൂ, പുറത്തുപോയി ദേഷ്യം പ്രകടിപ്പിക്കാറില്ലല്ലോയെന്ന് അരുണ്‍ ചോദിക്കുന്നുണ്ട്.

‘ജോ ആന്‍ഡ് ജോയ്ക്ക് വേണ്ടിയുള്ള കാസ്റ്റിങ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചെയ്തതാണ്. കഥ എഴുതുമ്പോള്‍ത്തന്നെ മാത്യുവും നസ്ലിനും മെല്‍വിനും നിഖിലയുമൊക്കെ എന്റെ മനസ്സിലുണ്ടായിരുന്നു. ഇവരെ മനസ്സില്‍ക്കണ്ട് എഴുതിയതുകൊണ്ടായിരിക്കാം കാസ്റ്റിങ് നന്നായി വന്നത്. എനിക്ക് ഇവരെയെല്ലാം നേരത്തേ അറിയാം. അവര്‍ തമ്മിലും നല്ല സൗഹൃദമുണ്ട്. അതുകൊണ്ട് അപരിചിതത്വത്തിന്റെ പ്രശ്‌നം ഉണ്ടായിരുന്നില്ല. പിന്നെ, ജോലി ചെയ്യുകയാണ് എന്നൊരു ഫീല്‍ സെറ്റില്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ എല്ലാവരും കൂടി ഒരു ടൂര്‍ പോകുന്നു, അടിച്ചു പൊളിക്കുന്നു, അതിനൊപ്പം ഷൂട്ടിങ്ങും നടക്കുന്നു. അതിന്റെ റിസല്‍ട്ടാണ് സ്‌ക്രീനില്‍ കാണുന്നത്. ഷൂട്ട് തുടങ്ങുന്നതിനു മുന്‍പ് ഒന്നുരണ്ടു ദിവസം ഓഡിഷനും റിഹേഴ്‌സലുമൊക്കെ ഉണ്ടായിരുന്നു. അപ്പോള്‍മുതല്‍ ഈ മൂന്നുപേര്‍ ഒരുമിച്ചങ്ങു ജെല്‍ ആയി. അവര്‍ ഒരുമിച്ചാണ് റൂമില്‍ സമയം ചെലവഴിക്കുന്നത്, ഒരുമിച്ചാണ് സെറ്റിലേക്കു വരുന്നത്, അങ്ങനെ അവര്‍ വര്‍ഷങ്ങളായി സൗഹൃദമുള്ള കൂട്ടുകാരെപ്പോലെ ആയി. അവരുടെ പ്രായവും അതാണ്, അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന കഥയുമാണെന്നും അരുണ്‍ പറയുന്നുണ്ട്.