‘മമ്മൂട്ടി ദേഷ്യപ്പെട്ട് പറയുമ്പോൾ ചിലപ്പോൾ നമ്മൾക്ക് ഇഷ്ടപ്പെടില്ല’ ; ഇപ്പോൾ ഒരുപാട് മാറി, അശോകൻ 

നാലു പതിറ്റാണ്ടായി മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന മലയാള ചലച്ചിത്ര അഭിനേതാവാണ് അശോകൻ.മലയാള സിനിമാ രം​ഗത്ത് ഇപ്പോഴും സജീവ സാന്നിധ്യമാണ് നടൻ അശോകൻ. കരിയറിലെ തുടക്ക കാലത്ത് തന്നെ ഭരതൻ, പത്മരാജൻ തുടങ്ങിയ പ്ര​ഗൽഭ സംവിധായകന്മാരുടെ…

നാലു പതിറ്റാണ്ടായി മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന മലയാള ചലച്ചിത്ര അഭിനേതാവാണ് അശോകൻ.മലയാള സിനിമാ രം​ഗത്ത് ഇപ്പോഴും സജീവ സാന്നിധ്യമാണ് നടൻ അശോകൻ. കരിയറിലെ തുടക്ക കാലത്ത് തന്നെ ഭരതൻ, പത്മരാജൻ തുടങ്ങിയ പ്ര​ഗൽഭ സംവിധായകന്മാരുടെ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞ അശോകന് ഒരുപിടി ചിത്രങ്ങളിൽ നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചു. നടൻ മമ്മൂ‌ട്ടിയോ‌ടൊപ്പവും ഒരുപി‌ടി സിനിമകളിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്. യവനിക, അമരം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. അടുത്ത കാലത്ത് നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലും അശോകനും മമ്മൂട്ടിയും ഒരുമിച്ചെത്തി. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് അശോകൻ. മമ്മൂട്ടിയുമായി നല്ല സൗഹൃദമുണ്ടെന്നും എന്നാൽ ഇടയ്ക്കിടെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന ആളല്ല താനെന്നും അശോകൻ വ്യക്തമാക്കി. മലയാളത്തിലെ ഒരു ഓൺലൈൻ  മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. യവനിക മുതലുള്ള സംഭവങ്ങളെല്ലാം അദ്ദേഹത്തിന് ഓർമ്മയുണ്ട്.

മമ്മൂക്ക യവനികയുടെ സെറ്റിൽ വന്ന സമയം ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. അദ്ദേഹം പേരെടുത്ത് വരുന്ന സമയമാണ് അന്ന്. മമ്മൂട്ടി എന്ന നടൻ ശ്രദ്ധയാകർഷിച്ച് കൊണ്ടിരിക്കുന്നു. ഞാൻ റിസപ്ഷനിൽ നിൽക്കുമ്പോൾ മഞ്ഞ കളർ അടിച്ച ടാക്സി വരുന്നു. അതിന്റെ മുകളിൽ പെട്ടി വെച്ചിട്ടുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വിളിച്ച് കൊണ്ട് വരികയാണ്. എന്നെ കണ്ട് പെരുവഴിയമ്പലത്തിലെ രാമൻ എന്ന് അദ്ദേഹം പറഞ്ഞു. ഞാനൊന്ന് ഞെ‌ട്ടി. പുള്ളി നല്ല സിനിമകളെല്ലാം കാണുന്ന ആളാണ്. ആരെയും പ്രശംസിക്കാൻ മടിയില്ലാത്ത ആളാണ്. ഒരുപാട് പ്ലസ് പോയ്ന്റുകൾ പുള്ളിക്കുണ്ടെന്നും അശോകൻ ചൂണ്ടിക്കാട്ടി. ഷൂട്ട് കഴിഞ്ഞാൽ പല ഭാഷകളിലുള്ള സിനിമകൾ കാണും. വാർത്തകളെല്ലാം അറിയും. അന്നൊക്കെ കുറച്ച് മുൻ കോപമുണ്ടായിരുന്നു. ഇപ്പോൾ ഒരുപാട് മാറി. ദേഷ്യപ്പെട്ട് പറയുമ്പോൾ നമ്മൾക്ക് ചിലപ്പോൾ ഇഷ്ടപ്പെടില്ല. അറിയാത്തവരാണെങ്കിൽ തെറ്റിദ്ധരിക്കും. മനസിലാക്കിയാൽ ശുദ്ധത കൊണ്ട് പറയുന്നതാണെന്ന് നമുക്കറിയാം.

മുമ്പ് എന്റെയടുത്തും അങ്ങനെ പറഞ്ഞിട്ടുണ്ട്. പിന്നീടാണ് അദ്ദേഹത്തെ മനസിലാക്കുന്നതെന്നും അശോകൻ തുറന്ന് പറഞ്ഞു. അന്തരിച്ച നടൻ തിലകനെക്കുറിച്ചും അശോകൻ സംസാരിച്ചു. തിലകൻ ചേട്ടനുമായി വളരെയധികം അടുപ്പമുണ്ടായിരുന്നു. യവനികയിൽ ആണ് പുള്ളിയെ ആദ്യം കാണുന്നത്. ശുദ്ധനായ മനുഷ്യനാണ്. മുൻ കോപിയാണെന്നേ ഉള്ളൂ. പുതിയ ആളെന്നതിനാൽ ഒരു മസിൽ പിടുത്തമൊന്നും പുള്ളി നമ്മളോട് കാണിച്ചിട്ടില്ല. അം​ഗീകരിക്കേണ്ടവരെ പുള്ളി അം​ഗീകരിക്കും. ദീർഘകാലം എത്രയോ സിനിമകളിൽ ഞങ്ങൾ അഭിനയിച്ചു. ഒരു മുറിയിൽ താമസിച്ചിട്ടുമുണ്ടെന്നും അശോകൻ ഓർത്തു. അതേസമയം  പാട്ടുകാരനാകണം എന്ന ആഗ്രഹത്തോടെയാണ് അശോകൻ സിനിമയിൽ വന്നതെങ്കിലും പിന്നീട് അഭിനേതാവായി മാറുകയായിരുന്നു. നായകനായും സഹനായകനായും വില്ലനായുമെല്ലാം അശോകനെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. പത്മരാജന്റെ പെരുവഴിയമ്പലം, അരപ്പട്ട കെട്ടിയ ​ഗ്രാമത്തിൽ, മൂന്നാം പക്കം, തൂവാനത്തുമ്പികൾ എന്നീ സിനിമകളിൽ അശോകൻ ചെയ്ത കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരതന്റെ അമരം, വൈശാലി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയും അശോകൻ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.  അതേസമയം യുവജനോത്സവം,ഇൻ-ഹരിഹർ നഗർ , ടു-ഹരിഹർ നഗർ എന്നിവയാണ് അശോകൻ്റെ ശ്രദ്ധേയമായ മറ്റു സിനിമകൾ.  അടുത്തിടെ സ്ട്രീം ചെയ്ത മാസ്റ്റർ പീസ് എന്ന സീരീസിൽ അശോകന് ശ്രദ്ധേയമായ വേഷമാണ് ലഭിച്ചത്. കുര്യാച്ചൻ എന്ന കഥാപാത്രത്തെയാണ് അശോകൻ സീരിസിൽ അവതരിപ്പിച്ചത്. മാസ്റ്റർ പീസിലെ കോമഡി രം​ഗങ്ങളിൽ അശോകൻ തിളങ്ങി നിൽക്കുക കൂടിയാണ് ഇപ്പോൾ.