അറ്റന്‍ഷന്‍ പ്ലീസ്; ശ്രദ്ധിക്കാതെ പോകരുത് ഈ സിനിമ – റിവ്യു

‘നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലെങ്കില്‍ ആദ്യം ചെരുപ്പൂരി ഒന്നടിക്കുക എന്നിട്ടു പറയുക’ എന്ന ബെര്‍ണാഡ് ഷായുടെ വാക്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു സിനിമ. സിനിമാക്കാരന്‍ ആകാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ കഥ പറയുന്ന അറ്റന്‍ഷന്‍ പ്ലീസ് നിങ്ങള്‍…

‘നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലെങ്കില്‍ ആദ്യം ചെരുപ്പൂരി ഒന്നടിക്കുക എന്നിട്ടു പറയുക’ എന്ന ബെര്‍ണാഡ് ഷായുടെ വാക്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു സിനിമ. സിനിമാക്കാരന്‍ ആകാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ കഥ പറയുന്ന അറ്റന്‍ഷന്‍ പ്ലീസ് നിങ്ങള്‍ കാണാതെ പോകരുത്. ഒരു കൂട്ടം യുവാക്കളുടെ അറ്റന്‍ പ്ലീസ് ഉറപ്പായും നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റും. ജിതിന്‍ ഐസക് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാള സിനിമയിലും സമൂഹത്തിലുമുള്ള ജാതി ചിന്തയുടെ വ്യത്യസ്ത തലങ്ങളെ ഒട്ടും ലാഗില്ലാതെ ആകാംക്ഷ നിലനിര്‍ത്തി അവതരിപ്പിക്കുന്നതില്‍ വിജയിച്ചു.

നടന്‍ വിഷ്ണുവിനൊപ്പം ആനന്ദ് മന്മഥന്‍, ജിക്കി പോള്‍, ജോബിന്‍ പോള്‍, ശ്രീജിത്ത്, ആതിര കല്ലിങ്ങല്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരു ഫ്‌ലാറ്റില്‍ താമസിക്കുന്ന സിനിമ മോഹവുമായി എത്തിയ അഞ്ചു പേരുടെ കഥ പറയുന്നു. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇവര്‍ ഓരോരുത്തരും കടന്നുപോകുന്ന അനുഭവങ്ങള്‍ വളരെ വ്യത്യസ്തമാണ്. ജീവിതത്തിലുട നീളം ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുള്ള ഒരു ചെറുപ്പക്കാരനും ഇതില്‍ ഉള്‍പ്പെടുന്നു.

ഓരോ കഥാപാത്രത്തിന്റെയും സ്വഭാവത്തെ കൃത്യമായി പ്രേക്ഷക മനസ്സില്‍ പതിപ്പിക്കാന്‍ ചിത്രത്തിനായിട്ടുണ്ട്. തമാശയെന്ന് കരുതി തുടങ്ങുന്ന ചിത്രം ഒരു ഘട്ടത്തിനുശേഷം കൈവരിക്കുന്ന ഗൗരവം പ്രേക്ഷക മനസിനേയും ബാധിക്കും. സിനിമയിലെയും സമൂഹത്തിലേയും ജാതി, ഒരു സിനിമയെഴുതുന്നവന്റെ പ്രയാസം, ഒരാളുടെ കഴിവ്, പൊളിറ്റിക്കല്‍ കറക്റ്റനസ്സ് എന്നിങ്ങനെ പലതും പറഞ്ഞുവെക്കുന്നുണ്ട് ചിത്രം. വിഷ്ണു ഗോവിന്ദന്‍ അടക്കമുള്ളവര്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.

സിനിമ എന്ന അതിവിശാലമായ ലോകം ചുരുക്കം ചിലരുടേത് മാത്രമല്ലെന്നും, അതിനെ വ്യക്തമായും കൃത്യമായും പഠിച്ച് തയ്യാറെടുപ്പുകളോടെ സമീപിച്ചാല്‍ അത് സാധാരണക്കാരനും വഴങ്ങുമെന്നും കാണിച്ച് തരുന്നുണ്ട് ചിത്രം. വളരെ ചെറിയ ബജറ്റില്‍ കാര്‍ത്തിക് സുബ്ബരാജ് നിര്‍മിച്ച ഈ സിനിമയ്ക്ക് പ്രേക്ഷക മനസില്‍ ഒരു ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിയുമെന്നതില്‍ സംശയമില്ല. ജസ്റ്റിന്‍ ജോസിന്റെ ബാക് ഗ്രൗണ്ട് സ്‌കോറും ചിത്രത്തെ വേറിട്ടതാക്കുന്നു. അരുണ്‍ വിജയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുളളത്. രോഹിത് വാരിയത്ത് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഹിമാല്‍ മോഹനാണ്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്‍ഡ് ഒറിജിനല്‍സ് എന്ന പ്രൊഡക്ഷന്‍ ഹൗസ് വഴിയാണ് കാര്‍ത്തിക് സുബ്ബരാജ് ‘അറ്റെന്‍ഷന്‍ പ്ലീസി’ന്റെ നിര്‍മാണത്തിന്റെ ഭാഗമായത്.