അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്യൽ, ഒടുവിൽ ഫോൺ കയ്യിൽ തന്നെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ

ISRO ലേക്കുള്ള കൂറ്റൻ ട്രക്ക് കാണാൻ വന്നവരായിരുന്നു ആ അച്ഛനും മകളും. തൊട്ടടുത്ത് നിർത്തിയിരുന്ന പിങ്ക് പോലീസിന്റെ കാറിൽ അവർ ചാരി നിന്നു. മടങ്ങിയെത്തിയ ഒരു പോലീസുകാരി ആ അച്ഛനെ സംശയത്തോടെ അടുത്തേക്ക് വിളിച്ചു.…

ISRO ലേക്കുള്ള കൂറ്റൻ ട്രക്ക് കാണാൻ വന്നവരായിരുന്നു ആ അച്ഛനും മകളും. തൊട്ടടുത്ത് നിർത്തിയിരുന്ന പിങ്ക് പോലീസിന്റെ കാറിൽ അവർ ചാരി നിന്നു. മടങ്ങിയെത്തിയ ഒരു പോലീസുകാരി ആ അച്ഛനെ സംശയത്തോടെ അടുത്തേക്ക് വിളിച്ചു. എന്നിട്ടൊരു ചോദ്യം “കാറിൽ നിന്നെടുത്ത എന്റെ ഫോൺ തിരിച്ചു താ ” പരിഭ്രമിച്ചുപോയ അയാൾ താനെടുത്തില്ല എന്ന് നിസ്സഹായതയുടെ സ്വരത്തിൽ പറഞ്ഞു. “നീ എടുത്ത് നിന്റെ മോളെ കയ്യിൽ കൊടുത്തത് ഞാൻ കണ്ടു ” അവളുടനെ മോളെ വിളിച്ചു. “അച്ഛൻ നിന്റെ കയ്യിൽ തന്ന ഫോൺ ഇങ്ങ് എടുക്കെടീ ” പേടിച്ചരണ്ടുപോയ മോൾ കരയാൻ തുടങ്ങിയതും പോലീസുകാരി നാട്ടുകാരെ മുഴുവൻ അങ്ങോട്ട് വിളിച്ചു. ഇവർ തന്റെ ഫോൺ മോഷ്ടിച്ചെന്നും സ്റ്റേഷനിൽ കൊണ്ടുപോയി ദേഹ പരിശോധന നടത്താൻ പോകുകയാണെന്നും പറഞ്ഞു. “തന്നെപ്പോലെ മെലിഞ്ഞ ഒരുത്തനാണ് കഴിഞ്ഞ ദിവസം ഒരു കൊച്ചിനേം കൊണ്ടുനടന്ന് മാല മോഷ്ടിച്ചത്. നിങ്ങൾക്ക് തന്തക്കും മോൾക്കും ഇത് തന്നെയാണോ പണി “. അവർ വിടാൻ ഒരുക്കമില്ലായിരുന്നു. അപമാന ഭാരത്താൽ ആ അച്ഛന്റെയും മകളുടെയും ശിരസ്സുകൾ കുനിഞ്ഞു. നാട്ടുകാർ മുഴുവൻ ഒരു കള്ളനെ കാണുന്ന കൗതുകത്തോടെ അവരെ നോക്കിക്കൊണ്ടിരുന്നു.

ആ സമയത്ത്,അവിടെ ഉണ്ടായിരുന്ന മറ്റൊരു പോലീസുകാരി കാണാതായ മൊബൈൽ നമ്പറിലേക്ക് വിളിച്ചു . ഫോൺ റിങ് ചെയ്യുന്നതല്ലാതെ ആരും എടുക്കുന്നില്ലന്ന് കണ്ടപ്പോൾ പോലീസുകാരി മറ്റൊരു അപവാദം പറഞ്ഞു പരത്തി. ഫോൺ മോഷ്ടിച്ച് കാട്ടിലേക്ക് എറിഞ്ഞെന്ന്. എല്ലാത്തിന്റെയും അവസാനം ഇവർ തന്റെ ബാഗ് തുറന്ന് നോക്കിയപ്പോൾ കാണാതായ മൊബൈൽ ഫോണതാ ബാഗിൽ ഇരിക്കുന്നു. അബദ്ധം മനസ്സിലാക്കിയ പോലീസുകാരി അവിടെ നിന്ന് പെട്ടെന്ന് തടി ഊരാൻ നോക്കിയതും നാട്ടുകാർ ഇടപെട്ടു. ചെയ്ത തെറ്റിന് സോറി പറയുന്നതിന് പകരം അവർ മറ്റെന്തൊക്കെയോ പറഞ്ഞ് ആ അച്ഛനെയും മകളെയും വീണ്ടും വീണ്ടും അപമാനിച്ചുകൊണ്ടിരിക്കുക മാത്രമാണ് ചെയ്തത്. മാപ്പ് എന്ന വാക്ക് പോലീസുകാർ ഉപയോഗിക്കാൻ പാടില്ല എന്ന് ഡിജിപി പുതിയ സർക്കുലർ ഇറക്കിയപോലെയായിരുന്നു അവരുടെ പ്രകടനം. നിർഭാഗ്യവശാൽ ആ ഫോൺ തിരിച്ചുകിട്ടിയില്ലായിരുന്നെങ്കിൽ ആ അച്ഛന്റെയും മകളുടെയും അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അവരിപ്പോഴും കള്ളന്മാരെന്ന വിശേഷണത്തോടെ മറ്റുള്ളവർക്ക് ട്രോളി കളിക്കാൻ ദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നേനെ. പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന പരാതിയിൽ മുപ്പത്തഞ്ചു ദിവസം ജയിലിൽ കിടന്ന ശ്രീനാഥ്‌ എന്ന പതിനെട്ടുകാരൻ DNA ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇന്നലെയാണ് പുറത്തിറങ്ങിയത്. ശ്രീനാഥ്‌ ഇപ്പോഴും പറയുന്നു.

ആ പെൺകുട്ടിയെ കണ്ടിട്ടുണ്ടന്നെല്ലാതെ അവളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. യഥാർത്ഥ പ്രതിയെ രക്ഷിക്കാൻവേണ്ടി പെൺകുട്ടി തന്നെ മെനഞ്ഞ കള്ള കഥയിൽ കരുവായത് അവനാണ്. ഇതിനോടകം ശ്രീനാഥ്‌ നേരിട്ട കുറ്റപ്പെടുത്തലുകൾക്കും പരിഹാസങ്ങൾക്കും കയ്യും കണക്കും ഉണ്ടാകില്ല. പീഡനക്കേസിൽ ഒരിക്കൽ അറസ്റ്റിലായാൽ പിന്നെ ജീവിതകാലം മുഴുവൻ അകത്തുകടന്നതുപോലെ ആണ്. അവൻ ജയിലിൽ പോയ വാർത്ത വായിച്ചത്ര ഉത്സാഹം കാണില്ല അവന്റെ നിരപരാധിത്വം വായിക്കാൻ. കാരണം, നമ്മുടെ സമൂഹം ഓർക്കാൻ ഇഷ്ടപ്പെടുന്നത്തെ ഓർക്കൂ. മറക്കാൻ ഇഷ്ടപ്പെടുന്നതേ മറക്കൂ.

✍️ Sameer Ilan Chengampalli