നൂറ്റിനാല്‍പത് കോടിയുടെ ആ സ്വപ്‌നം ചിറകറ്റു. മൂന്നാം കിരീടമെന്ന് ഇന്ത്യയുടെ സ്വപ്‌നം കങ്കാരുപടയുടെ കരുത്തില്‍ പൊലിഞ്ഞു. ആറാമതും ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി. ജയിക്കാന്‍ 241 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 43 ഓവറില്‍ കപ്പില്‍ മുത്തമിട്ടു.
തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ടീമിനെ തിരിച്ചു കൊണ്ടു വന്ന ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയാണ് കങ്കാരുപ്പടയെ വിജയിപ്പിച്ചത്. ഹെഡ് 120 പന്തുകളില്‍ നിന്നും 137 റണ്‍സ് നേടി പുറത്തായി. 58 റണ്‍സുമായി ലബുഷെയ്ന്‍ മികച്ച പിന്തുണ നല്‍കി. തുടക്കത്തിലെ തിരിച്ചടിക്ക് ശേഷമാണ് ഓസ്‌ട്രേലിയ തിരിച്ചുകയറിയത്.
ഏഴു റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 15 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും നാലു റണ്‍സെടുത്ത സ്മിത്തിനും തുടക്കത്തിലെ പാളി. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റുകളെടുത്തു. മുഹമ്മദ് ഷമിയും സിറാജും ഓരോ വിക്കറ്റുകളും നേടി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത ഹെഡ് 120 പന്തില്‍ 137 റണ്‍സ് നേടി ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍ ആയി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി.
ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി ഒരു വിക്കറ്റ് സ്വന്തമാക്കി. പതിവിനു വിപരീതമായി ബുംറയ്‌ക്കൊപ്പം ഷമിയാണ് ഇന്ത്യന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ (7) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച് ഷമി ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവച്ചു. മൂന്നാം നമ്പറില്‍ മിച്ചല്‍ മാര്‍ഷ് ചില കൂറ്റന്‍ ഷോട്ടുകളടിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഏറെ ആയുസുണ്ടായില്ല. 15 റണ്‍സ് നേടിയ മാര്‍ഷിനെ ബുംറയുടെ പന്തില്‍ കെഎല്‍ രാഹുല്‍ പിടികൂടി. നാലാം നമ്പറിലെത്തിയ സ്റ്റീവ് സ്മിത്തിനെ (4) ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കുകയും ചെയ്തു.
തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും ക്രീസില്‍ ഉറച്ചു. നിരവധി തവണ ബീറ്റണായിട്ടും ഭാഗ്യം തുണച്ച ട്രാവിസ് ഹെഡ് സാവധാനം ആക്രമണ മൂഡിലേക്ക് കടന്നപ്പോള്‍ ലബുഷെയ്ന്‍ പ്രതിരോധത്തിന്റെ ഉറച്ച രൂപമായി. ഇന്ത്യയുടെ മൂര്‍ച്ച കുറഞ്ഞ ഫീല്‍ഡിംഗും ബൗളിംഗും അവരുടെ ബാറ്റിംഗ് വളരെ എളുപ്പമാക്കി. 58 പന്തില്‍ ഫിഫ്റ്റി തികച്ച ഹെഡ് വെറും 95 പന്തില്‍ മൂന്നക്കം തികച്ചു.
സെഞ്ചുറിക്ക് പിന്നാലെ ഹെഡ് ആക്രമണം അഴിച്ചുവിട്ടു. ഇടക്കിടെ പടുകൂറ്റന്‍ സിക്‌സറുകള്‍ കണ്ടെത്തിയ ഹെഡ് ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് കളിച്ചാണ് ഓസീസിന് കപ്പ് സമ്മാനിച്ചത്. വിജയത്തിലേക്ക് രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ സിറാജിന്റെ പന്തില്‍ ശുഭ്മന്‍ ഗില്‍ പിടിച്ച് പുറത്തായെങ്കിലും നാലാം വിക്കറ്റില്‍ മാര്‍നസ് ലബുഷെയ്‌നുമൊത്ത് ഹെഡ് 192 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ലബുഷെയ്‌നും (58) ഗ്ലെന്‍ മാക്‌സ്വലും (2) നോട്ടൗട്ടാണ്.
