ഗാന രചയിതാവ് ബീയാര്‍ പ്രസാദ് വെന്റിലേറ്ററില്‍… ജീവന്‍ നിലനിര്‍ത്താന്‍ സഹായം തേടി കുടുംബം

‘കേര നിരകളാടും ഒരു ഹരിത ചാരു തീരം…’ മലയാളിയ്ക്ക് എന്നും പ്രിയപ്പെട്ട ഗാനമാണ്. എത്ര കേട്ടാലും മതിവരാത്ത പാട്ടാണ്. മലയാളിയ്ക്ക് അത്രമേല്‍ പ്രിയങ്കരമായ പാട്ടിന്റെ രചയിതാവ് ബീയാര്‍ പ്രസാദ് ജീവന്‍ നിലനിര്‍ത്താന്‍ സഹായം തേടുകയാണ്.…

‘കേര നിരകളാടും ഒരു ഹരിത ചാരു തീരം…’ മലയാളിയ്ക്ക് എന്നും പ്രിയപ്പെട്ട ഗാനമാണ്. എത്ര കേട്ടാലും മതിവരാത്ത പാട്ടാണ്. മലയാളിയ്ക്ക് അത്രമേല്‍ പ്രിയങ്കരമായ പാട്ടിന്റെ രചയിതാവ് ബീയാര്‍ പ്രസാദ് ജീവന്‍ നിലനിര്‍ത്താന്‍ സഹായം തേടുകയാണ്.
സംവിധായകന്‍ ടികെ രാജീവ് കുമാര്‍ ആണ് ബീയാര്‍ പ്രസാദിന് വേണ്ടി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലാണ് ബീയാര്‍ പ്രസാദ്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആണ് അദ്ദേഹം. ഒരു ദിവസത്തെ ആശുപത്രി ചെലവ് ഏകദേശം ഒന്നരലക്ഷത്തോളമാണ്. ചികിത്സാച്ചെലവിന് പണം കണ്ടെത്താന്‍ കുടുംബത്തെ സഹായിക്കണമെന്ന് രാജീവ് കുമാര്‍ പറയുന്നു.

ബീയാര്‍ പ്രസാദ് തന്റെ അടുത്ത സുഹൃത്തും ഏവര്‍ക്കും പ്രിയപ്പെട്ട ഗാനരചയിതാവുമാണ്. രണ്ട് വര്‍ഷം മുന്‍പ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. ഇതിനിടെ അദ്ദേഹം ഒരു നോവല്‍ എഴുതി തീര്‍ത്തു. മറ്റൊരു നോവല്‍ പണിപ്പുരയിലുമായിരുന്നു. എല്ലാ ദിവസങ്ങളിലും തങ്ങള്‍ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്നും രാജീവ് കുമാര്‍ പറയുന്നു.

അടുത്തിടെ ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു. തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്കു മാറ്റുകയായിരുന്നു. ഭാര്യയും മകനുമാണ് ആശുപത്രിയിലുള്ളത്.

മകള്‍ പഠനാവശ്യത്തിനായി യൂറോപ്പിലാണ്. തികച്ചും സാധാരണ ജീവിതം നയിക്കുന്ന ബീയാര്‍ പ്രസാദിന്റെ കുടുംബത്തിന് ചികിത്സയ്ക്കുള്ള ഭാരിച്ച തുക കണ്ടെത്താന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നതിനൊപ്പം ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം കൂടി നല്‍കണമെന്ന് രാജീവ് കുമാര്‍ അഭ്യര്‍ഥിച്ചു.

കവിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ബീയാര്‍ പ്രസാദ് 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാലോകത്തെത്തിയത്. 2003ല്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് ഗാനരചയിതാവായി ശ്രദ്ധ നേടി.