ആരാകും വിജയി..? വരും ദിനങ്ങള്‍ നിര്‍ണായകം! ചൂടൂപിടിച്ച് ബിഗ്ഗ് ബോസ്സ് വീട്!

മലയാളി കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയാണ് ബിഗ്ഗ് ബോസ്സ് മലയാളം. കഴിഞ്ഞ മൂന്ന് സീസണുകളിലും ഒരുപാട് വ്യക്തിത്വങ്ങളെയാണ് പ്രേക്ഷകര്‍ക്ക് ഈ ഷോ വഴി പരിചയപ്പെടാന്‍ സാധിച്ചത്. ഇത്തവണ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരേയും ഷോയുടെ ഭാഗമാക്കിയിരുന്നു, അതുകൊണ്ട് തന്നെ ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ ഫോറിന് ആരാധകര്‍ ഇരട്ടിയായിരിന്നു.

ഇപ്പോഴിതാ മത്സരം അതിന്റെ അവസാന ലാപ്പില്‍ എത്തി നില്‍ക്കുകയാണ്. ഷോ അവസാനിക്കാന്‍ ഇനി രണ്ടാഴ്ചകൂടി ബാക്കി നില്‍ക്കെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വോട്ട് ചെയ്യാനും അവരെ പ്രോത്സാഹിപ്പിക്കാനുമുള്ള തിരക്കിലാണ് പ്രേക്ഷകര്‍, തുടക്കം മുതല്‍ പരിചയമുള്ള മുഖങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും പരിചയമില്ലാത്ത ഒരുപാട് മുഖങ്ങളും ഷോയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷങ്ങള്‍ ആയപ്പോഴേക്കും എല്ലാ മത്സരാര്‍ത്ഥികളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറി.

അതില്‍ ഒരുപാട് പേര്‍ മത്സരത്തിന്റെ ഓരോ ഘട്ടങ്ങളിലായി പുറത്ത് പോവുകയും ചെയ്തു. ഒരുപാട് സങ്കടത്തോടെയാണ് ഹൗസിലെ ഓരോ എവിക്ഷനും നടക്കാറുള്ളത്. ഈ പ്രക്രിയ തനിക്കും വിഷമം നല്‍കുന്നതാണ് എന്ന് അവതാരകന്‍ ആയ മോഹന്‍ലാലും പറഞ്ഞിരുന്നു. അവസാനമായി വിനയ് മാധവ് ആണ് ഷോയില്‍ നിന്ന് എവിക്റ്റഡ് ആയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ ഷോയുടെ പകുതി ഭാഗത്ത് വെച്ച് കയറിയ മത്സരാര്‍ത്ഥിയായിരുന്നു വിനയ്.

അതേസമയം, ഇനി ടൈറ്റില്‍ വിന്നര്‍ ആരാകും എന്നാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്. വാശിയേറിയ ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളില്‍ ഗംഭീര പ്രകടനം തന്നെയായിരുന്നു ഓരോ മത്സരാര്‍ത്ഥിയും കാഴ്ച്ചവെച്ചത്. ഒടുവില്‍ കൂടുതല്‍ പോയിന്റുകള്‍ നേടിക്കൊണ്ട് ദില്‍ഷയാണ് നേരിട്ട് ടോപ്പ് ഫൈവ് പൊസിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരം അതിന്റെ തൊണ്ണൂറാം ദിനത്തിലേക്കാണ് അടുക്കുന്നത്. ഷോ അവസാനിക്കാന്‍ ഇനി രണ്ടാഴ്ചകള്‍ മാത്രമേ ബാക്കി നില്‍ക്കേ, പ്രേക്ഷകര്‍ വിജയി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. ഇത്തവണ റോണ്‍സന്‍, റിയാസ്, ധന്യ, ബ്ലെസ്സ്‌ലി, ലക്ഷ്മിപ്രിയ എന്നിവരാണ് നോമിനേഷന്‍ പ്രക്രിയയില്‍ എത്തി ജനവിധി തേടുന്നത്.

Nikhina