
ബിഗ് ബോസ് മലയാളം സീസൺ 8ൽ നിന്ന് ഒരാൾ കൂടി പുറത്തായി. അഗ്നിപരീക്ഷ വിജയിച്ച് ആദ്യ വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസ് വീട്ടിലെത്തിയ ഷിബിനയാണ് ഇത്തവണ എവിക്ടായത്. കാളിക്കും റിനി ആൻ ജോർജിനും പിന്നാലെ സീസൺ 8ൽ നിന്ന് പുറത്താകുന്ന മൂന്നാമത്തെ മത്സരാർത്ഥിയാണ് ഷിബിന.
സുമേഷ്, ഗൗതം ശശി, രാകേഷ്, ഷിജിൻ, ജസീല, ഗായത്രി, കൊമ്പൻ, ഐശ്വര്യ, ഷിബിന, മൃദുല എന്നിവരായിരുന്നു ഈ ആഴ്ച നോമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നത്. ഷിബിനയുടെ പുറത്താകലോടെ ബിഗ് ബോസ് വീട്ടിൽ ഇനി 19 മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. എവിക്ഷന് പിന്നാലെ മോഹൻലാലിന് മുന്നിൽ സംസാരിച്ച ഷിബിന, പുറത്താകൽ അപ്രതീക്ഷിതമായിരുന്നുവെന്ന് പറഞ്ഞു. താനും താഷിയും ഒരുമിച്ചാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയതെങ്കിലും ഇരുവരും തങ്ങളുടേതായ രീതിയിലാണ് ഗെയിം കളിച്ചതെന്നും ഷിബിന വ്യക്തമാക്കി.
“വല്ലാത്തൊരു ഷോക്കായി പോയി. രണ്ട് പേർ ഒരുമിച്ചാണ് കയറിയതെങ്കിലും ഞാൻ ഞാനായിട്ടും താഷി താഷിയായിട്ടുമാണ് കളിച്ചത്. എന്ത് കാര്യമാണെങ്കിലും മുഖത്തടിച്ച് സംസാരിച്ചിട്ടുണ്ട്. ചിലപ്പോൾ അതാകും ഇപ്പോൾ പുറത്താകാൻ കാരണം. എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടാകാം. എന്റെ ബെസ്റ്റ് കൊടുത്തിട്ടാണ് നിന്നത്. അതിൽ എനിക്ക് സന്തോഷമുണ്ട്,” ഷിബിന പറഞ്ഞു.
ബിഗ് ബോസ് വീട്ടിൽ തനിക്ക് ഇനിയും ഗെയിം കളിക്കാനുണ്ടായിരുന്നുവെന്നും തന്റെ ഗെയിം സ്ട്രാറ്റജി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയാതെ പോയതിൽ വിഷമമുണ്ടെന്നും ഷിബിന കൂട്ടിച്ചേർത്തു. ഇതുവരെ പിന്തുണച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു. ഷിബിന മികച്ച മത്സരാർത്ഥിയായിരുന്നുവെന്നും മോഹൻലാൽ പ്രതികരിച്ചു.
അതേസമയം, അഗ്നിപരീക്ഷയിലെ പ്രകടനവും ബിഗ് ബോസ് വീട്ടിലെ ഗെയിമും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാതെ പോയതാണ് ഷിബിനയുടെ പുറത്താകലിന് കാരണമായതെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. അഗ്നിപരീക്ഷയിൽ ശ്രദ്ധ നേടിയ അതേ അഗ്രസീവ് സമീപനം ബിഗ് ബോസ് വീട്ടിൽ ചില ഘട്ടങ്ങളിൽ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
വളരെ സജീവമായി ഗെയിമിൽ ഇടപെട്ടിരുന്നെങ്കിലും ഷിബിനയുടെ ഇടപെടലുകൾ പലപ്പോഴും നെഗറ്റീവ് ഇംപ്രഷന് വഴിയൊരുക്കിയെന്നും അഭിപ്രായമുണ്ട്. ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയിൽ സഹമത്സരാർത്ഥികളുമായുള്ള ബന്ധത്തിനൊപ്പം പ്രേക്ഷകരിൽ ഉണ്ടാക്കുന്ന ഇംപ്രഷനും നിർണായകമാണ്. വീട്ടിലെ മറ്റ് മത്സരാർത്ഥികളെ പ്രകോപിപ്പിച്ചോ അസ്വസ്ഥരാക്കിയോ പെട്ടെന്ന് ശ്രദ്ധ നേടാനുള്ള ശ്രമങ്ങൾ ചിലപ്പോൾ തിരിച്ചടിയാകാമെന്നതിന്റെ ഉദാഹരണമായാണ് ഷിബിനയുടെ പുറത്താകലിനെ വിലയിരുത്തുന്നത്.












