ആദ്യദിനത്തില്‍ ആറ് കോടിയിലധികം നേടി ‘ഭ്രമയുഗം’!! വാലിബന്റെ റെക്കോര്‍ഡ് വീഴ്ത്തി

ആരാധകലോകം ഒന്നടങ്കം കാത്തിരുന്ന മെഗാസ്റ്റാര്‍ ചിത്രം ‘ഭ്രമയുഗം’ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ആരാധകലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പ്രതീക്ഷ കാത്തിരിക്കുകയാണ് ചിത്രം. ഇന്നത്തെ കാലത്ത് ബ്ലാക് ആന്റ് വൈറ്റ് ചിത്രം സ്വീകരിക്കപ്പെടും എന്നതാണ് ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ കാണിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ഇതിനോടകം തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുള്ളത്. കേരളത്തില്‍ നിന്ന് മാത്രം മെഗാസ്റ്റാര്‍ ചിത്രം 3.5 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു.

മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് ആഗോളതലത്തില്‍ 5.85 കോടി രൂപയാണ് ആദ്യ ദിവസം നേടാനായത്. ഭ്രമയുഗം വ്യത്യസ്ത സ്വഭാവത്തില്‍ വന്ന സിനിമയായിട്ടും ആഗോള ബോക്‌സ് ഓഫീസില്‍ ആറ് കോടി രൂപയില്‍ അധികം നേടിയത് ചിത്രത്തിന് പ്രേക്ഷക ലോകം നല്‍കിയ അംഗീകാരമാണ്.

ബുക്ക് മൈ ഷോയില്‍ ഇന്നലെ ഭ്രമയുഗം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം ടിക്കറ്റുകളാണ് ഇന്നലെ വിറ്റത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. മുന്‍കൂറായും കേരളത്തില്‍ നിന്ന് ഒരു കോടി രൂപയിലധികം ഭ്രമയുഗം നേടിയിട്ടുണ്ട്.

‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലറാണ് ചിത്രം. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തില്‍ വില്ലനായിട്ടാണ് മമ്മൂട്ടി എത്തിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ തിയ്യേറ്ററിലെത്തിയത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് എന്നിവരും ശ്രദ്ധേയമാ വേഷത്തിലെത്തിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്.