ബാധ്യത മുഴുവന്‍ അടച്ചുതീര്‍ത്ത് സഹപ്രവര്‍ത്തകര്‍!! രവീന്ദ്രന്‍ മാഷിന്റെ പ്രിയതമയ്ക്ക് സ്വന്തം കിടപ്പാടം നഷ്ടമാകില്ല

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്ന മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ശോഭയ്ക്ക് സഹായവുമായി സിനിമാ-സംഗീത പ്രവര്‍ത്തകരുടെ കൈത്താങ്ങ്. ശോഭ രവീന്ദ്രന്റെ മുഴുവന്‍ ബാധ്യതയും തീര്‍ത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍. സിനിമാപ്രവര്‍ത്തകര്‍,…

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്ന മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ശോഭയ്ക്ക് സഹായവുമായി സിനിമാ-സംഗീത പ്രവര്‍ത്തകരുടെ കൈത്താങ്ങ്. ശോഭ രവീന്ദ്രന്റെ മുഴുവന്‍ ബാധ്യതയും തീര്‍ത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍. സിനിമാപ്രവര്‍ത്തകര്‍, സംഗീത രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെയുള്ള സിനിമാ പ്രവര്‍ത്തകരാണ് രവീന്ദ്രന്‍ മാഷിനു വേണ്ടി ഒന്നിച്ചത്.

12 ലക്ഷം രൂപയാണ് ശോഭ രവീന്ദ്രന് ബാധ്യതയായി ഉണ്ടായിരുന്നത്. ഈ തുക പൂര്‍ണമായും പ്രവര്‍ത്തകര്‍ അടച്ചു തീര്‍ത്ത് ഫ്‌ലാറ്റിന്റെ ഡോക്യുമെന്റ് ശോഭ രവീന്ദ്രന് കൈമാറി. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്.

മുഴുവന്‍ ബാധ്യതയും തീര്‍ത്ത്, രവീന്ദ്രന്‍ മാഷിന്റെ ഭാര്യ ശോഭ ചേച്ചിക്ക് ഫ്‌ലാറ്റിന്റെ ഡോക്യുമെന്റ് വാങ്ങിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഗായകരുടെ കൂട്ടായ്മയായ സമം, യേശുദാസ് സര്‍, ശ്രീമതി.ചിത്ര, ശ്രീ.ജോണി സാഗരിക എന്നിവരുടെ സംഭാവനകളില്ലായിരുന്നെങ്കില്‍ ഇത് സാധ്യമാവില്ലായിരുന്നു. കൂടെ നിന്ന് പ്രവര്‍ത്തിച്ച പ്രിയപ്പെട്ട റോണി റഫേല്‍, ദീപക് ദേവ് ,സുദീപ് എന്നിവര്‍ക്ക് സ്‌നേഹം. ഫെഫ്ക മ്യൂസിക്ക് ഡയക്‌റ്റേഴ്‌സ് യൂണിയന്‍, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍, ലൈറ്റ്‌മെന്‍ യൂണിയന്‍, ഡ്രൈവേഴ്‌സ് യൂണിയന്‍, ഡയറക്‌റ്റേഴ്‌സ് യൂണിയന്‍, റൈറ്റേഴ്‌സ് യൂണിയന്‍ എന്നിവര്‍ക്ക് അഭിവാദ്യങ്ങള്‍. എല്ലാവര്‍ക്കും സ്‌നേഹം, നന്ദി.- ശോഭ രവീന്ദ്രന് ഡോക്യുമെന്റ് കൈമാറുന്ന ചിത്രവും പങ്കുവച്ച്
ഉണ്ണികൃഷ്ണന്‍ കുറിച്ചു.

രവീന്ദ്രന്‍ മാസ്റ്ററിനോടുള്ള ആദരസൂചകമായി ലഭിച്ച ഫ്‌ളാറ്റാണ് കടബാധ്യതയെ തുടര്‍ന്ന് പ്രിയതമയ്ക്ക് വില്‍ക്കേണ്ട അവസ്ഥയിലായത്. ‘രവീന്ദ്ര സംഗീത സന്ധ്യ’ എന്ന സംഗീതപരിപാടിയില്‍ വച്ചാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനി ശോഭയ്ക്ക് 25 ലക്ഷം രൂപയും ഫ്‌ലാറ്റും വാഗ്ദാനം ചെയ്തത്. ഫ്‌ലാറ്റിന്റെ താക്കോല്‍ ഈ പരിപാടിയുടെ വേദിയില്‍ വച്ചാണ് ശോഭയ്ക്ക് കൈമാറിയത്.

ശോഭ ഫ്‌ളാറ്റിലേക്ക് മാറിയെങ്കിലും വൈദ്യുതി കണക്ഷന്‍ പോലുമുണ്ടായിരുന്നില്ല. പലതവണ ശ്രമിച്ചിട്ടും ഫ്‌ലാറ്റിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി തയ്യാറായില്ല. കൂടാതെ അറ്റകുറ്റപ്പണികള്‍ക്കായി മാറേണ്ടതായി വന്നു. വായ്പക്കുടിശ്ശികയിലേക്ക് രണ്ടു ലക്ഷം കൊടുത്തെങ്കിലും ആ തുക ഫ്‌ലാറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഉപയോഗിച്ചത്. തുടര്‍ന്ന് വായ്പ കുടിശിക 12 ലക്ഷമായി ഉയര്‍ന്നു. പണം നല്‍കിയാലെ ഫ്‌ളാറ്റിന്റെ രേഖകള്‍ ലഭിക്കൂ എന്ന അവസ്ഥയില്‍ എത്തിയതോടെയാണ് വില്‍ക്കാന്‍ ഒരുങ്ങിയത്. ഇത് വാര്‍ത്തയായതോടെയാണ് താരങ്ങള്‍ സഹായിക്കാന്‍ തീരുമാനിച്ചത്.